കോട്ടയം: ഹോട്ടൽ ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്‌സ് മരിച്ച സംഭവത്തിൽ ഹോട്ടൽ തുറന്ന് പൊലീസ് പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസിന്റെ നിർദ്ദേശ പ്രകാരം പരിശോധനെക്കെത്തിയിരുന്നു. ആദ്യം ഹോട്ടലിന്റെ പൂട്ട് പൊളിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കെട്ടിട ഉടമ താക്കോൽ നൽകി. തുടർന്ന് പൊലീസ് അകത്തു കയറി പരിശോധിച്ചു.

യുവതിയുടെ മരണത്തിനു കാരണം ഹോട്ടൽ പാർക്ക് എന്ന മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതാണോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുകയാണ് പൊലീസ്. ഹോട്ടൽ തുറന്നു സി സി ടി വി ഉൾപ്പെടെ പരിശോധിക്കും. കഴിഞ്ഞ 29 നാണ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നഴ്സാ യാ രശ്മി രാജ് ഓൺലൈനിൽ ഓർഡർ ചെയ്ത് കുഴിമന്തി വാങ്ങിയത്. ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ ചികിത്സയിലിരിക്കെ കഴിഞ്ഞ രണ്ടിനാണ് രശ്മി മരിക്കുന്നത്.

ആസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ എഫ്. ഐ. ആറിൽ ഹോട്ടലിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നു ആരോപണവുമായി രശ്മിയുടെ പിതാവ് രംഗത്തെത്തി. തുടർന്ന് പിതാവിൽ നിന്നും വീട്ടിലെത്തി പൊലീസ് മൊഴി എടുത്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സി. സി. ടി. വി ഉൾപ്പെടെ പൊലീസ് പരിശോധിക്കും. ഹോട്ടൽ പാർക്കിന് ലൈസൻസ് നൽകിയിരിക്കുന്നത് കാസർഗോഡ് സ്വദേശിയായ ലത്തീഫിന്റെ പേരിലാണെന്നു മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നാലു പേരാണ് പാർട്ണർമാർ. ഇവർ കടയിൽ ചുരുക്കം ദിവസങ്ങളിൽ മാത്രമേ എത്തിയിരുന്നുള്ളുവെന്നു സമീപത്തുള്ള മറ്റ് വ്യാപാരികൾ പറഞ്ഞു.

അതേ സമയം ഭക്ഷണം പാചകം ചെയ്യുന്നതിനായി എടുത്ത വീട് പൂട്ടി ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ മുങ്ങി. ഹോട്ടലിലേക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനും ഇതര സംസ്ഥാനക്കാരായ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുമായി ഹോട്ടലിൽ നിന്നും ഒന്നര കിലോമീറ്റർ മാറിയുള്ള വീട് വാടകക്ക് എടുത്തിരിക്കുകയായിരുന്നു. ഇതിനു ലൈസൻസ് നൽകിയിട്ടില്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം ചെയ്യാനുള്ള സ്ഥലം പ്രവർത്തിച്ചിരുന്നത്. ഇതോടെ ഈ ഹോട്ടലിന് പ്രവർത്തിക്കാൻ ലൈസൻസ് നൽകിയതിൽ കൂടുതൽ ദുരൂഹതകൾ വ്യക്തമാകുകയാണ്. ഹോട്ടലിന് പുറമെ പാചകശാലയിലും നാട്ടുകാർ പ്രധിഷേധവുമായി എത്തിയിരുന്നു.

ഇതിന് ലൈസൻസ് നൽകിയതിനെപ്പറ്റി ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരം പഴിചാരുകയാണ്. ആരുടെ പേരിലാണ് ലൈസൻസ് നൽകിയതെന്നു ചോദിച്ചാൽ നഗരസഭ സെക്രെട്ടറിയോടെ ചോദിക്കാൻ പറയും. അവിടെയെത്തിയാൽ ഇതുമായി ബന്ധപ്പെട്ട രേഖ കളെല്ലാം കുമാരനല്ലൂർ സോണൽ ഓഫീസിലാണെന്നു പറയും. ഇവിടെ അന്വേഷിച്ചെത്തിയപ്പോൾ ഇന്നലെ ഉച്ചയോടെ ഹെൽത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആരെയും കണ്ടില്ല. വിവരം ഫോണിൽ തിരക്കിയപ്പോൾ പറയാൻ കഴിയില്ലായെന്നും അറിയിച്ചു. ഹെൽത്ത് സൂപ്പർ വൈസറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു ഇടതുപക്ഷ യൂണിയൻ ജീവനക്കാരെല്ലാം സമരത്തിലുമാണ്. ഇത് പൊലീസിന്റെ അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത്തിൽ നഗരസഭ ജീവനക്കാർ പ്രതിഷേധത്തിലാണ്.

ഈ ഹോട്ടലിനെ പറ്റി ഒരു മാസം മുൻപും പരാതി ഉയർന്നിട്ടും വീണ്ടും പ്രവർത്താനുമതി നൽകു കയായിരുന്നു. ഇതിനിടയിൽ ഹോട്ടൽ ഉടമക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നതായും ആക്ഷേപമുണ്ട്. ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായ നിരവധി പേർ ഹോട്ടൽ പാർക്കിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരു തവണ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടിച്ചാൽ പേര് മാറ്റി വീണ്ടും കടകൾ പ്രത്യക്ഷപെടുന്നതാണ് ഇവരുടെ രീതി.