പത്തനംതിട്ട: കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കോന്നി മല്ലശേരി പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരാണ് മരിച്ചത്.

അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറഴ്ച പുലര്‍ച്ചെ മണിയോടെ നടന്ന അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തില്‍ പൊലിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. കഴിഞ്ഞ നവംബര്‍ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. ഇവരുടെത് പ്രേമ വിവാഹമായിരുന്നു.

എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാന്‍ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയതായിരുന്നു അനുവിന്റെ പിതാവ് ബിജു ജോര്‍ജും നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും. ഈപ്പനും. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

കാര്‍ അമിതവേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും ഡ്രൈവര്‍ സതീഷ് പറയുന്നു. ബസ്സില്‍ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരാണ്. ഇവര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയാണ്. ബസിന്റെ മുന്‍ വശം നിശേഷം തകര്‍ന്നു.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട നവദമ്പതികള്‍ വിവാഹിതരായത് എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ്. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായിയും അനുവും ഒരേ ഇടവകക്കാരാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. തുടര്‍ന്നായിരുന്നു നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചാണ് ഇരുവരും വിവാഹിതരായത്. അവര്‍ ഇതുവരെ ജീവിച്ച് തുടങ്ങിയില്ലെന്നാണ് സംഭവസ്ഥലത്ത് എത്തിയബന്ധുക്കളിലൊരാള്‍ പ്രതികരിച്ചത്.

വിവാഹശേഷം മലേഷ്യയില്‍ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികള്‍ അപകടത്തില്‍പ്പെട്ടത്. വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമായപ്പോഴാണ് അപകടത്തിന്റെ രൂപത്തില്‍ ദുരന്തം എത്തിയത്. ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തില്‍ മരിച്ചു. മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജു പി ജോര്‍ജ്ജും തീരുമാനിച്ചിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. വീട് എത്തുന്നതിന് 7 കിലോമീറ്റര്‍ മുന്‍പ് അപകടം സംഭവിച്ചു.

അമിതവേഗത്തില്‍ എത്തിയ കാര്‍ തെലങ്കാനയില്‍ നിന്നുള്ള ശബരിബല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അനുവിന്റെ അച്ഛന്‍ ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിന്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.