കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ അപകടത്തിൽ ഉണ്ടായത് വൻ തീപിടിത്തമെന്ന് ദൃക്സാക്ഷി. രാത്രി രണ്ടര മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ് അപകടം നടന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചത്. ആംബുലൻസും ട്രാൻസ്ഫോർമറും കടകളും അടക്കം കത്തുന്നതാണ് കണ്ടതെന്നും ദൃക്സാക്ഷിയായ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു.

സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നേരിയ മഴയുണ്ടായിരുന്നു. അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് അറിയില്ല. ആംബുലൻസ് വരുന്നത് കണ്ടിട്ടില്ല. ഇടിയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കുന്നത്. ട്രാൻസ്ഫോർമറിൽ നിന്നുള്ള തീ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും പടരുകയായിരുന്നു. ബാക്കിയെല്ലാവരും തെറിച്ചുവീണു. രോഗിയെ രക്ഷിക്കാനായില്ല എന്നും സെക്യൂരിറ്റി ജീവനക്കാരൻ വിശദീകരിച്ചു.

മിംസ് ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. മരിച്ച സുലോചനയെ ശസ്ത്രക്രിയക്കായി മിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുലോചനയടക്കം ഏഴ് യാത്രക്കാരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസി പ്രസീദ, ഡോക്ടർ, രണ്ട് നഴ്സിങ് അസിസ്റ്റന്റുമാർ, ആംബുലൻസ് ഡ്രൈവർ എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

ഡോക്ടർ, ഡ്രൈവർ, രോഗിയുടെ ഭർത്താവ്, കൂട്ടിരുപ്പുകാരി, നഴ്സിങ് അസിസ്റ്റൻഡുമാർ തുടങ്ങി രോഗിയുൾപ്പെട ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ, ഡോക്ടർ, ഒരു നഴ്സിങ് അസിസ്റ്റന്റ് എന്നിവർ ഡിസ്ചാർജ് ആയി. അവർക്ക് കാര്യമായ പരിക്കുകൾ ഇല്ല. സുലോചനയുടെ ഭർത്താവ് ചന്ദ്രന്റെ പരിക്ക് ഗുരുതരമാണ്.

പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലച്ചെ 3.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാർ മെഡിക്കൽ കോളേജിൽനിന്നും അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. ട്രാൻസ്ഫോർമറിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുയും ചെയ്തു.

ഇടിയേറ്റ് തീപ്പിടിച്ച ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. കോഴിക്കോട് ഇന്നലെ അർധരാത്രി മുതൽ കനത്ത മഴയായിരുന്നു. മഴയത്ത് ആംബുൻസിന്റെ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.