- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം വിൽപ്പനയ്ക്ക്! വാങ്ങി ചുറ്റുപാടുമുള്ള വയൽ കൂടി നികത്തിയെടുക്കാൻ പദ്ധതിയിട്ട് ആറന്മുള വിമാനത്താവളത്തിന് തുടക്കം കുറിച്ച ഏബ്രഹാം കലമണ്ണിൽ; തീറെഴുതാൻ മൂന്നു മുന്നണികളും ഒറ്റക്കെട്ട്
കോഴഞ്ചേരി: പഞ്ചായത്ത് സ്റ്റേഡിയം വിറ്റു തുലയ്ക്കാൻ ഭരണാധികാരികൾ. കിട്ടുന്ന വിലയ്ക്ക് വാങ്ങി ചുറ്റുമുള്ള വയൽ കൂടി നികത്തിയെടുക്കാൻ പ്ലാനിട്ട് ഭൂമാഫിയ. വിവാദം ഉയരുമ്പോഴും നിലപാട് വ്യക്തമാക്കാതെ മൂന്നു മുന്നണികളുടെയും ഒത്താശ. പുത്തൻ തലമുറയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകാനാണ് പഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്. പക്ഷേ, ഇത് തങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് പറഞ്ഞ് മറിച്ചു വിൽക്കാനോ വാടകയ്ക്ക് നൽകാനോ ആണ് നീക്കം.സ്റ്റേഡിയം ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന ആറന്മുള വിമാനത്താവള പദ്ധതി പ്രമോട്ടറും പ്രമുഖ വ്യവസായിയും രാഷ്ട്രീയ നേതാവുമായ ഏബ്രഹാം കലമണ്ണിലിന്റെ കത്ത് പഞ്ചായത്ത് ഭരണ സമിതി പരിഗണിക്കും.
ഭരണ മുന്നണിക്ക് നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് അംഗങ്ങൾ പോലും ഇക്കാര്യം അജണ്ടയിൽ ഇല്ലാതെ ചർച്ചയ്ക്ക് വരുമെന്ന് അറിഞ്ഞിരുന്നില്ല. ഇതോടെ കമ്മറ്റിയിൽ എതിർപ്പായി. ചർച്ച നീണ്ടതോടെ കൂടുതൽ പഠനത്തിനായി മാറ്റി വച്ചു. സ്റ്റേഡിയം ഏറ്റെടുത്തു നടത്താൻ തയാറായി വന്നത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവാണെങ്കിലും പ്രതിപക്ഷമായ ഇടത് കക്ഷികളിലെ അംഗങ്ങളും എതിർപ്പ് ഉയർത്തിയില്ല.
പഞ്ചായത്ത് ഭരണകർത്താക്കളിൽ ഏതാനും പേർ ഒഴികെ ഉള്ളവരെ നേതാവ് കാര്യമായി കണ്ടിരുന്നു എന്നാണ് പറയുന്നത്. തിരുവല്ല -പത്തനംതിട്ട റോഡിൽ തെക്കേമലക്കടുത്ത് തണുങ്ങാട്ടിൽ പാലത്തിനോട് ചേർന്നാണ് കോഴഞ്ചേരിയിൽ കായിക പ്രതിഭകളെ വളർത്താനായി സ്റ്റേഡിയം നിർമ്മിക്കാൻ പദ്ധതിയിട്ടത്. ഇതിനായി മൂന്നേക്കറോളം പാടം പല ഘട്ടങ്ങളിലായി നികത്തി. വിക്ടർ ടി തോമസ്, ബാബു കോയിക്കലേത്ത്, മിനി ശ്യാം മോഹൻ, ആനി ജോസഫ് എന്നിവർ പഞ്ചായത്ത് നയിച്ച കാലഘട്ടത്തിൽ സ്റ്റേഡിയം വികസനത്തിനായി പദ്ധതികൾ തയാറാക്കി. എന്നാൽ പലതും ഫലപ്രാപ്തിയിൽ എത്തിയില്ല. സ്റ്റേഡിയത്തിന്റെ സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി വിട്ടു നൽകുകയും ചെയ്തു. ഓപ്പൺ എയർ സ്റ്റേജ്, കമ്യൂണിറ്റി ഹാൾ എന്നിവ പദ്ധതിയിൽ ഉണ്ടായിരുന്നു.
ഇതിനു പിന്നാലെ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസ് നിർമ്മിക്കാൻ സ്ഥലം നൽകി. കൃഷി ഭവൻ, ആയുർവേദ ആശുപത്രി, വനിതാ സഹകരണസംഘം, മൽസ്യ ഫെഡ് തുടങ്ങിയവയ്ക്കായും കെട്ടിടങ്ങൾ നിർമ്മിച്ചു. പഞ്ചായത്തിന്റെ പ്രധാന പദ്ധതികളിൽ ഒന്നായ മാലിന്യ നിർമ്മാർജനത്തിനായി പ്ലാന്റും ഇവിടേക്ക് വന്നു. ഇതോടെ സ്റ്റേഡിയത്തിന്റെ വിസ്തൃതി കുറഞ്ഞു കൊണ്ടേയിരുന്നു. പ്രാരംഭ ഘട്ടത്തിൽ തന്നെ കൂടുതൽ പാടം ഏറ്റെടുക്കുന്നതിനായി ഒൻപത് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് സർക്കാരിലേക്ക് അടച്ചിരുന്നു.
സ്ഥലം ഏറ്റെടുപ്പ് പല കാരണങ്ങളാൽ വൈകി. റവന്യു അധികൃതർ അളന്ന് അതിർത്തി നിശ്ചയിക്കാൻ എത്തിയപ്പോൾ കാടു കയറി കിടന്നിരുന്നതിനാൽ തടസപ്പെട്ടു. കാട് തെളിച്ച് അളക്കാവുന്ന അവസ്ഥ വന്നപ്പോൾ ഉടമകളും സർവേ നമ്പറുകളും തമ്മിൽ പൊരുത്തപ്പെടാതായി. ഇതോടെ സ്ഥലമെടുപ്പ് നീണ്ടു പോയി. പമ്പയിൽ നിന്നെടുത്ത ചെളിയും മണ്ണും നിറഞ്ഞതോടെ സ്റ്റേഡിയത്തിൽ കായിക പരിശീലനത്തിന് സ്ഥലം ഇല്ലാതെ ആകുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സ്റ്റേഡിയം അടങ്കം ഏറ്റെടുക്കാൻ തയാറായി ആറന്മുള വിമാനത്താവള പദ്ധതിക്കാർ രംഗത്ത് വന്നത്. നിലവിലെ സ്റ്റേഡിയത്തിന് മുകളിലായി വ്യക്തികൾക്ക് ഉണ്ടായിരുന്ന പാടശേഖരം മിക്കതും ഇവർ വാങ്ങിയതായി പറയുന്നു.
പഞ്ചായത്ത് സ്റ്റേഡിയം വാടകയ്ക്കായാലും വിലയ്ക്കായാലും ഏറ്റെടുത്താൽ വികസനത്തിനായി നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തതും ഇപ്പോൾ ഈ ഗ്രൂപ്പിന്റെ കൈവശം ഉള്ളതുമായ പാടങ്ങളെല്ലാം നികത്തി എടുക്കാൻ കഴിയും. നഗരമധ്യത്തിൽ ഇത്തരത്തിൽ ഏക്കർ കണക്കിന് പാടം നികത്തി എടുക്കുകയും ചെയ്യാം. പൊങ്ങണം തോട് നികത്തി എടുത്ത് മതിൽ കെട്ടി അടച്ചതും ഇവർ തന്നെയാണ്. പൊങ്ങണം തോട് സംരക്ഷണം പറയുന്നവർ ഈ നികത്തലിൽ മൗനം പാലിക്കുകയാണ്. എൻജിനിയറിങ്, മെഡിക്കൽ, നിയമം അടക്കമുള്ള മേഖലകളിൽപ്രവർത്തിക്കുന്ന ഗ്രൂപ്പ് തങ്ങളുടെ വാഹനങ്ങൾ സ്റ്റേഡിയത്തിൽ അനുമതിയില്ലാതെ പാർക്ക് ചെയ്യുന്നത് വിവാദമായിരുന്നു.
ഇതേ തരത്തിൽ എല്ലാ പാർട്ടികളുടെയും നേതാക്കൾ അറിഞ്ഞു നികത്തിയ സ്ഥലത്താണ് ഇതിനു സമീപം സ്റ്റാർ ഹോട്ടൽ പണിതിരിക്കുന്നത്. ആദ്യം പാടം നികത്തിയവർ ഹോട്ടൽ നിർമ്മാണം ഏതാണ്ട് പൂർത്തിയാക്കി വിൽപ്പനയും നടത്തി. നിരവധി സംസ്ഥാന മന്ത്രിമാർ അടക്കമുള്ളവർ ഈ ഹോട്ടൽ ഉദ്ഘാടനത്തിലും തുടർ ചടങ്ങുകളിലും പങ്കെടുത്തു. വൈദ്യുതി, കൃഷി വകുപ്പുകളുടേതടക്കം സർക്കാർ പരിപാടികളും ഇവിടെയാണ് നടക്കുന്നത്. ഇത്തരത്തിൽ സ്വാധീനം ഉണ്ടെങ്കിൽ സ്റ്റേഡിയത്തിന് മറുവശവും നികത്തുന്നതിന് തടസമില്ല. ഈ പാടവും അധികം വൈകാതെ കരഭൂമിയാക്കാൻ കഴിയും.
സമീപം അടുത്തിടെ ഒരേക്കറോളം വയൽ നികത്തിയിരുന്നു. ഇതിന് രേഖ ഉണ്ടെന്നാണ് ഇവരുടെ വാദം. കാർഷിക വികസന സമിതി അംഗീകാരവും നൽകിയിട്ടുണ്ടത്രേ. അനധികൃത നിർമ്മാണവും നികത്തലും അടക്കം സാധൂകരിച്ചു നൽകാൻ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുംതുനിഞ്ഞിറങ്ങുമ്പോൾ ഇവിടെ സ്റ്റേഡിയം മാത്രമല്ല സഹകരണ സംഘം വക വസ്തുവും ആർക്കും വിൽക്കുകയും വാങ്ങുകയും ചെയ്യാം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്