- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ ഉറക്കം നടിച്ചവർ ഒടുവിൽ സടകുടഞ്ഞെണീറ്റു! കോട്ടയത്തെ ഭക്ഷ്യവിഷബാധയിൽ നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ; നടപടി മുൻപ് ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ വീണ്ടും പ്രവർത്തനാനുമതി നൽകിയതിൽ; മയോണൈസും രശ്മിയുടെ മരണകാരണം ആവാമെന്ന് റിപ്പോർട്ട്
കോട്ടയം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വിഭാഗം പതിവായി ഉറങ്ങി കിടക്കുകയാണ് പതിവ്. എന്തെങ്കിലും ദുരന്തം ഉണ്ടായാൽ മാത്രം സടകുടഞ്ഞെണീറ്റ് നടപടി തുടങ്ങും. വീണ്ടുമൊരു ഭക്ഷ്യവിഷബാധയേറ്റുള്ള മരണം ഉണ്ടായതോടെയാണ് വ്യാപക പരിശോധനയും നടപടികളും വീണ്ടും തുടങ്ങിയത്. ഇതിന് ഒരു ദുരന്തം വേണ്ടിവന്നുവെന്ന് മാത്രം. ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ചതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി കോട്ടയം നഗരസഭയും ഒടുവിൽ രംഗത്തുവന്നു.
മുൻപ് ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് മതിയായ പരിശോധനകൾ നടത്താതെ വീണ്ടും പ്രവർത്തനാനുമതി നൽകിയ ഹെൽത്ത് സൂപ്പർവൈസറെ നഗരസഭ സസ്‌പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ കോട്ടയം നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചിരുന്നു.
കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച യുവതിയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 29 നാണ് കോട്ടയം കിളിരൂർ സ്വദേശി രശ്മി രാജ് പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഇരുപതോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇപ്പോഴും ആശുപത്രികളിൽ കഴിയുകയാണ്.
ഒരു മാസം മുമ്പും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. അന്ന് നഗരസഭ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടച്ചതോടെ പിന്നീടും ഹോട്ടൽ പ്രവർത്തനം നിർബാധം തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
അതിനിടെ സംഭവത്തിൽ ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് റിപ്പോർട്ടുനൽകി. കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിക്കടയിൽനിന്നുള്ള ഭക്ഷ്യ സാംപിൾ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു. കടയിൽനിന്ന് ഭക്ഷണം കഴിച്ച 26 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽനിന്ന് മൊഴി രേഖപ്പെടുത്തിയതായി ജില്ലാ അസി. ഭക്ഷ്യസുരക്ഷ കമ്മിഷണർ ടി.ആർ. രൺദീപ് പറഞ്ഞു.
30-ന് വൈകീട്ടാണ് ഭക്ഷണം മോശമാണെന്ന് പരാതി ലഭിച്ചത്. അന്നുതന്നെ പരിശോധന നടത്തി കട പൂട്ടാൻ ഉത്തരവിട്ടതായി അധികൃതർ പറഞ്ഞു. 31-ന് ലൈസൻസും സസ്‌പെൻഡ് ചെയ്തു. ശരിയായി വേവിക്കാത്തതോ പഴകിയ ചിക്കനോ, മയോണൈസോ ആകാം ദുരന്തത്തിനു കാരണമെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷ്യവിഷബാധകൊണ്ട് ആളുകൾ മരിക്കുന്നത് വേണ്ടത്ര പരിശോധന നടത്താത്തതിനാൽ തന്നയാണെന്ന് വ്യക്തമണ്. ഇത് പറയുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടവർ തന്നെയാണ്. നേരത്തേ ഇടക്കിടെ ഹോട്ടലുകളിൽ പരിശോധന കർശനമായിരുന്നു. കോവിഡ്കാലം കഴിഞ്ഞപ്പോൾ അത് നിന്നു. പുതിയ പേരുകളിൽ മാംസാഹാരങ്ങൾ ധാരാളമായി ഹോട്ടലുകളിൽ വിളമ്പാൻ തുടങ്ങിയെങ്കിലും സുരക്ഷാ പരിശോധനകൾ തീരെയില്ലാതായി. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമായി നടപടികൾ ചുരുങ്ങുകയും ചെയ്തു.
അൽഫാം പോലുള്ള ആഹാരങ്ങളിൽ ചിക്കനാണ് പ്രധാന ഘടകം. ഹോട്ടലുകാർ മാംസം വാങ്ങി ഉപയോഗിക്കുന്ന കാര്യത്തിൽ നേരത്തേ നിയമം പാലിക്കാറുണ്ടായിരുന്നു. കടക്കാർ എവിടെനിന്ന് മാംസം വാങ്ങുന്നു എന്നത് പ്രധാനമാണ്. വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസുണ്ടോ, വൃത്തിയുള്ളിടത്തുനിന്നാണോ വാങ്ങുന്നത്. വാങ്ങിയതിന്റെയും മറ്റും രജിസ്റ്റർ സൂക്ഷിക്കുന്നുണ്ടോ എന്ന കാര്യങ്ങൾ കർശനമായി പരിശോധിച്ചിരുന്നു. ഇപ്പോൾ അത്തരം പിശോധന നടക്കുന്നില്ല. മാംസം വാങ്ങിയിട്ട് ഉടൻതന്നെ ഫ്രിഡ്ജിൽ വച്ചില്ലെങ്കിൽ അതിൽ ബാക്ടീരിയ പ്രവർത്തിക്കാൻ തുടങ്ങും. മാംസം നന്നായി വേവിച്ചിട്ടല്ലേ കഴിക്കുന്നതെന്നാകും സാധാരണക്കാരുടെ ചിന്ത.
ബാക്ടീരിയ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷാംശം എത്ര ചൂടാക്കിയാലും മാറില്ല. ഹോട്ടലിൽ ജനറേറ്റർ ഉണ്ടാകണമെന്നില്ല. ഉണ്ടെങ്കിൽത്തന്നെ ഓട്ടോമാറ്റിക് ആയിരിക്കില്ല. വൈദ്യുതി മുടങ്ങിയാലുടൻ തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കണം. എന്നാലേ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ള മാംസം സുരക്ഷിതമായിരിക്കൂ. ഹോട്ടലുകളിൽ ജനറേറ്റർ ഇല്ലെന്ന കാര്യം നേരത്തേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതാണ്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്തയച്ചു. അത് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ വന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല.
മറുനാടന് മലയാളി ബ്യൂറോ