കോട്ടയം: നഗരത്തിൽ അഭിമാനമായി മാറേണ്ട ആകാശ പാതയുടെ കാര്യത്തിൽ തീരുമാനം വൈകുന്നു. സർക്കാർ സത്യവാങ്മൂലം നൽകാത്തതിനെ തുടർന്ന് അടുത്ത വെള്ളിയാഴ്‌ച്ചത്തേയ്ക്ക് വിധി പറച്ചിൽ മാറ്റി വച്ചു. ആകാശ പാത പൊളിക്കണോ, പുനർനിർമ്മിക്കണോയെന്ന കാര്യത്തിൽ ഹൈക്കോടതി വിധി നിർണായകമാകും. ഇത് സംബന്ധിച്ച് സർക്കാരും മറുപടി നൽകണം.

ആകാശ പാത പൊളിക്കുന്നത് സംബന്ധിച്ച് സി. പി. എം. ജില്ല നേതൃത്വവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും തമ്മിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. സി. പി. എം. നേതാക്കൾ ആകാശ പാത പൊളിക്കണമെന്നും പറയുമ്പോൾ മുൻ യു. ഡി. എഫ്. സർക്കാർ ഇതിനായി രണ്ട് കോടി രൂപ ചിലവഴിച്ചതായും പുനർനിർമ്മാണം നടത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെടുന്നു. കേസിൽ എംഎൽഎയും കക്ഷി ചേർന്നിട്ടുണ്ട്.

ഏഴു തൂണുകൾ തുരുമ്പിച്ച് വീഴാറായെന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൊളിച്ചു കളയണമെന്നും ആവശ്യപ്പെട്ട് എ. കെ. ശ്രീകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കോട്ടയം നഗരത്തിൽ അഞ്ചു റോഡുകൾ ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ ആളുകൾക്ക് റോഡ് കുറുകെ കടക്കുന്നതിനാണ് ആകാശ പാത വിഭാവനം ചെയ്തത്. രണ്ട് കോടിയോളം രൂപ ചിലവഴിച്ചതിനാൽ പണി പൂർത്തിയാക്കാൻ കഴിയുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.

ആകാശ പാത യാഥാർഥ്യമാക്കാൻ സർക്കാരിന് ഫണ്ടില്ലെങ്കിൽ എംഎൽഎ. ഫണ്ട് ഉപയോഗിക്കാമെന്നാണ് തിരുവഞ്ചൂരിന്റെ നിലപാട്. 2016 ലാണ് ആകാശ പാത നിർമ്മാണം ആരംഭിച്ചത്. 5.75 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. 14 ഇരുമ്പു തൂണിനു മുകളിൽ 24 മീറ്റർ ചുറ്റളവിൽ ഇരുമ്പ് പ്ലാറ്റ്ഫോം നിർമ്മിച്ചു. എസ്‌ക്കേലേറ്റർ വഴി യാത്രക്കാർക്ക് കയറിയിറങ്ങാവുന്ന ആകാശപാത പദ്ധതി കോട്ടയത്തിന്റെ മുഖുദ്ര തന്നെയാകുമായിരുന്നു.