- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയുടെ അനാരോഗ്യത്തോടെ എ ഗ്രൂപ്പു നേതാവായി സ്വയം അവരോധിതനായി കെ സി ജോസഫ്; ശശി തരൂരിന് സ്വീകരണം ഒരുക്കിയ ചിന്റു കുര്യൻ ജോയിക്കെതിരെയും കരുനീക്കം; ചങ്ങനാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹി നിയമനത്തിലും ഇടപെടൽ; ചിന്റു നിയമിച്ച മണ്ഡലം ഭാരവാഹികളുടെ നിയമനം മരവിപ്പിച്ച നടപടി വിവാദത്തിൽ
കോട്ടയം: കോൺഗ്രസിൽ എ ഗ്രൂപ്പിനെ എക്കാലവും നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്ക് അനുസരിച്ചാണ് ഗ്രൂപ്പിന്റെ എല്ലാ കരുനീക്കവും ഇത്രയും കാലം നടന്നത്. എന്നാൽ, ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ അനാരോഗ്യം മുതലെടുത്തു എ ഗ്രൂപ്പിന്റെ സ്വയംപ്രഖ്യാപിത നേതാവായി മാറുകയാണ് കെ സി ജോസഫ്. കോട്ടയം ജില്ലയിലെ പാർട്ടിയുടെ വിഷയങ്ങളിൽ കെ സി ജോസഫ് നടത്തുന്ന ഇടപെടലുകൾ എ ഗ്രൂപ്പിനുള്ളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്. എ ഗ്രൂപ്പിനുള്ളിൽ നല്ലൊരു ശതമാനം ആളുകളും ശശി തരൂരിനെ മുന്നിൽ നിർത്തുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ, അതിന് ഘടക വിരുദ്ധമായ നീക്കങ്ങളാണ് മുതിർന്ന നേതാവ് കെ സി ജോസഫിൽ നിന്നും ഉണ്ടാകുന്നത്.
ശശി തരൂരിന് ഈരാറ്റുപേട്ടയിൽ സ്വീകരണം ഒരുക്കി എന്ന കാരണം കൊണ്ട് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്കെതിരെയും കരുനീക്കങ്ങൾ നടക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിലും ഇടപെട്ടു കൊണ്ടാണ് ഇപ്പോൽ ജില്ലയിലെ എ ഗ്രൂപ്പു രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. ചങ്ങനാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹി നിയമനം മരവിപ്പിച്ചു നടപടിയാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരക്കുന്നത്. മുതിർന്ന നേതാക്കളുടെ ഇടപെടൽ കാരണം യൂത്ത് കോൺഗ്രസ് പുനഃസംഘടന അടക്കം നീണ്ടു പോകുന്ന അവസ്ഥയിലാണ്.
ശശി തരൂരിനെതിരെ പരസ്യമായി രംഗത്തുവന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും കെ സി ജോസഫും ചേർന്നാണ് കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതാവ് ചിന്റുവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സംഘടനാ പ്രവർത്തനം മുന്നോട്ടു പോകാൻ കഴിയാത്ത വിധത്തിൽ ഉടക്കുമായാണ് ഇവർ രംഗത്തുവന്നത്. ചങ്ങനാശശേരിയ മണ്ഡലം പ്രസിഡന്റ് മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോടതി വിധി നിൽക്കുന്നണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ സമാവായമെന്ന നിലയിൽ ചിന്റു നടത്തിയ നിയമനം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി റദ്ദാക്കുകയായിരുന്നു. ഷാഫി പറമ്പിലിന്റെ അടക്കം അനുമതിയോടെയാണ് നിയമനം നടത്തിയതെങ്കിലും കെ സി ജോസഫിന്റെ ഇടപെടലിൽ നിയമനം അട്ടിമറിക്കപ്പെട്ടു.
ചങ്ങനാശ്ശേരി ഈസ്റ്റ്, ചങ്ങനാശ്ശേരി വെസ്റ്റ്, തൃക്കൊടിത്താനം, കുറിച്ചി, പായിപ്പാട് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജെ പ്രേംരാജ് മരവിപ്പിച്ചതായി അറിയിച്ചത്. ചർച്ചകൾക്ക് ശേഷ അന്തിമ തീരുമാനം ഉണ്ടാകും വരെ കമ്മിറ്റികൾ നിയമനം ഏറ്റെടുക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന് പിന്നിൽ കെ സി ജോസഫിന്റെ കരങ്ങളാണെന്നാണ് എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം കരുതുന്നത്. സംഭവത്തിൽ വിവാദം മുറുകുന്നുണ്ട്.
ചിന്റു കുര്യൻ ജോയിക്കെതിരെ കരുനീക്കം നടത്തുന്നത് തരൂരിന് വേദിയൊരുക്കി എന്ന കരണം കൊണ്ടാണ്. ഈരാറ്റുപേട്ടയിൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സമ്മേളനം തരൂർ വിരുദ്ധരെ ശരിക്കും ചൊടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന് ഭ്രഷ്ട് കൽപ്പിച്ചു കൊണ്ടുള്ള വിധത്തിൽ പ്രതികരണങ്ങൾ വരുന്നതും. കാലിൻ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും കെ സി ജോസഫിനെ തൃപ്തിപ്പെടുത്താൻ വേണ്ടി ഒരു വിഭാഗം യൂത്ത് കോൺഗ്രസിനെ തളച്ചിടുകയാണ് എന്നാണ് ഉയരുന്ന ആരോപണം.
കോഴിക്കോട പര്യടനത്തിന് ശേഷം ശശി തരൂരിന് തെക്കൻ കേരളത്തിൽ ലഭിച്ച ഉജ്ജ്വല സ്വീകരണമായിരുന്നു ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനം. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ തരൂരിനെ മഴയത്ത് പാതയോരത്തു മണിക്കൂറുകൾ കാത്തുനിന്നാണു പ്രവർത്തകർ സ്വീകരിച്ചത്. ഈ രിപാടി വലിയ വിജയമാകുകയും ചെയ്തു. ഈ പരിപാടിയിൽ യൂത്ത് കോൺഗ്രസ് സ്വതന്ത്ര നിലപാടുള്ള സംഘടനയാണെന്നും ആരുടെ മുന്നിലും സംഘടന അടിയറവ് പറയില്ലെന്നും അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി വ്യക്തമാക്കിയിരുന്നു.
സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിന്റുവിന്റെ പരാമർശം. പരിപാടിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കി കൊണ്ട് പോസ്റ്റർ അടിപ്പിച്ചതാണ് വിവാദമായത്. പിന്നീട് സതീശനെ കൂടി ഉൾപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ