- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലിശ നിരക്കിൽ സംശയം തോന്നിയപ്പോൾ പരാതി നൽകി; ആർബിഐയിലെ നടപടികൾ സത്യം കണ്ടെത്തി; വൺ ടൈം സെറ്റിൽമെന്റിന് സമയം ഉണ്ടായിരിക്കെ അപ്രതീക്ഷിത ജപ്തി; ഒരു കുടുംബത്തെയാകെ തെരുവിലാക്കി കേരളാ ബാങ്ക്; ഇത് കൂത്തുപറമ്പിലെ ക്രൂരത; സുഹ്റയും അമ്മയും മക്കളും പെരുവഴിയിൽ
കൂത്തുപറമ്പ്: വീണ്ടും ജപ്തി ക്രൂരത. കൂത്തുപറമ്പ് പുറക്കളം സ്വദേശി സുഹ്‌റയുടെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. ഭവനവായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് വയോധിക ഉൾപ്പെടെയുള്ള നാലംഗ കുടുംബത്തെ പുറത്താക്കി. സുഹ്‌റയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർത്ഥിയുമായ മകളും ഉൾപ്പെടെയുള്ള കുടുംബവും ഇതോടെ പെരുവഴിയിലായി. വീട് വിറ്റ് പണം തിരിച്ചടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ലെന്നാണ് സുഹ്റ പറയുന്നത്.
ജപ്തി ചെയ്തു വീടുപൂട്ടി സീൽ ചെയ്ത കേരളാ ബാങ്കിന്റെ നടപടിയിൽ ഇടപെടുമെന്ന് കൂത്തുപറമ്പ് മണ്ഡലം എം.എൽ എ കെ.പി മോഹനൻ പറഞ്ഞു. ബാങ്ക് ജപ്തി ചെയ്ത നടപടിയിൽ വൺ ടൈം സെറ്റിൽമെന്റിന് ശ്രമിക്കും. ഈ കാര്യം ബാങ്ക് അധികൃതരുമായി ചർച്ച നടത്തുമെന്ന് എംഎൽഎ അറിയിച്ചു. കുത്തുപറമ്പിലാണ് കേരളാ ബാങ്ക് കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത്. ഇതുകാരണം യുവതിയും വൃദ്ധ മാതാവും വിദ്യാർത്ഥിയായ മകളും മകനും വീടിന് പുറത്താണ് കഴിയുന്നത്.
കൂത്തുപറമ്പ് പുറക്കളം സ്വദേശി പിഎം സുഹ്‌റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്. ഭവന വായ്പ എടുത്ത ഇവർ പലിശയടക്കം 19 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് നടപടി. അതേസമയം ഈ മാസം 15 വരെ ബാങ്ക് തന്നെ നൽകിയ നോട്ടീസ് പ്രകാരമുള്ളസമയ പരിധി നിലനിൽക്കെയാണ് ജപ്തിയെന്നാണ് അറിയുന്നത്. 2012ലാണ് ഇവർ പത്ത് ലക്ഷം രൂപ വായ്പയെടുത്തത്. വീട് വിറ്റ് ലോണടക്കാൻ ഒരുക്കമാണെന്ന് കുടുംബം വ്യക്തമാക്കിയിട്ടും കോടതി നിർദ്ദേശപ്രകാരമാണ് ജപ്തിയെന്ന് ബാങ്ക് അധികൃതർ പറയുന്നത്.
തിരിച്ചടവിന് മതിയായ സമയം ഇവർക്ക് നൽകിയിരുന്നുവെന്നും ബാങ്ക് വിശദീകരിച്ചു. എന്നാൽ ബാങ്ക് പറയുന്ന കാര്യങ്ങൾ തെറ്റാണെന്നാണ് സുഹ്‌റ പറയുന്നത്. നേരത്തെ കൃത്യമായി അടച്ചു വന്നിരുന്ന വായ്പയാണിത്. എന്നാൽ ബാങ്ക് പലിശ നിരക്ക് ഈടാക്കുന്നതിൽ സംശയമുണ്ടായതിനെ തുടർന്ന് താൻ ഈ കാര്യം വ്യക്തമാക്കുന്നതിനായി നിവേദനം നൽകിയെങ്കിലും ബാങ്ക് അതിന് തയ്യാറായില്ലെന്നും സുഹ്‌റ പറഞ്ഞു. തുടർന്ന് ആർ.ബി.ഐയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് താൻ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയുകയും ചെയ്തുവെന്നാണ് സുഹ്‌റ പറയുന്നത്.
ആർബിഐയ്ക്ക് പരാതി നൽകിയ പ്രതികാരമാണ് ജപ്തിക്ക് കാരണമെന്ന വാദവും ശക്തമാണ്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ് കേരളാ ബാങ്ക്. തന്റെ വീടു വിറ്റെങ്കിലും ബാങ്കിന് നൽകാനുള്ള തിരിച്ചടവ് നടത്തുമെന്നും ഇതിനായി ഗഡുക്കളായി അടയ്ക്കാനുള്ള സാവകാശം നൽകണമെന്നുമാണ് സുഹ്‌റ പറയുന്നത്. വയോധികയായ മാതാവും സുഹ്‌റയും മകളും ഒരു മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പത്തു ലക്ഷം രൂപയാണ് സുഹ്‌റ അടയ്ക്കാനുള്ളത് ഇപ്പോൾ പലിശയടക്കം 19 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളതെന്നാണ് കേരള ബാങ്ക് കുത്തുപറമ്പ് ബാങ്ക് സെക്രട്ടറി പറയുന്നത്. 2014 ലാണ് സുഹ്‌റ ബാങ്കിൽ നിന്നും പണമെടുത്തത്ത്. ഇതിൽ തിരിച്ചടവ് വീഴ്‌ച്ച വന്നതിനെ തുടർന്ന് കോടതി മുഖേനെയാണ് ബാങ്ക് നടപടി സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സുഹ്‌റയുടെ വയോധികയായ മാതാവ് മാത്രമുള്ള സമയത്ത് ബാങ്ക് അധികൃതരെത്തി മുൻവാതിലിൽ നോട്ടീസ് പതിപ്പിച്ചു വീടുപൂട്ടിയത്.
ഒരു പായ മാത്രമേ ഇവർ വീട്ടിൽ നിന്നും പുറത്തു വെച്ചിട്ടുള്ളൂ. പ്രാഥമിക കൃത്യങ്ങൾ ഉൾപെടെ നിർവഹിക്കാൻ വീട്ടുകാർ അയൽ വീടുകളെയാണ് ആശ്രയിക്കുന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടു കൂടിയായിരുന്ന ജപ്തി നടപടി. പ്ലസ് വൺ വിദ്യാർത്ഥിനിയായ കുട്ടി സ്‌കൂളിൽ നിന്ന് തിരികെയെത്തി വസ്ത്രം മാറാനുള്ള സൗകര്യം പോലും നൽകിയില്ലെന്ന് സുഹ്റ പറയുന്നു. എൺപത് വയസ്സുള്ള മാതാവിനൊപ്പം രാത്രി സുഹ്റയും മകളും വീടിന് വെളിയിലിരിക്കുകയായിരുന്നു.
2012ലാണ് വീട് നിർമ്മാണത്തിനായി കേരള സഹകരണ ബാങ്കിന്റെ മമ്പറം ശാഖയിൽ നിന്ന് 10 ലക്ഷം രൂപ ഇവർ ലോണെടുക്കുന്നത്. ഇതിൽ നാലര ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നാൽ ഇനിയും പത്തൊമ്പത് ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് ഇവരോട് നിർദേശിച്ചിരിക്കുന്നത്. ഇതിൽ സാവകാശം ആവശ്യപ്പെട്ട് കുടുബം മന്ത്രിമാർക്കുൾപ്പടെ നിവേദനം നൽകിയെങ്കിലും കാര്യത്തിൽ നടപടിയുണ്ടായില്ല. ഇതിന് ശേഷം തികച്ചും അപ്രതീക്ഷിതമായാണ് വീട്ടിലേക്ക് ബാങ്ക് അധികൃതരെത്തി ജപ്തി നടപടികൾ പൂർത്തിയാക്കി വീട് സീൽ ചെയ്യുന്നത്.
വീട് കേരള സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോർഡും വെച്ചിട്ടുണ്ട്. വീടിനടുത്തുള്ള ഡ്രൈവിങ് സ്‌കൂളിലെ താല്ക്കാലിക ജീവനക്കാരിയാണ് സുഹ്റ. സുഹ്റ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്തിരുന്നു. പിന്നാലെയാണ് മകൾ സ്‌കൂളിൽ നിന്നുമെത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്