- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഐടിയു കൊടികുത്തി നിർത്തിച്ച ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം; വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെ പൊലീസ് നോക്കിനിൽക്കെ കയ്യേറ്റം; ആക്രമിച്ചത് ബസിനു മുന്നിൽ കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുമ്പോൾ; ബസ് ഉടമയെ മർദിച്ച സിപിഎം നേതാവ് കസ്റ്റഡിയിൽ; മർദിച്ചെന്നത് ശുദ്ധകളവെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: തൊഴിൽ തർക്കത്തിന്റെ പേരിൽ സിഐടിയു കൊടികുത്തി സർവീസ് നിർത്തിച്ച ബസിന്റെ സർവീസ് ഹൈക്കോടതി നിർദ്ദേശപ്രകാരം പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഉടമയ്ക്കുനേരെ സിപിഎം പഞ്ചായത്തംഗത്തിന്റെ കയ്യേറ്റം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാർപ്പ് പഞ്ചായത്തംഗം കെ.ആർ. അജയ് ആണ് കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നു.
സർവീസ് പുനരാരംഭിക്കുന്നതിനായി ബസിനു മുന്നിൽ സമരക്കാർ കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടൻ പൊലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹൻ നിലത്തു വീണു. രാജ്മോഹനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സർവീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം.
അതേസമയം, കയ്യേറ്റം നടത്തിയ പഞ്ചായത്തംഗവും സിപിഎം. ജില്ലാനേതാവുമായ അജയ്നെ അറസ്റ്റ് ചെയ്തു. ഇതിന്റെ രേഖ കാണിച്ചതോടെ കുമരകം പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് സംരക്ഷണയിൽ രണ്ടുമണിക്ക് ബസ് എടുക്കാനാണ് നിലവിലെ ധാരണ. തന്നെ മർദിച്ച ഗുണ്ടാ നേതാവിനെ കാപ്പ ചുമത്തി നാടുകടത്തണമെന്ന് രാജ് മോഹൻ ആവശ്യപ്പെട്ടു. സിഐ.ടി.യുവിനെതിരെ കോടതി അലക്ഷ്യത്തിന് ഹർജി നൽകുമെന്നും രാജ് മോഹൻ വ്യക്തമാക്കി.
'ഞാൻ ബെംഗളൂരു ഐ.ഐ.എമ്മിലെ ബിരുദധാരിയാണ്. ഇവരോടൊന്നും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ഒരു തെറ്റുംചെയ്തിട്ടില്ല. ഒരു വ്യവസായം ചെയ്ത് 15 പേർക്ക് തൊഴിൽകൊടുക്കുന്നു. തന്റെ മറ്റ് ബസിലെ തൊഴിലാളികൾ എല്ലാം പലായനം ചെയ്തിരിക്കുകയാണ്. അവരൊന്നും വീടുകളിൽ ഇല്ല. ആ പാവപ്പെട്ടവരെ സംരക്ഷിക്കണം. അവരെ കൊല്ലരുത്. എന്നെ വഴിയിൽ ആക്രമിക്കാമെങ്കിൽ എന്റെ പാവം പിടിച്ച തൊഴിലാളികളെ അവർ കൊന്നുകളയും.
അവരുടെ സംരക്ഷണവും കൂടെ കോടതി ഉത്തരവ് പ്രകാരം പൊലീസ് ഏറ്റെടുക്കണം എന്നാണ് പറയാനുള്ളത്. ഈ സമരം ഇനിയും മുന്നോട്ട് പോവും. പൊലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർക്കും ജീവിക്കേണ്ടേ. ഇവിടെ ഗുണ്ടാരാഷ്ട്രീയമാണ്. തന്നെ മർദിച്ച അജയ്യെ നാടുകടത്തണം. ഇദ്ദേഹം ആരെയൊക്കെ വിളിച്ച് എന്തെല്ലാം ഗൂഢാലോചന നടത്തിയെന്ന സന്ദേശങ്ങൾ എല്ലാം അന്വേഷിക്കണം. തിരുവാർപ്പ് പഞ്ചായത്ത് പത്താം വാർഡ് മെമ്പർ കൂടിയാണ് ഇദ്ദേഹം. തിരഞ്ഞെടുത്ത ജനങ്ങളോടും എനിക്ക് നല്ല നമസ്കാരം', രാജ് മോഹൻ പറഞ്ഞു.
ബസ് സർവീസ് പൊലീസ് സംരക്ഷണയിൽ പുനരാരംഭിക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ബസിനു മുന്നിലെ കൊടി തോരണങ്ങൾ മാറ്റാത്തതിനാൽ ഇന്നലെ സർവീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച തൊഴിൽ തർക്കതെത്തുടർന്ന് തിരുവാർപ്പ്- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐ.ടി.യു. കൊടി കുത്തി സമരം തുടങ്ങിയത്. ഇതേത്തുടർന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹൻ ബസിന് മുന്നിൽ പ്രതീകാത്മകമായി ലോട്ടറി വിൽപ്പന ആരംഭിച്ചിരുന്നു. രാജ് മോഹൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പൊലീസ് സംരക്ഷണത്തോടെ സർവീസ് നടത്താൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ, ഇത് വെല്ലുവിളിച്ച് സിഐ.ടി.യു- സിപിഎം. നേതാക്കൾ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞദിവസം സിഐ.ടി.യു. നേതാക്കൾ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ 6.40-ന് സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിപിഎം. നേതാക്കൾ തടഞ്ഞു. ഇവരെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങൾ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കിൽ ബസ് എടുക്കെന്നായിരുന്നു നേതാക്കൾ വെല്ലുവിളിച്ചത്.
അതേ സമയം ബസ് ഉടമ രാജ് മോഹനെ സിഐ.ടി.യു. നേതാവ് മർദിച്ച സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ. ഹൈക്കോടതിയുടെ വിധി അനുസരിച്ച് ബസ് ഓടിക്കുന്നതിൽ സിഐ.ടി.യുവിന് പ്രശ്നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ബസ് ഉടമയെ മർദ്ദിച്ചു എന്നത് ശുദ്ധ കളവാണ്. അങ്ങനെ ഒരു വിഷയം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ വന്ന് ബസ് ഓടിക്കുന്നതിലോ പൊലീസ് സംരക്ഷണം കൊടുക്കുന്നതിലോ യാതൊരു പ്രശ്നവും ഇവിടെയില്ല. സമരം പിൻവലിച്ചിട്ടില്ല. യഥാർത്ഥ പ്രശ്നം കോട്ടയം ജില്ലയിലെ എല്ലാ ബസ് ഉടമകളും അംഗീകരിച്ച കൂലി വ്യവസ്ഥ നടപ്പാക്കില്ലെന്ന ധാർഷ്ട്യത്തിലാണ് ഉടമ നടക്കുന്നത് എന്നതാണ്. തൊഴിലാളി- തൊഴിലുടമ പ്രശ്നത്തിൽ നിന്ന് മാറി ഇതൊരു രാഷ്ട്രീയ വിഷയമാക്കാനാണ് ബസ് ഉടമ ശ്രമിക്കുന്നതെന്നും അജയൻ കെ. മേനോൻ ആരോപിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രിയേയും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും ആക്ഷേപിച്ച് പ്രകോപനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. തിരുവാർപ്പിൽ ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കി ബോധപൂർവ്വം വിഷയങ്ങൾ ഉണ്ടാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയായിട്ടാണ് സമരത്തെ സിഐ.ടി.യു. കാണുന്നത്. കേവലം ഒരു തൊഴിൽ പ്രശ്നമായിട്ടല്ല കാണുന്നത്. കോട്ടയം ജില്ലയിലെ മറ്റ് തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം നൽകാൻ മാനേജ്മെന്റ് തയ്യാറാകണം എന്നാണ് സിഐ.ടി.യുവിന്റെ ആവശ്യം.
തൊഴിലാളികൾ സിഐ.ടി.യുവിൽ അംഗത്വം എടുത്തു എന്നതുകൊണ്ട് മാത്രം ശമ്പളം വർധിപ്പിക്കാതിരിക്കുന്നത് ശരിയല്ല. പ്രശ്നം പരിഹരിക്കാൻ ബസ്സുടമയ്ക്ക് യാതൊരു താൽപര്യവും ഇല്ലെന്നാണ് സിഐ.ടി.യു. മനസ്സിലാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ