പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ മനോനില മെഡിക്കൽ ബോർജ് മുൻപാകെ ഹാജരാക്കി അടിയന്തിരമായി പരിശോധിക്കണം എന്നാവശ്യപ്പെട്ട് സൂപ്രണ്ട് ആരോഗ്യവകുപ്പ് ഡയറക്ടർ അടക്കം കത്തയച്ചു. സൂപ്രണ്ടിന് നേരെ സൈക്കോളജിസ്റ്റും ബന്ധുക്കളും അടങ്ങുന്ന സംഘം ഭീഷണി മുഴക്കി. സൂപ്രണ്ടിന്റെ പരാതി പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.

ജില്ലാ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സൂപ്രണ്ട് ഡോ. നിധീഷ് ഐസക്ക് സാമുവേലിന് നേരെയാണ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സജിനി വേലായുധനും ബന്ധുവും ഒരു സംഘം ആളുകളും ഭീഷണിയുമായി എത്തിയത്. ഇത് സംബന്ധിച്ച് സൂപ്രണ്ട് ആറന്മുള പൊലീസിൽ പരാതി നൽകി. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ സജിനി വേലായുധന്റെ മനോനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നിന് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, ജില്ലാ കലക്ടർ, ആർ.ഡി.ഓ, സംസ്ഥാന ഡിസെബിലിറ്റി കമ്മിഷൻ, കെ.ജി.എം.ഓ.എ, വനിതാ ശിശുവികസന വകുപ്പ്, എസ്.എസ്.ബി, പൊലീസ് എന്നിവർക്ക് കത്ത് അയച്ചിരുന്നു. സജിനിക്ക് നോട്ടീസ് നൽകുകയും ചെയ്തു. നോട്ടീസും കത്തും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ സജിനിയും സംഘവും ബഷളം കൂട്ടിയത്. സൂപ്രണ്ട് ഇതിന് തയാറായില്ല. ഇതേ തുടർന്നാണ് ഭീഷണി കടുപ്പിച്ചത്. സൂപ്രണ്ടിന്റെ ചേമ്പറിൽ ഉണ്ടായിരുന്ന ഡോ. ബിനു സി. ജോൺ, മെഡിക്കൽ റെക്കോഡ് ലൈബ്രേറിയാൻ കെ.കെ.റീന എന്നിവർക്ക് നേരെയും ഇവർ കൈയേറ്റത്തിന് ശ്രമിച്ചു. സൂപ്രണ്ട് പൊലീസിനെ വിവരം അറിയിച്ചു.

സൈക്കോളജിസ്റ്റിന്റെ മാനസിക നില പരിശോധിച്ച് ചികിൽസ ലഭ്യമാക്കണമെന്ന് കത്തിൽ പറയുന്നു. ഇവർ രോഗികളുമായി നിരന്തരം വഴക്കടിക്കുകയും ഓപിയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്യുന്നുണ്ട്്. സജിനി വേലായുധൻ 21 വർഷത്തിലേറെയായി ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. ഇവർ ഇവിടെ നിരവധി ഇടപെടലുകൾ നടത്തുന്നുവെന്നും സർക്കാരിലേക്കും കോടതിയിലേക്കും നൽകേണ്ട റിപ്പോർട്ടുകൾ യഥാസമയം നൽകുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. മെഡിക്കൽ ബോർഡ് കൂടുന്നതിൽ ഇടപെടൽ, മുൻ സൂപ്രണ്ടുമാർക്ക് എതിരെ വ്യാജ പരാതി, സഹപ്രവർത്തകരോടുള്ള മോശം പെരുമാറ്റം തുടങ്ങി നിരവധി കാര്യങ്ങളും ഡി.എം.ഓ ക്ക് നൽകിയ റിപ്പോർട്ടിൽ ഉണ്ട്.

ഇതേ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഡോ. നിധീഷ് തുടർ നടപടികൾക്കായി ഡി.എം.ഓ ക്ക് റിപ്പോർട്ട് നൽകിയത്. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പറയുന്നു. പരാതിയിൽ അന്വേഷണം നടത്തുന്നതായി ആറന്മുള പൊലീസ് അറിയിച്ചു.