- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയെ ബൈക്ക് ഇടിച്ചശേഷം നിരങ്ങിനീങ്ങിയത് മുക്കാൽ കിലോമീറ്റർ; കോവളത്തെ ബൈക്ക് അപകടം റേസിങ് അല്ല; മത്സരയോട്ടം നടന്നതിന് തെളിവില്ല; അമിതവേഗത മാത്രം; വീട്ടമ്മ റോഡ് മുറിച്ചുകടന്നത് അശ്രദ്ധമായി; നാട്ടുകാരുടെ ആരോപണം തള്ളി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: കോവളത്ത് രണ്ടുപേരുടെ ജീവനെടുത്ത ബൈക്ക് അപകടത്തിന് കാരണം റേസിങ് അല്ലെന്ന് മോട്ടോർവാഹന വകുപ്പ്. അമിത വേഗതയാണ് അപകടമുണ്ടാക്കിയത് എന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാർ ആരോപിക്കുന്നതുപോലെ മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകട കാരണമായി എന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ റിപ്പോർട്ടിൽ പറയുന്നത്.
അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്നലെ രാവിലെ 7.45-ഓടെ കോവളം-തിരുവല്ലം ബൈപ്പാസിൽ പാച്ചല്ലൂർ തോപ്പടി ഭാഗത്തായിരുന്നു അപകടം.പനത്തുറ തുരുത്തിക്കോളനി വീട്ടിൽ അശോകന്റെ ഭാര്യ എൽ.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയിൽ എസ്‌പി അരവിന്ദ്(23) എന്നിവരാണ് മരിച്ചത്. റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ബിനുവിന്റെയും ഷൈനിന്റേയും ഏകമകൻ ഏക മകനാണ്. അരവിന്ദും കൂട്ടുകാരും കോവളം തീരത്ത് ഇൻസ്റ്റഗ്രാം റീൽ തയാറാക്കി മടങ്ങുമ്പോഴാണ് അപകടം.
അപകടത്തിൽ ഇടിയേറ്റ വഴിയാത്രക്കാരി സംഭവ സ്ഥലത്തു നിന്ന് 200 മീറ്റർ മാറി റോഡിലെ ഡിവൈഡറിലെ കുറ്റിക്കാട്ടിനിടയിലാണ് കിടന്നിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. സന്ധ്യയുടെ ഇടതുകാൽ മുറിഞ്ഞുമാറി റോഡിൽ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടിൽ മൃതദേഹം കിടന്നിരുന്നത്. വീട്ടുജോലിക്കു പോകുന്നതിനാണ് സന്ധ്യ രാവിലെ വീട്ടിൽനിന്നിറങ്ങിയത്.
പത്ത് ലക്ഷത്തിലേറെ വിലയുള്ള ആയിരം സിസിയുടെ സ്പോർട്സ് ബൈക്കാണ് അരവിന്ദ് ഓടിച്ചിരുന്നത്. ഇടിച്ചശേഷം നിയന്ത്രണം തെറ്റിയ ബൈക്ക് മുക്കാൽ കിലോമീറ്റർ അകലെ റോഡിലൂടെ നിരങ്ങിനീങ്ങിയാണ് ഓടയിൽ വീണത്. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
ബൈക്ക് റേസിങ്ങിനിടെയാണ് വഴിയാത്രക്കാരിയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചതെന്നാണ് ദൃക്‌സാക്ഷികളും വ്യക്തമാക്കിയത്. എന്നാൽ പ്രദേശവാസികളുടെ വാദം തള്ളിയ ഉദ്യോഗസ്ഥർ റേസിങ് നടന്നതിന് തെളിവില്ലെന്നാണ് അറിയിച്ചത്. കഴിഞ്ഞ ഒരു വർഷമായി മേഖലയിൽ റേസിങ്ങ് നടക്കാറില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ