കണ്ണൂർ : സംസ്ഥാനത്തെ പതിനാറാമത്തെ സബ് ജയിലായി കൂത്തുപറമ്പിൽ പണിതീർത്ത ജയിലിൽ തസ്തിക സൃഷ്ടിച്ചെങ്കിലും നിയമനം നടത്താത്തിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. സമീപത്തെ ജയിലുകളിലെ സെല്ലുകളിൽ പ്രതികളെ കിടത്താൻ സ്ഥലമില്ലാതെ നിറയുമ്പോഴാണ് എല്ലാം സജ്ജമായിട്ടും കൂത്തുപറമ്പിലെ ജയിൽ തുറക്കാൻ സർക്കാർ മടിക്കുന്നത്. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽ നിന്നും റിമാൻഡ് ചെയ്യുന്ന പ്രതികളെ പാർപ്പിക്കാനാണ് കൂത്തുപറമ്പിൽ സ്പെഷൽ സബ് ജയിൽ പണിതത്.

കഴിഞ്ഞ ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കൂത്തുപറമ്പ് സബ് ജയിൽ നാടിന് സമർപ്പിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിടുമ്പോഴും ജീവനക്കാരെ നിയമിക്കാനുള്ള യാതൊരു നടപടിയുമുണ്ടായില്ലെന്നതാണ് ശ്രദ്ധേയം. സൂപ്രണ്ട് ഉൾപ്പെടെ 41 തസ്തികയാണ് കൂത്തുപറമ്പ് സബ് ജയിലിന് അനുവദിച്ചിട്ടുള്ളത്. പകുതി പേരെയെങ്കിലും നിയമിച്ചാൽ മാത്രമേ ജയിലിന്റെ പ്രവർത്തനം ആരംഭിക്കാനാകൂ.

പഴയ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്റെ സ്ഥലത്ത് സർക്കാർ അധികമായി വിട്ടു നൽകിയ 48.5 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളടങ്ങിയ ജയിലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 3.30 കോടി രൂപയായിരുന്നു സബ് ജയിലിന്റെ നിർമ്മാണ് ചെലവ്.കൂത്തുപറമ്പ് മട്ടന്നൂർ കോടതികളിൽ നിന്നുള്ള റിമാൻഡ് പ്രതികളെ പാർപ്പിക്കുകയായിരുന്നു സബ് ജയിലിന്റെ ലക്ഷ്യം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നീടുമ്പോഴും സബ്ജയിലിലെ ജയിലറകൾക്ക് ആളനക്കമില്ല. ഉടൻ ജയിലിൽ രണ്ട് നില കെട്ടിടം കൂടെ നിർമ്മിക്കാനും തീരുമാനമുണ്ട്. അത് പൂർത്തിയായാൽ ഇരു നില കെട്ടിടത്തിൽ ജയിൽ ഓഫിസും മൂന്ന് സെല്ലുകളും വരും. പല കാരണങ്ങളാൽ നിർമ്മാണ പ്രവൃത്തി പൂർത്തിയാകുന്നത് വൈകുകയായിരുന്നു.

ബ്രിട്ടിഷുകാർ ജയിലിനായി നിർമ്മിച്ച കെട്ടിടം അതേപടി പുതിയ സ്പെഷൽ സബ്ജയിലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഓട് മേഞ്ഞ പഴയ മേൽക്കൂരയ്ക്ക് പകരം ഷീറ്റ് പാകി.
മജിസ്ട്രേട്ട് കോടതി കെട്ടിടത്തിന്റെ ഒരു ഭാഗമാണ് അന്ന് സബ് ജയിലായും പൊലീസ് സ്റ്റേഷൻ മുറിയായും പ്രവർത്തിച്ചത്. 1970 വരെ കൂത്തുപറമ്പിൽ സബ് ജയിൽ പ്രവർത്തിച്ചിരുന്നു. കുറച്ചു കാലം സർക്കിൾ ഇൻസ്പെക്ടർ ഓഫിസായിരുന്ന ഈ കെട്ടിടം പൊളിക്കാതെ നിലനിർത്താനും സബ് ജയിലിന്റെ ഭാഗമാക്കാനുമാണ് തീരുമാനം.

അടിയന്തരാവസ്ഥകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പ് ചെയ്ത മുറിയും ഇതിന്റെ ഭാഗമായി സംരക്ഷിച്ചിട്ടുണ്ട്.  ആറു മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന സുരക്ഷാ ഭിത്തിയുമുണ്ട്. 2020 ഫെബ്രുവരി 8ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സബ് ജയിലിന് തറക്കല്ലിട്ടത്. സംസ്ഥാനത്തെ ജയിലുകൾക്ക് താങ്ങാനാവുന്നതിലും കൂടുതലാണ് അന്തേവാസികളുടെ എണ്ണം.

നിലവിൽ ജയിലുകളിലെ ശേഷി 6017 പേരാണ്. പുരുഷന്മാർ 5634, വനിതകൾ 382, ട്രാൻസ്ജെൻഡർ ഒന്ന് എന്നിങ്ങനെ. എന്നാൽ അടുത്തിടെയുള്ള കണക്കുപ്രകാരം ആകെ തടവുകാർ 8161 ആണ്. 966 പേർ പരോളിലാണ്. ബാക്കി 7195 പേർ 55 ജയിലിലായി തിങ്ങിക്കഴിയുന്നു. ഇതിൽ 147 പേർ വനിതാ തടവുകാരാണ്. ഇവർക്കൊപ്പം നാല് കുട്ടികളുമുണ്ട്. തൃക്കാക്കരയിലെ ബോസ്റ്റൽ സ്‌കൂളിൽ 71 പേരുണ്ട്. ട്രാൻസ്ജെൻഡർ ഇല്ല.തിരുവനന്തപുരം സെൻട്രൽ ജയിലിൽ 734 തടവുകാരെയാണ് പാർപ്പിക്കാനാകുക.

എന്നാൽ 986 പേരുണ്ട്. വിയ്യൂരിൽ 560ഉം 645ഉം ആണ്. കണ്ണൂരിൽ 986 തടവുകാരെ പാർപ്പിക്കാമെങ്കിലും 794 പേരാണ് ഉള്ളത്. തിരുവനന്തപുരം വനിതാ ഓപ്പൺ ജയിൽ, വനിതാ ജയിൽ, വിയ്യൂർ, കണ്ണൂർ വനിതാ ജയിൽ, മറ്റ് ജയിലുകൾ എന്നിവിടങ്ങളിൽ 428 വനിതാ തടവുകാരെ പാർപ്പിക്കാമെങ്കിലും 147 പേരാണ് ഉള്ളത്.റിമാൻഡ്, വിചാരണ തടവുകാരെ അതത് ജില്ല, സ്പെഷ്യൽ, സബ് ജയിലുകളിൽ പാർപ്പിക്കാൻ ആകാത്തതിനാലാണ് സെൻട്രൽ ജയിലുകളിൽ ആളുകൾ കൂടുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ 242 പേർ റിമാൻഡ്, വിചാരണത്തടവുകാരാണ്.