- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണ്ടർ കവർ ഓപ്പറേഷൻ കൊട്ടാരക്കരയിലെ താലൂക്ക് ഓഫീസിനെ ശുദ്ധീകരിക്കുമ്പോൾ
കൊട്ടാരക്കര: മണ്ണു-ക്വാറി മാഫിയയിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി കൈപ്പറ്റുന്നുവെന്ന പരാതിയെ തുടർന്ന് തഹസിൽദാർ എം.കെ. അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ (ഇൻസ്പെക്ഷൻ) വി. അനിൽകുമാർ, ഡ്രൈവർ ടി. മനോജ് എന്നിവരെ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരേ കൊട്ടാരക്കര കുളക്കട ശ്രീനിലയം വീട്ടിൽ കെ.ജെ. രാധാകൃഷ്ണപിള്ള നൽകിയ പരാതിയിൽ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അണ്ടർ കവർ ഓപ്പറേഷനിലാണ് കൊട്ടാരക്കര താലൂക്കിലെ ഉദ്യോഗസ്ഥർക്ക് പണി കിട്ടിയത്. റവന്യൂമന്ത്രിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വേഷം മാറി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. മെയ് 30 നാണ് സംഘം കൊട്ടാരക്കര താലൂക്ക് ഓഫീസിലും പരിസരത്തും അന്വേഷണത്തിന് ചെന്നത്.
പൊതുജനങ്ങളോട് അന്വേഷിച്ചപ്പോൾ താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ക്വാറി, മണ്ണു കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് വൻ തുകയുടെ ക്രയവിക്രയം നടക്കുന്നുവെന്ന് മനസിലായി. തഹസിൽദാർ അജികുമാറിന്റെ നിർദ്ദേശ പ്രകാരം പണം പിരിച്ചു നൽകുന്നത് താൽക്കാലിക ഡ്രൈവർ മനോജ് ആണെന്ന് വ്യക്തമായി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റവന്യൂ (സി ആൻഡ് ഡിഎ) അണ്ടർ സെക്രട്ടറി െകാട്ടാരക്കര താലൂക്കിലെ കുമ്മിൾ വില്ലേജിലുള്ള ക്വാറി വാങ്ങാൻ ഉദ്ദേശിക്കുന്നയാളുടെ ഏജന്റ് എന്ന വ്യാജേനെ തഹസിൽദാറെ സമീപിച്ചു. താൻ കാശ് വാങ്ങി എല്ലാവരെയും സഹായിക്കുന്നയാളാണെന്ന് തഹസിൽദാർ തുറന്നു സമ്മതിച്ചു. കാര്യങ്ങൾ കൂടുതൽ വിശദമാക്കുന്നതിനും ഇരുപക്ഷത്തിനും സ്വീകാര്യമായ തീർപ്പിലെത്തുന്നതിനും യഥാർഥ ഉടമയുമായി നേരിട്ട് സംസാരിക്കാൻ താൽപര്യമുണ്ടെന്നും തഹസിൽദാർ അറിയിച്ചു. ഡ്രൈവർ മനോജ് സൂചിപ്പിച്ച കാര്യം പരാമർശിച്ചപ്പോൾ അതൊക്കെ വൈകുന്നേരം മനോജിനെ വിളിച്ച് ഉറപ്പിക്കാനാണ് തഹസിൽദാർ നിർദ്ദേശിച്ചത്.
വാങ്ങാനുദ്ദേശിക്കുന്ന ക്വാറിയുടെ കരം അടച്ച രസീത് തനിക്ക് വാട്സാപ്പ് ചെയ്തു തന്നാൽ വിശദവിവരങ്ങൾ അറിയിക്കാമെന്ന് ഡെപ്യൂട്ടി തഹസിൽദാർ വി അനിൽകുമാർ അറിയിച്ചു. നിലവിൽ ചില കേസുകളും എതിപ്പുകളും ഉള്ള ക്വാറിയാണ് ഇതെങ്കിലും പ്രശ്നം പരിഹരിക്കാവുന്നതാണെന്നും അതിന് എന്താണ് ചെയ്യേണ്ടതെന്ന് പറയാമെന്നും ഡെപ്യൂട്ടി തഹസിൽദാർ അറിയിച്ചു. തുകയുടെ കാര്യവും മറ്റും തഹസിൽദാരുമായി സംസാരിക്കുമ്പോൾ ഇദ്ദേഹവും സന്നിഹിതനായിരുന്നു. തഹസിൽദാരുമായി സംസാരിക്കുന്നതിന് മുൻപും ശേഷവും ഓരോരുത്തർക്കും കൊടുക്കേണ്ട തുകയുടെ കണക്കും താൽക്കാലിക ഡ്രൈവർ മനോജ് വ്യക്തമാക്കി.
തഹസിൽദാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മനോജ് ഏജന്റായി ചമഞ്ഞ അണ്ടർ സെക്രട്ടറിയെ വിളിച്ച് തുകയുടെ വിശദാംശങ്ങൾ വ്യക്തമാക്കി. തഹസിൽദാർക്ക് ഏഴരലക്ഷം, ഡെപയൂട്ടി തഹസിൽദാർ അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് രണ്ടര ലക്ഷം. ആകെ പത്തു ലക്ഷം നൽകണം. വില്ലേജ് ജീവനക്കാർക്ക് ഇതിന് പുറമേ ചെറിയ തുക നൽകണം. അണ്ടർ സെക്രട്ടറി രാത്രി വീണ്ടും തഹസിൽദാരെ ഫോണിൽ ബന്ധപ്പെട്ടു. മനോജ് പറഞ്ഞ തുകയുടെ കണക്ക് തനിക്ക് അറിയില്ലെന്നും എന്നാൽ താൻ സഹായിക്കാമെന്നും ക്വാറി വാങ്ങാൻ ഉദ്ദേശിക്കുന്നയാളുമായി തിങ്കളാഴ്ച നേരിൽ കാണാമെന്നും തഹസിൽദാർ പറഞ്ഞു.
ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ വീണ്ടും ഡ്രൈവർ മനോജിനെ ഫോണിൽ ബന്ധപ്പെട്ടു. താൻ തഹസിൽദാറുമായി സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ടെന്നും പറഞ്ഞ തുക കൊണ്ടു വന്നാൽ ക്വാറി പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച ഫയൽ നീക്കത്തിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും മനോജ് വ്യക്തമാക്കി. തഹസിൽദാർ നേരിട്ട് പണം വാങ്ങില്ലെന്നും താൻ വഴിയാണ് എല്ലാ ഇടപാടുകളെന്നും മനോജ് അറിയിച്ചു. അധികം പരിചയം ഇല്ലാത്ത ആളായതിനാലാണ് തഹസിൽദാർ ഒന്നും വിട്ടു പറയാത്തത്. ഇത് ക്വാറി തുടങ്ങാനുള്ള തുക മാത്രമാണെന്നും പ്രവർത്തനം തുടങ്ങിയാൽ പ്രതിമാസം ഒന്നര മുതൽ രണ്ടര ലക്ഷം രൂപ വരെ തഹസിൽദാർക്ക് എത്തിക്കണമെന്നും മനോജ് പറഞ്ഞു. പണം കൈമാറുന്നതിന് സിസിടിവി ഇല്ലാത്ത ചില പ്രത്യേക സ്ഥലങ്ങൾ തന്റെ വീടിന് സമീപത്തുണ്ടെന്നും അതു കൊണ്ട് തഹസിൽദാർക്ക് പണം നൽകുന്നവർക്ക് എല്ലാം സുരക്ഷിതമായിരിക്കുമെന്നും മനോജ് പറഞ്ഞിരുന്നു.
താൽക്കാലിക ഡ്രൈവർ മനോജിന് പുറമേ വകുപ്പിലെ സ്ഥിരം ഡ്രൈവർ ടി. മനോജ് തഹസിൽദാർക്ക് വേണ്ടി കൈക്കൂലി വാങ്ങുന്നതിന് ഒത്താശ ചെയ്തിരുന്നുവെന്നും കണ്ടെത്തി. നിലവിൽ താൽക്കാലിക ഡ്രൈവർ മനോജിനെ മറയാക്കിയാണ് തഹസിൽദാർ പണപ്പിരിവ് നടത്തുന്നത്. ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാറിനും ഇതിന്റെ വിഹിതം ലഭിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യമായി.
ഏജന്റ് എന്ന വ്യാജേനെ അണ്ടർ സെക്രട്ടറി തഹസിൽദാറുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിന്റെ റെക്കോഡും ഡ്രൈവർ മനോജുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ റെക്കോഡും തെളിവുകളായി സമാഹരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാർ എം.കെ. അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ (ഇൻസ്പെക്ഷൻ) വി. അനിൽകുമാർ, ഡ്രൈവർ ടി. മനോജ് എന്നിവരെ സസ്പെൻഡ് ചെയ്തത്. താൽക്കാലിക ഡ്രൈവർ മനോജിനെ പിരിച്ചു വിടാനും ഉത്തരവിട്ടു. ഇയാളുടെ വാഹനം താലൂക്കിലെ ആവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകിയിരിക്കുയാണെങ്കിൽ അടിയന്തിരമായി വാടക കരാർ റദ്ദാക്കാനും കൊല്ലം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. സസ്പെൻഷനിലായ മൂന്നു പേർക്കുമെതിരേ റവന്യൂ വിജിലൻസ് വകുപ്പിന്റെ അന്വേഷണം നടത്താനും ഉത്തരവുണ്ട്്.
വാങ്ങാൻ ഉദ്ദേശിക്കുന്ന ക്വാറിക്ക് പോലും വൻതുക കൈക്കൂലി വാങ്ങുന്ന വിധത്തിൽ ആഴമേറിയ അഴിമതിയാണ് കൊട്ടാരക്കര താലൂക്ക് ഓഫീസിൽ നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.