മൂന്നാർ: മാട്ടുപ്പെട്ടി കൊരണ്ടിക്കാട് ഭൂമിപ്രശ്നത്തിൽ മൂന്നാർ സി ഐയുടെ അനാവശ്യ ഇടപെടലിനെതിരെ ഡിജിപിക്ക് പരാതി. കൊരണ്ടിക്കാട് എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷൻ നിവാസികളായ ശങ്കർ, ശിവകുമാർ എന്നിവരാണ് സിഐ യുടെ വിവാദ ഇടപെടലിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുള്ളത്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഡിജിപി ഹെഡ് ക്വാർട്ടേഴ്‌സ് സ്‌പെഷ്യൽ സെൽ എസ്‌പി ക്ക് കൈമാറി.

കൊരണ്ടിക്കാട് ഭാഗത്ത് കണ്ണൻ ദേവൻ ഹിൽസ് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട് 1971 നിലനിൽക്കുന്നതും തോട്ടങ്ങളുടെ സ്ഥാപിത കുടുംബാംഗങ്ങൾക്ക് അവകാശപ്പെട്ടതുമായ ഭൂമി തങ്ങൾക്ക് അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികളും ആശ്രിതരും അടങ്ങുന്ന നാട്ടുകാർ റവന്യൂ അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത്തരത്തിൽ അപേക്ഷ നൽകിയവരിൽ പരാതിക്കാരായ ശിവകുമാറും ശങ്കറും ഉൾപ്പെടും. ഭൂമി അളന്നുതിരിച്ച് നൽകണമെന്നും പട്ടയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് മാസങ്ങൾക്ക് മുമ്പെ ഇവർ അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ ഈ പ്രദേശത്തെ ഭൂമി കണ്ണൻദേവൻ കമ്പനി ജീവനക്കാർ അന്യായമായി കൈയേറി വേലി നിർമ്മിക്കുന്നുവെന്നും തങ്ങളുടെ ഉപജീവനമാർഗ്ഗമായ കുതിരയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞമാസം 17-ന് ശിവകുമാറും ശങ്കറും ചേർന്ന് മൂന്നാർ സി ഐയ്ക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സി ഐ ഇടപെട്ടില്ലന്നുമാത്രമല്ല, ഈ മാസം 1 -ന് പരാതിക്കാരായ തങ്ങളുടെ മേൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് കേസിൽപ്പെടുത്താൻ ശ്രമിച്ചെന്നും ഇരുവരും പരാതിയിൽ പറയുന്നു.

വൈകിട്ട് മൂന്നരയോടെ സി ഐ മനേഷ് കെ പൗലോസ്,എസ്‌ഐ നിസാർ എന്നിവർ ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തുകയും തങ്ങൾ നൽകിയ പരാതിയിലെ എതിർവിഭാഗക്കാരെ സഹായിക്കുന്ന തരത്തിൽ പെരുമാറിയെന്നും ഇതുവഴി പൊതുസമൂഹത്തിന് മുന്നിൽ തങ്ങളെ മോശക്കാരാക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് സി ഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇവർ ആരോപിച്ചു.

പൊലീസ് ഉദ്യോഗസ്ഥരും കണ്ണൻ ദേവൻ കമ്പനിയുടെ അൻപതോളം വരുന്ന ഗുണ്ടകളും ചേർന്ന് തങ്ങളെ കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്നും വിനോദ സഞ്ചാരികൾക്ക് സഫാരിക്കായി നൽകിയിരുന്ന തങ്ങളുടെ കുതിരകളെ വിരട്ടിയോടിച്ചെന്നും ഇത് വീഡിയോയിൽ പകർത്താൻ ശ്രമിച്ചതിന് തങ്ങളുടെ ഫോൺ പൊലീസ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പരാതിക്കാരായ തങ്ങളെ ഭീഷിണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതിനാണ് സി ഐ നീക്കം നടത്തിയത്. ഇതിന് പിന്നിൽ വൻ സാമ്പത്തിക -രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഇത് സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്. സിവിൽ തർക്കങ്ങളിൽ പൊലീസിന്റെ അനാവശ്യ ഇടപെടൽ പാടില്ല എന്ന് കേരള ഹൈക്കോടതിയുടേയും സുപ്രിം കോടതിയുടേയും നിരവധി വിധിന്യായങ്ങൾ നിലവിലുണ്ട്.ഇതിന്റെ പരസ്യമായ ലംഘനമാണ്് കൊരണ്ടിക്കാട് നടന്നിട്ടുള്ളത്, പരാതിക്കാർ വിശദമാക്കി.

ഭാഷാ-ന്യൂനപക്ഷങ്ങളായ തമിഴ് പട്ടികജാതി അടക്കമുള്ളവരും നൂറ്റാണ്ടുകളായി ഭൂരഹിതരും ഭവനരഹിതരും ആയികഴിയുകയാണെന്നും തോട്ടം തൊഴിലാളികളുടെ സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നത്തിനാണ് പൊലീസ് വിലങ്ങുതടിയാവുന്നതെന്നും ഇവരും പറഞ്ഞു.

പൊലീസ് പറയുന്നത് ഇങ്ങനെ...

നിയമപരമായി മാത്രമാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും പൊലീസ് ആക്ട് 63 അനുസരിച്ചുള്ള നടപടികൾ മാത്രമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും മൂന്നാർ സി ഐ മനേഷ് കെ പൗലോസ് മറുനാടനോട് പ്രതികരിച്ചു. ഏതാനും ചിലർ കമ്പിവേലി പൊളിച്ച് സ്ഥലം കയ്യേറുകയാണെന്നും ചോദ്യം ചെയ്തപ്പോൾ ആക്രമിക്കാൻ ശ്രമിച്ചെന്നും സഹായം വേണമെന്നും കാണിച്ച് ഫോൺസന്ദേശം എത്തിയ സാഹചര്യത്തിലാണ് പൊലീസ് കൊരണ്ടിക്കാട് എത്തിയത്.

സംഘർഷം ഒഴിവാക്കാൻ ഇരുകൂട്ടരെയും സ്ഥലത്തുനിന്നും പറഞ്ഞയക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. ഈ നിലയ്ക്കുള്ള ഇടപെടൽ മാത്രമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.സി ഐ വിശദമാക്കി.

നിയമ ലംഘനങ്ങൾ അക്കമിട്ട് നിരത്തി പരാതിക്കാർ

പൊലീസ് ആക്ട് അനുസരിച്ചാണ് താൻ പ്രവർത്തിച്ചത് എന്ന് സിഐ പറയുമ്പോഴും ആക്ടിന് വിരുദ്ധമായാണ് പൊലീസ് നടപടി എന്ന് വീഡീയോദൃശ്യങ്ങൾ പരിശോധിച്ചാൽ ആർക്കും ബോദ്ധ്യമാവുമെന്ന് പരാതിക്കാർ.

തങ്ങളെ പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും അസഭ്യം പറഞ്ഞതിനും സാക്ഷികളുണ്ട്.തങ്ങളുടെ വരുമാനമാർഗ്ഗമായ കുതിരയെ വിരട്ടി ഓടിക്കാനും പൊലീസ് ശ്രമിച്ചു. വീഡിയോ ചിത്രീകരണം നിയമപ്രകാരം അനുവദനീയമാണെന്നിരിക്കെ ഇത് തടഞ്ഞുകൊണ്ട് ,മൊബൈൽ പിടിച്ചുവാങ്ങാൻ പൊലീസിന്റെ ഭാഗത്തുനിന്നും നീക്കം ഉണ്ടായി.നിയമപരമായി വീഡിയോ എടുക്കുന്നത് തടയാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പൊലീസ് ആക്ട് 33-ന്റെ ലംഘനമാണ്.ഇതെല്ലാം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്, പരാതിക്കാർ പറഞ്ഞു.