- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍; എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവര്‍; കട്ടിലോടെ രോഗികളെ എടുത്തോടി കൂട്ടിരിപ്പുകാര്‍; 68 വര്‍ഷം പഴക്കമുളള കെട്ടിടം ഉപയോഗശൂന്യമെന്ന് മന്ത്രിമാര്‍ പറയുമ്പോള്‍ പ്രവേശനം അരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് വച്ചില്ല; ഗുരുതര വീഴ്ചയില്‍ മിണ്ടാട്ടം മുട്ടി അധികൃതര്‍
മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാത്തത് ഗുരുതര വീഴ്ച
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തിന് പ്രാഥമിക കാരണം ഇടിഞ്ഞുവീണ കെട്ടിടം അപകടാവസ്ഥയിലെന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതിരുന്നത്. രോഗികളോ കൂട്ടിരിപ്പുകാരോ അങ്ങോട്ട് പോകരുതെന്ന മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്ന് മാത്രമല്ല, അവിടെ പ്രവേശിക്കാന്‍ അധികൃതരുടെ മൗനാനുവാദം ഉണ്ടായിരുന്നു എന്നും വേണം കണക്കാക്കാന്‍. ഇന്നു രാവിലെ 11 മണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്.
ഇടിഞ്ഞുവീണ കെട്ടിടം ഉപയോഗശൂന്യവും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതുമായിരുന്നു എന്നാണ് ആശുപത്രി അധികൃതരും മന്ത്രിമാരും പറഞ്ഞിരുന്നത്. എന്നാല്‍ കെട്ടിടത്തില്‍ തങ്ങള്‍ പോവുമായിരുന്നുവെന്നും പ്രവേശനം അരുത് എന്ന ഒരു ബോര്‍ഡ് പോലും പരിസരത്ത് ഉണ്ടായിരുന്നില്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നു.
'ബാത്ത്‌റൂം പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. ഇടിഞ്ഞുവീഴുന്നതിന് മുന്‍പ് അവിടെ പോയി കൈ കഴുകിയതാണ്. ആ കെട്ടിടം ഉപയോഗിച്ചുകൊണ്ടിരുന്നതാണ്. ഞങ്ങളൊക്കെ അതിലാണ് പോയിക്കൊണ്ടിരുന്നത്. ഞങ്ങളുടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ഞങ്ങള്‍ ബാത്ത്‌റൂമില്‍ പോവാന്‍ തുടങ്ങിയതാണ്. ഇവര്‍ പറയുന്നത് നേരല്ല, അവിടെ ആളുകളുണ്ടായിരുന്നു. ആ ബ്ലോക്ക് അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് മന്ത്രിമാര്‍ പറയുന്നത് ശരിയല്ലെന്നും കൂട്ടിരിപ്പുകാര്‍ പറഞ്ഞു.
കെട്ടിടത്തിന് 68 വര്‍ഷത്തെ പഴക്കം
ഇടിഞ്ഞുവീണ കെട്ടിടത്തിന് 68 വര്‍ഷത്തെ പഴക്കമുണ്ട്. ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നവരും ശസ്ത്രക്രിയ കഴിഞ്ഞവരും തകര്‍ന്ന കെട്ടിടത്തിലെ വാര്‍ഡുകളില്‍ ഉണ്ടായിരുന്നെന്ന് കൂട്ടിരിപ്പുകാര്‍ പറഞ്ഞു.
''കെട്ടിടം മുഴുവന്‍ ഇടിഞ്ഞുവീഴുമെന്നാണ് കരുതിയത്. അത്രയും വലിയ ശബ്ദമാണ് കേട്ടത്. കെട്ടിടം പ്രവര്‍ത്തനക്ഷമമല്ലെന്ന് മന്ത്രിമാര്‍ പറയുന്നത് തെറ്റാണ്. ഞങ്ങള്‍ ആ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരാണ്. അവിടെയൊരു ക്യാമറയുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ക്കത് പരിശോധിക്കാം. കെട്ടിടത്തില്‍ 3 ശുചിമുറികളുണ്ടായിരുന്നു. ഒരെണ്ണം ഉപയോഗക്ഷമമായിരുന്നില്ല. മറ്റു രണ്ടെണ്ണം പത്താം വാര്‍ഡിലെ എല്ലാവരും ഉപയോഗിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വന്നവരാണ് ഞങ്ങള്‍. ശുചിമുറിക്കെട്ടിടം ഉപയോഗശൂന്യമാണെന്നോ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനിരിക്കുകയാണെന്നോ ഞങ്ങളോട് ആരും പറഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ വശങ്ങള്‍ വിണ്ടുകീറിയിട്ടുണ്ടായിരുന്നു. പൊളിഞ്ഞുവീഴാന്‍ പോകുന്നതാണെന്നൊന്നും മനസ്സിലായില്ല.'' ഒരുകൂട്ടിരിപ്പുകാരി പറഞ്ഞു.
10,14 വാര്‍ഡുകളിലെ രോഗികളും അവര്‍ക്കൊപ്പമുള്ളവരും ഇടിഞ്ഞുവീണ കെട്ടിടത്തിലെ ശുചിമുറി തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് അപകടത്തിനു 10 മിനിറ്റു മുന്‍പ് ശുചിമുറി ഉപയോഗിച്ച് പുറത്തിറങ്ങിയവര്‍ പറയുന്നു. കെട്ടിടം ഉപയോഗശൂന്യമാണെങ്കില്‍ ഇത്രയും പേര്‍ അത് ഉപയോഗിക്കുമായിരുന്നോയെന്ന് മകന്റെ ചികിത്സാര്‍ഥം ആശുപത്രിയിലെത്തിയ ഒരാള്‍ ചോദിച്ചു. ഉപയോഗശൂന്യമായ കെട്ടിടമാണെങ്കില്‍ അതു പൊളിച്ചുകളയണമായിരുന്നു. പകരം ഇത്ര നാള്‍ നിലനിര്‍ത്തി ഇത്ര വലിയ ദുരന്തമുണ്ടാക്കേണ്ടിയിരുന്നോയെന്നും അദ്ദേഹം പറഞ്ഞു.
ബിന്ദുവിനെ പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം
മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിനെ രണ്ടര മണിക്കൂറിന് ശേഷമായിരുന്നു പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്.
തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഒരുപാട് രോഗികള്‍ ഉണ്ടായിരുന്നുവെന്നും എഴുന്നേറ്റ് നടക്കാന്‍ പോലും ബുദ്ധിമുട്ടുള്ള രോഗികളെ അവിടെ പ്രവേശിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. രോഗികളെ കൂട്ടിരിപ്പുകാര്‍ കട്ടിലോടെ താങ്ങിപിടിച്ചാണ് പുറത്തേക്ക് എത്തിച്ചതെന്നും അപകടത്തിന്റെ ഭീതിയില്‍ രോഗികളുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
''ഭക്ഷണം കഴിച്ച ശേഷം അവിടെ ഇരിക്കുകയായിരുന്നു. ഡോക്ടര്‍മാരെല്ലാം വന്നുപോയിരുന്നു. പോയി അവിടെ ഇരിക്കുമ്പോള്‍ തന്നെ ഞങ്ങളുടെ അപ്പുറത്തെ സൈഡില്‍ നിന്ന് തന്നെ കെട്ടിടം ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയായിരുന്നു. എന്റെ മോന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുവായിരുന്നു. ഇന്നലെയായിരുന്നു ഓപ്പറേഷന്‍. ഞങ്ങള്‍ കട്ടിലോടെ മോനെ എടുത്ത് ഓടി. അതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയത്.
കെട്ടിടം ഇടിഞ്ഞു വീണപ്പോള്‍ ഭയപ്പെട്ടുപോയി. ജീവനും കൊണ്ട് ഓടുകയായിരുന്നു. ഞങ്ങള്‍ക്ക് ഒന്നും വേണ്ടായിരുന്നു. ഇന്നലെ ഓപ്പറേഷന്‍ കഴിഞ്ഞ കുഞ്ഞാണ് അവനെ ജീവനോട് കിട്ടി. ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് എന്റെ കുഞ്ഞ് ഇവിടെ കിടക്കുന്നത്. ഞങ്ങള്‍ ഇരുന്ന കെട്ടിടം തന്നെയാണ് ഇടിഞ്ഞു വീണത്. അവിടെ നിന്ന എല്ലാ രോഗികളെയും തോളിലും കട്ടിലിലും താങ്ങിപിടിച്ചാണ് ഇവിടെ കൊണ്ടുവിട്ടത്. കെട്ടിടം താഴോട്ട് പതിക്കുന്നതാണ് കണ്ടത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപമുള്ള കെട്ടിടത്തില്‍ എല്ലാ തരം രോഗികളും ആ സമയത്ത് ഉണ്ടായിരുന്നു. കട്ടിലുകള്‍ നിരക്കി നിരക്കിയാണ് രോഗികളെ മാറ്റിയത്. തകര്‍ന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളില്‍ രോഗികള്‍ ഒരുപാട് ഉണ്ടായിരുന്നു. ബില്‍ഡിങ് പഴയതാണെങ്കില്‍ രോഗികളെ അതിനടുത്ത് പ്രവേശിപ്പിക്കരുത്,'' രോഗിയുടെ ബന്ധു പറഞ്ഞു.
അതേസമയം, പത്താം വാര്‍ഡിനോടു ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂര്‍ണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാര്‍ഡുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.