- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണതിന് പിന്നാലെ തലയോലപ്പറമ്പ് സ്വദേശിനിയെ കാണാനില്ലെന്ന് ഭര്‍ത്താവ്; ശുചിമുറിയില്‍ കുളിക്കാനായി പോയെന്നും വിവരം; മണിക്കൂറുകള്‍ക്ക് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത് സ്ത്രീയുടെ മൃതദേഹം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാര്‍
രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാര്‍; പ്രതിഷേധം കടുക്കുന്നു
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് പൊളിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേ സമയം രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവുമായി നാട്ടുകാരും ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരും രംഗത്ത് വന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപിച്ചു. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.
അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞിരുന്നു. പതിനാലാം വാര്‍ഡിലെ ശുചിമുറിയില്‍ കുളിക്കാനായി ബിന്ദു പോയതായി ഭര്‍ത്താവിന് വിവരമുണ്ട്. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്.
കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്.
രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗം തകര്‍ന്നത്. 14-ാം വാര്‍ഡിന്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. മന്ത്രി വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളജിലുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്‌നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) ആണ് പരുക്കേറ്റത്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരന്‍ അമല്‍ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.
പത്താം വാര്‍ഡിനോടു ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ ശുചിമുറിയാണ് ഇടിഞ്ഞുവീണതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ അറിയിച്ചു. താഴത്തെ രണ്ടു ശുചിമുറികളും പൂര്‍ണമായി ഉപയോഗിച്ചിരുന്നില്ല. 11, 14, 10 വാര്‍ഡുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കിഫ്ബിയില്‍നിന്ന് പണം അനുവദിച്ചു പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ അറിയിച്ചു.
ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലകെട്ടിടമാണ് ഇടിഞ്ഞുവീണത്. ഓര്‍ത്തോപീഡിക്‌സ് സര്‍ജറി വിഭാഗമാണ് ഈ കെട്ടിടത്തില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. കൂടുതല്‍ ആളുകള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടസ്ഥലത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി എന്‍ വാസവനും എത്തി. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് ഇതെന്നും പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓര്‍ത്തോപീഡിക്‌സ് സര്‍ജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
കൂടുതല്‍ ആളുകള്‍ സ്ഥലത്തില്ലാത്തതുകൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തില്‍ നാല് ജില്ലകളിലെ സര്‍ക്കാര്‍ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കല്‍ കോളജിലെ അപകടം.