കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് ചികിത്സക്കുള്ള പണം കണ്ണൂർ വനിതാ ജയിലിലേക്ക് മണി ഓർഡറായി നൽകാൻ കോടതി നിർദേശിച്ചു. കൂടത്തായി പരമ്പരയിലെ റോയ് തോമസ് വധക്കേസ് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജ് എസ് ആർ ശ്യാംലാൽ കേസ് പരിഗണിച്ചപ്പോഴാണ് ജോളി ചികിത്സാ ചെലവിനായി സ്വന്തം അക്കൗണ്ടിലെ പണം അനുവദിക്കണമെന്ന് അപേക്ഷിച്ചത്.

ഇതിനായി ജയിലധികൃതർ ട്രഷറി അക്കൗണ്ട് വിവരങ്ങൾ നൽകിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ജയിലിലേക്ക് മണി ഓർഡറായി പണം നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു. ജയിലിൽ കഴിയുന്ന ജോളി ഓൺലൈനായാണ് ഹാജരായത്. കൂടത്തായി പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷിവിസ്താരം തുടങ്ങുന്നത് ഫെബ്രുവരി നാലിന് തീരുമാനിക്കും. വ്യാഴാഴ്ച പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി എ ആളൂർ കൂടുതൽ സമയം നൽകാൻ അപേക്ഷിക്കുകയായിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

കേസിൽ ജോളിയടക്കം നാലു പ്രതികൾക്ക് കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി, സയനൈഡ് നൽകിയെന്ന് ആരോപണമുയർന്ന ജൂവലറി ജീവനക്കാരൻ മഞ്ചാടിയിൽ എം.എസ്. മാത്യു എന്ന ഷാജി, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസിയത്ത് നിർമ്മിച്ചുവെന്ന് കുറ്റം ചുമത്തപ്പെട്ട മനോജ് കുമാർ എന്നിവരാണ് പ്രതികൾ.

ജോളി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ ആദ്യ ഭർത്താവ് റോയ് തോമസിനെ മറ്റു പ്രതികളുടെ സഹായത്തോടെ ഭക്ഷണത്തിൽ വിഷം നൽകി കൊന്നുവെന്ന കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. കേസിൽ കുറ്റവിമുക്തയാക്കണമെന്ന ഹരജി പ്രത്യേക കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ ജോളിയുടെ അപേക്ഷ വാദം കേൾക്കാനും രേഖകൾ പരിശോധിക്കാനും ഹൈക്കോടതി ഫെബ്രുവരിക്ക് മാറ്റിയിരിക്കുകയാണ്.

പ്രതിഭാഗത്തിനായി അഡ്വ. ആളൂരിനൊപ്പം അഡ്വ. ഹിജാസ് അഹമ്മദും ഹാജരായി. സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടിയും ഹാജരായി. ജോളി കണ്ണൂർ വനിത ജയിലിലും മാത്യു കോഴിക്കോട് ജില്ല ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. മറ്റു പ്രതികൾ ജാമ്യത്തിലാണ്. സ്വത്ത് തട്ടിയെടുക്കാനായിരുന്നു ജോളി ആറുകൊലപാതകങ്ങൾ നടത്തിയത്. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്നാണ് പൊലിസ് കണ്ടെത്തൽ.

സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്ത് . അതുമായി ബന്ധപ്പെട്ട് നൽകിയ ഒരു പരാതി .അതാണ് വെറും മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്.പൊന്നാമറ്റത്തെ മരുമകൾ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്.. . 2002 ലാണ് ആദ്യ കൊലപാതകം ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസം കുഴഞ്ഞു വീണു മരിച്ചു. ആറുവർഷത്തിനുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്,മൂന്നു വർഷത്തിനു ശേഷം ഇവരുടെ മകൻ റോയി തോമസ്.നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരൻ എംഎം മാത്യുവിന്റേത് ആയിരുന്നു.തൊട്ടടുത്ത മാസം ഷാജുവിന്റെ ഒരു വയസുള്ള മകൾ ആൽഫൈൻ.

2016 ൽ ഷാജുവിന്റെ ഭാര്യ സിലി. ഇതിൽ റോയ്‌തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷെ ആത്മഹത്യയാണെന്നായിരുന്നു നിഗമനം.അത് അങ്ങനെയാക്കാൻ ജോളി ശ്രമിച്ചു. റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്‌പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറുന്നു.റൂറൽ എസ്‌പി കെ.ജി സൈമണിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി നടന്ന അന്വേഷണം. . ഏറ്റവും ഒടുവിൽ കല്ലറകൾ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയുടെ അറസ്റ്റ്.

ജോളിക്കായി സയനൈഡ് ശേഖരിച്ചത് സൃഹൃത്ത് എം.എസ് മാത്യു. സയനൈഡ് നൽകിയത് സ്വർണപണിക്കാരൻ പ്രിജുകുമാർ.എന്നിവരും അറസ്റ്റിലായി. ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ് മാത്യുവും ജയിലിലാണ്. ഇതിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയ് തോമസിന്റെ ശരീരത്തിൽ നിന്നായിരുന്നു. ആറു കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നാണെന്നാണ് കുറ്റപത്രം. സിലിയുടെ ആന്തരീകാവയവങ്ങളിൽ നടത്തിയ പരിശോധനയിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ്.