- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധര്‍മ്മത്തിന്റെ പാഠം ഭരതനേക്കാള്‍ നന്നായി മറ്റാരും പഠിച്ചിട്ടില്ല; ശ്രീരാമ അനുജന്റെ ത്യാഗ മനോഭാവവും സഹോദര സ്‌നേഹവും രാമായണത്തെ പ്രസക്തമാക്കുന്ന സുവര്‍ണ്ണ ഏട്; ആ ഈശ്വര പ്രതിഷ്ഠയുള്ള കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നാട്ടുകാരുടെ പൂക്കളം പുറത്ത്; ഇരിങ്ങാലക്കുടയിലെ സായാഹ്ന കൂട്ടായ്മയെ നിരാശരാക്കുന്നത് ആര്? കഴകം രാജിയും ആന ഇടച്ചലിനും പിന്നാലെ ഭക്തരുടെ കണ്ണീരും ആ മുറ്റത്ത് വീണു; ഒരു ദേവസ്വം അനീതിക്കഥ
ഇരിങ്ങാലക്കുട: കൂടല്‍ മാണിക്യത്തപ്പന് ഇത്തവണ നാട്ടുകാരുടെ വക അത്ത പൂക്കളം ഇല്ല. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അത്തപ്പൂക്കളം ഇടാനുള്ള നീക്കം ദേവസ്വം തടഞ്ഞത് വിവാദവുമാകുന്നു. രാത്രിയില്‍ പോലീസിനെ വിളിച്ചു വരുത്തിയാണ് പുക്കളം ഇടല്‍ തടഞ്ഞത്. സംഗമേശന്റെ തിരുനടയില്‍ കഴിഞ്ഞ 26 വര്‍ഷമായി ഇട്ടു പോന്നിരുന്ന പൂക്കളം ഇക്കുറി ഇടാന്‍ കഴിയാത്ത വിഷമത്തില്‍ സായാഹ്ന കൂട്ടായ്മ അംഗങ്ങള്‍. തൃശ്ശൂര്‍ ജില്ലയിലെ നാലമ്പലങ്ങളില്‍ പ്രശസ്തമാണ് ഇരിഞ്ഞാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രം.
ഹൈന്ദവവിശ്വാസപ്രകാരം ശ്രീരാമന്റെ അനുജനായ ഭരതന്റെ (സംഗമേശ്വരന്‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം ക്ഷേത്രം. ഭരതന്‍ എന്നാണ് സങ്കല്പം എങ്കിലും പ്രതിഷ്ഠ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റേതാണ്. ദ്വാരക സമുദ്രത്തില്‍ മുങ്ങിതാണുപോയപ്പോള്‍ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി (ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍) വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ഒഴുകിനടക്കുവാന്‍ തുടങ്ങി. ഈ വിഗ്രഹങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതെന്നാണ് വിശ്വാസം. തീവ്രാനദിക്കരയില്‍ ശ്രീരാമക്ഷേത്രവും(തൃപ്രയാര്‍ ശ്രീരാമക്ഷേത്രം),കുലീപിനിതീര്‍ത്ഥകരയില്‍ ഭരതക്ഷേത്രവും (ശ്രീ കൂടല്‍മാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂര്‍ണ്ണാനദിക്കരയില്‍ ലക്ഷ്മണക്ഷേത്രവും( തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്‌നക്ഷേത്രം (പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം)എന്നീക്രമത്തില്‍ ക്ഷേത്രനിര്‍മ്മാണം നടക്കുകയും ചെയ്തു. ചിങ്ങമാസത്തിലെ നാലമ്പല ദര്‍ശനം ഏറെ പ്രസിദ്ധവുമായി. ഇത്രയും പ്രസിദ്ധമായ ക്ഷേത്രത്തിലാണ് അത്തപ്പൂക്കള വിവാദം ഉണ്ടാകുന്നത്. ധര്‍മ്മത്തിന്റെ പാഠം ഭരതനേക്കാള്‍ നന്നായി മറ്റാരും പഠിച്ചിട്ടില്ല എന്നാണ് രാമയണ കഥ പകര്‍ന്നു തരുന്ന സന്ദേശങ്ങളിലുണ്ട്. ജേഷ്ഠനായ രാമനുപകരം താന്‍തന്നെ വനവാസത്തിനു പോകാമെന്നും പറഞ്ഞ ഭരതന്റെ ത്യാഗമനോഭാവവും, സഹോദര സ്‌നേഹവും എല്ലാം രാമയണത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഏടാണ്.
കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനടയില്‍ 'സായാഹ്നകൂട്ടായ്മ'യെ ഒഴിവാക്കി ദേവസ്വം നേരിട്ട് പൂക്കളമിടാന്‍ രംഗത്തെത്തിയത് നേരത്തെ തന്നെ വിവാദമായിരുന്നു. ഉത്രാടം, തിരുവോണനാളുകളില്‍ മെഗാ പൂക്കളമടക്കം ഓണനാളുകളില്‍ പത്തുദിവസം വര്‍ഷങ്ങളായി കൂടല്‍മാണിക്യം സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തിലാണ് കിഴക്കേനടയില്‍ പൂക്കളമിടാറുള്ളത്. കഴിഞ്ഞ വര്‍ഷം ദേവസ്വം കിഴക്കേനടയില്‍ രണ്ടു പൂക്കളങ്ങള്‍ ഒരുക്കി. ഈ വര്‍ഷം ക്ഷേത്രത്തിനു മുന്നില്‍ പൂക്കളമിടുമെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ദേവസ്വം പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. ക്ഷേത്രപരിസരത്ത് പൂക്കളം ഒരുക്കുന്നത് ദേവസ്വം അനുമതിയോടെ മാത്രമേ പാടുള്ളൂവെന്നും അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി സായാഹ്നകൂട്ടായ്മയുടെ നേതൃത്വത്തില്‍ പൂക്കളത്തിന് ഡിസൈന്‍ വരച്ചെങ്കിലും ദേവസ്വം അനുമതി നിഷേധിക്കുകയായിരുന്നു. പോലീസെത്തി ചര്‍ച്ചനടത്തിയെങ്കിലും ക്ഷേത്രം അധീനതയിലുള്ള സ്ഥലത്ത് അനുമതിയില്ലാതെ പൂക്കളമൊരുക്കാന്‍ പറ്റില്ലെന്ന നിലപാട് ദേവസ്വം സ്വീകരിച്ചതോടെ സായഹ്നകൂട്ടായ്മ പ്രതിനിധികള്‍ മടങ്ങിപ്പോയി.
കൂടല്‍മാണിക്യം സായാഹ്നകൂട്ടായ്മ 26 വര്‍ഷങ്ങളിലേറെയായി ക്ഷേത്ര തിരുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കിയിരുന്നു. ഈ വര്‍ഷവും പതിവ് പോലെ അത്തം തൊട്ട് തിരുവോണം വരെ ഭക്തരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അമ്പലത്തിന്റെ കിഴക്കേ നടയില്‍ പൂക്കളം ഒരുക്കുവാന്‍ കൂട്ടായ്മ തീരുമാനിച്ചിരുന്നു. സായാഹ്ന കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് മെഗാ പൂക്കളം ഒരുങ്ങുന്നത് രണ്ടു ദശാബ്ദ കാലത്തിലധികമായി നടന്നു വരുന്നതാണ്. ചിത്രങ്ങള്‍ എടുക്കാനും സെല്‍ഫി എടുക്കാനും പൂക്കളത്തിന് ചുറ്റും കൗതുകത്തോടെ കാഴ്ചക്കാര്‍ ഒത്തുകൂടുന്നതും പതിവാണ്. എന്നാല്‍ ഈ വര്‍ഷം അത്ത ദിവസം തന്നെ പൂക്കളം ഒരുക്കുന്നത് വിവാദമായി. പോലീസ് ഇടപെടലില്‍ കൂട്ടായ്മ് പ്രതിനിധികള്‍ പൂക്കളം തീര്‍ക്കാതെ മടങ്ങി. ക്ഷേത്രത്തിന്റെ തിരുനടയില്‍ പോലീസിനെ വിളിച്ചു വരുത്തി പൂക്കളം ഒരുക്കുന്നത് തടസ്സപ്പെടുത്തിയെന്നാണ് ആരോപണം. പൂക്കളം ഒരുക്കുന്നതിന് പുറമെ വര്‍ഷങ്ങളായി ഭക്തരുടെ കൂട്ടായ്മ ആനയൂട്ട് സപ്താഹം തുടങ്ങിയ ചടങ്ങുകളും നടത്തി വരുന്നുണ്ട്. ഇടത്പക്ഷ ഭരണസമിതി കുറച്ച് കാലമായി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപണം ഉയരുകയാണ്.
അതേസമയം, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പേരും പരിസരവും ദുരുപയോഗിച്ച് പണപ്പിരിവ് നടത്തുന്ന വിവിധ കൂട്ടായ്മകള്‍ക്കെതിരെ രൂക്ഷമായ ആരോപണവുമായി നേരത്തെ ദേവസ്വം അധികൃതര്‍ രംഗത്ത് വന്നിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികളെന്ന വ്യാജേന നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള ദേവസ്വത്തിന്റെ ശ്രമങ്ങളാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍. ഈ ഭരണസമിതി അധികാരത്തില്‍ വന്നശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരിട്ടു നടത്തുകയെന്നതാണ് നയമെന്ന് ദേവസ്വം ചെയര്‍മാന്‍ സി.കെ. ഗോപി പറഞ്ഞിരുന്നു. 26 വര്‍ഷമായി കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഓണത്തിന് തങ്ങള്‍ പൂക്കളം ഒരുക്കിവരുന്നതാണെന്ന് സായാഹ്ന കൂട്ടായ്മ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദേവസ്വം പൂക്കളമിട്ടപ്പോള്‍ കൂട്ടായ്മയ്ക്കും പൂക്കളമിടാന്‍ അനുമതി ലഭിച്ചിരുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട കഴകം ജീവനക്കാരന്‍ രാജിവച്ചത് അടക്കം നിരവധി വിവാദങ്ങള്‍ അടത്ത കാലത്തുണ്ടായിരുന്നു. തന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന ഈ ആരോപണത്തില്‍ നാട്ടുകാര്‍ അടക്കം രണ്ടു തട്ടിലായിരുന്നു. ഇതെല്ലാം പൂക്കളം ഒഴിവാക്കലിലും നിര്‍ണ്ണായകമായി എന്നാണ് വിലയിരുത്തല്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ആനയൂട്ടിന് എത്തിച്ച ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയും അമ്പാടി മഹാദേവന്‍ എന്ന ആനയുമാണ് തമ്മില്‍ ഇടഞ്ഞത്.ആനയൂട്ട് കഴിഞ്ഞ് മടങ്ങവെ കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെ കൊളക്കാടന്‍ കുട്ടിശങ്കരന്‍ അമ്പാടി മഹാദേവനെ കുത്താന്‍ ശ്രമിച്ചു. ഇതിനിടെ കൊളക്കാടന്‍ കുട്ടിശങ്കരന്റെ പുറത്തിരുന്ന പാപ്പാന്‍ ഷൈജു താഴെ വീണ് തോളിന് പരിക്ക് പറ്റി.തുടര്‍ന്ന് പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ആനകളെയും തളച്ചു.സംഭവത്തെ തുടര്‍ന്ന് ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ക്ക് വീണു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.