കോട്ടയം: സൈബർ ആക്രമണത്തെ തുടർന്ന് കോട്ടയത്ത് യുവതി ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരൻ തൂങ്ങിമരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് യുവതിയുടെ സഹോദരീ ഭർത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ്. ഒരുജീവന് പകരം ഒരിക്കലും മറ്റൊരു ജീവനല്ലെന്നും നിയമപരമായി ലഭിക്കാവുന്ന പരമാവധിശിക്ഷ അയാൾക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും മണിപ്പൂരിൽ സബ്ബ് കളക്ടറായ ആശിഷ് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവം തികച്ചും ദൗർഭാഗ്യകരമാണ്. ഒരു ജീവന് പകരം ഒരിക്കലും മറ്റൊരു ജീവനല്ല. നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ പ്രതിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. അനുശോചിക്കുന്നു - ആശിഷ്ദാസ് പറഞ്ഞു.

ആതിരയുടെ കേസിലെ പ്രതിയായ അരുൺ വിദ്യാധരനെ ഇതുവരെ താൻ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും ആശിഷ് ദാസ് വ്യക്തമാക്കി. അയാളുമായി സംസാരിക്കുമോ എന്ന് ചോദിച്ച് ഞായറാഴ്ച രാത്രി ആതിര അവസാനമായി സന്ദേശം അയച്ചിരുന്നു. എന്നാൽ അയാളുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ആതിരയുടെ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ആശിഷ് ദാസ് പറഞ്ഞു.

''പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. അങ്ങനെ അനാസ്ഥയുണ്ടായിരുന്നെങ്കിൽ ആദ്യം പ്രതികരിക്കേണ്ടതും ഞങ്ങളായിരുന്നു. ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഞങ്ങൾക്കാണ്. ഞങ്ങൾക്ക് ഒരിക്കലും പൊലീസിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല. പൊലീസ് തുടക്കംമുതലേ പൂർണസഹകരണത്തോടെ കൂടെയുണ്ടായിരുന്നു. ആതിര മരിച്ചശേഷം പൊലീസ് അരുണിനെ ബന്ധപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. ജീവനൊടുക്കുമോ എന്ന ആശങ്ക ഉള്ളതിനാൽ സമാധാനപരമായാണ് ഇടപെട്ടത്. താൻ ഹാജരായിക്കൊള്ളാമെന്നും നിരപരാധിയാണെന്നുമാണ് അയാൾ പറഞ്ഞിരുന്നത്. അതിനുശേഷമാണ് അയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങിയത്'' ആശിഷ്ദാസ് വ്യക്തമാക്കി.

കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനിയായ ആതിരയെ മെയ്‌ ഒന്നാംതീയതി തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരന്റെ നിരന്തരമായ സൈബർ ആക്രമണത്തെത്തുടർന്നായിരുന്നു ആതിരയുടെ ആത്മഹത്യ.

ആതിരയുടെ സഹോദരീഭർത്താവായ ആശിഷ്ദാസ് ഐ.എ.എസിനെതിരെയും അരുൺ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ അരുണിനെതിരേ ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പൊലീസിൽ പരാതി. പിറ്റേദിവസം രാവിലെ ആതിര കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

ആതിരയുടെ മരണത്തിന് പിന്നാലെ ഒളിവിൽപോയ പ്രതി അരുൺ വിദ്യാധരനായി പൊലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഇയാൾ കേരളം വിട്ടതായും അവസാനമായി മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതിയെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.

എന്നാൽ പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു പേരിൽ തെറ്റായ വിലാസം നൽകി ലോഡ്ജിൽ മുറിയെടുത്ത പ്രതി തിരിച്ചറിയൽ രേഖകളൊന്നും നൽകിയിരുന്നില്ല. തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് കോട്ടയം പൊലീസിനെ ബന്ധപ്പെട്ടാണ് മരിച്ചത് അരുൺ വിദ്യാധരനാണെന്ന് സ്ഥിരീകരിച്ചത്.

ഇയാളുടെ കൈഞരമ്പ് മുറിച്ചനിലയിലായിരുന്നു. ലോഡ്ജ്മുറിയിൽ ഒട്ടേറെ വെള്ളക്കുപ്പികളും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അരുൺ വിദ്യാധരൻ കാഞ്ഞങ്ങാട്ടെ ലോഡജിൽ മുറിയെടുത്തത് കള്ളപ്പേരിലാണ്. ഇയാൾ മുറിയിൽനിന്ന് പുറത്തിറങ്ങാറില്ലെന്നും ഇന്ന് ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാർ പറഞ്ഞു.

പെരിന്തൽമണ്ണ സ്വദേശി രാജേഷ് എന്ന പേരിൽ ഈ മാസം രണ്ടിനാണ് അരുൺ മുറിയെടുത്തത്. ഡ്രൈവർ ആണെന്നാണ് പറഞ്ഞത്. മിക്കപ്പോഴും മുറിയിൽ തന്നെയായിരുന്നു. മുഴുവൻ സമയവും മദ്യപിച്ച അവസ്ഥയിൽ ആയിരുന്നെന്നും ജീവനക്കാർ പറഞ്ഞു. വൈകുന്നേരം ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ഇന്നു രാവിലെ മുറി ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാർ പറഞ്ഞു.

മുറിയിൽനിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരി്ച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സൈബർ അധിക്ഷേപ കേസിലെ പ്രതിയാണെന്ന സംശയം ഉയർന്നത്. അരുൺ
വിദ്യാധരൻ എന്ന പേരിലുള്ള തിരിച്ചറിയൽ കാർഡ് കണ്ടെടുത്തിട്ടുണ്ട്. അരുണിന്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. സമീപത്തുനിന്നും ഉറക്കഗുളികയെന്നു സംശയിക്കുന്നവയുടെ പാക്കറ്റും കണ്ടെടുത്തു.