കുമളി: കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ വൻകടബാധ്യതയെന്ന് സൂചന. നാല് കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത ഈ കുടുംബത്തിന് ഉണ്ടായിരുന്നതായാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ പുതുപ്പറമ്പിൽ ജോർജ് പി സ്‌കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കീടനാശിനി കഴിച്ചാണ് ഇവർ ജീവനൊടുക്കിയത് എന്നാണ് കരുതുന്നത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു. കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ കുടുംബം കടന്നുപോയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്‌നാട് പൊലീസാണ് അന്വേഷിക്കുന്നത്. തുണിക്കട അടക്കം ഉണ്ടായിരുന്ന ജോർജ്ജ് കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലായിരുന്നു. ഇവർക്ക് നാലു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ഞിരത്തുംമൂട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവർക്ക് അവിടെ തുണിക്കടയുണ്ടായിരുന്നു. വ്യാപാരത്തിൽ നഷ്ടം വന്നതോടെ സാമ്പത്തിക ബാധ്യത കാരണം കട പൂട്ടി. സ്വന്തം വീട് അടക്കം കടബാധ്യതയെ തുടർന്ന് ഇവർക്ക് നഷ്ടമായി. പലർക്കായി വലിയ തുക കൊടുക്കാനുമുണ്ടായിരുന്നു.

പിന്നീട് കുടുംബം തോട്ടയ്ക്കാട് വാടക വീട്ടിൽ താമസമാക്കി. മൂന്നു ദിവസമായി ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കടബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാണെന്ന് കരുതുന്നു. ഇവരെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ മിസ്സിങ്ങ് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൂവരേയും മരിച്ച നിലയിൽ കണ്ടത്.

അഖിലിന്റെ പേരിലുള്ള കാറിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഇളയ മകൻ നിഖിൽ വർഷങ്ങൾക്കു മുമ്പ് തോട്ടിൽ വീണ് മരിച്ചിരുന്നു. കമ്പം - കമ്പംമെട്ട് പാതയോടു ചേർന്നുള്ള കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്.