കോഴിക്കോട്: സ്വന്തം ഭൂരിപക്ഷം കണ്ട ഒരു സ്ഥാനാത്ഥി തന്നെ നടുങ്ങിപ്പോവുക! കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഒരുലക്ഷത്തി നാൽപ്പത്തിയാറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച് നാലാമതും എം പിയായ എം കെ രാഘവൻ ശരിക്കും അത്ഭുതമാവുകയാണ്. ഇത്തവണ മത്സരിക്കുമ്പോൾ പോസ്റ്റർ അടിക്കാനുള്ള പണം പോലും സ്ഥാനാർത്ഥിയുടെ കൈയിൽ ഉണ്ടായിരുന്നില്ല. എതിർസഥാനാർത്ഥി സിപിഎമ്മിലെ എളമരം കീരമാവട്ടെ, മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയോടെ പണം ഒഴുക്കിയുള്ള പ്രചാരണമാണ് നടത്തിയത്. കോഴിക്കോട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെല്ലാം 'കരീംക്ക'യെന്ന് പറഞ്ഞ് എളമരം നിറഞ്ഞു നിൽക്കുന്ന ഫ്ളക്സുകൾ ഉയർന്നു. കോഴിക്കോട് മണ്ഡലത്തിൽ ഒന്ന് ചുറ്റിനടക്കുന്നവർ പോലും പറഞ്ഞത് പ്രചാരണത്തിൽ എൽഡിഎഫ് ബഹുദൂരം മുന്നിലാണെന്നാണ്.

കോഴിക്കോട്ടെ സകല ബിസിസസ് ഗ്രൂപ്പുകളുടെയും പിന്തുണ മൂൻ വ്യവസായ മന്ത്രി കൂടിയായ എളമരം കീരിമിനായിരുന്നു. സിപിഎമ്മിനെ സമസ്തയുടെ ഒരു വിഭാഗത്തോടും, കാന്തപുരം എ പി സുന്നിവിഭാഗത്തോടുമൊക്കെ അടുപ്പിക്കാനുള്ള, നീക്കങ്ങളുടെ ബുദ്ധികേന്ദ്രവും എളമരം കീരം തന്നെയായിരുന്നു. പൗരത്വഭേദഗതിയും ഏകസിവിൽ കോഡുമടക്കമുള്ള വിഷയങ്ങൾ എടുത്തിട്ട് മുസ്ലിം വോട്ടിൽ ധ്രുവീകരണം ഉണ്ടാക്കുക എന്ന തീക്കളിയാണ് ഇടതുപക്ഷം ഇവിടെ നടത്തിയത്. പക്ഷേ ഫലം വന്നപ്പോൾ എല്ലാവരും ശശിയായി. ഒരിക്കലും കൈവിടാതിരുന്ന മണ്ഡലങ്ങൾ പോലും സിപിഎമ്മിനെ കൈവിട്ടു. 5,20,421 വോട്ടുകൾ എം കെ രാഘവൻ നേടിയപ്പോൾ, എളമരം കരീമിന് 3,74,425 വോട്ടുകൾ മാത്രമാണ് കിട്ടിയത്. 1,8000ത്തോളം വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർത്ഥി എം ടി രമേശും കഴിഞ്ഞ തവണത്തേതിനേക്കാൾ നില മെച്ചപ്പെടുത്തി.

തോറ്റു ഞെട്ടിയ എൽഡിഎഫ്

സംസ്ഥാനത്ത് സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള ലോക്സഭാ മണ്ഡലം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം കോഴിക്കോട് എന്നായിരിക്കും. കണ്ണൂരിലേക്കാളും കൂടുതലാണ് കോഴിക്കോട്ടെ പാർട്ടി മെമ്പർഷിപ്പ്. ഇവിടുത്തെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ആറും എൽഡിഎഫിനാണ്. കോഴിക്കോട് കോർപ്പറേഷൻ അടക്കം ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമാണ്. ആ സ്ഥലത്താണ് പാർട്ടിക്ക് ഈ രീതിയിൽ ഇരുട്ടടിയേറ്റിയിരിക്കുന്നത്. ഇരുപതിനായിരം വോട്ടിന് കരീം ജയിക്കുമെന്നായിരുന്നു അവസാന നിമിഷം വരെ സിപിഎം നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നത്. കോഴിക്കോട്ടെ അന്തിമ കണക്കുവരുമ്പോൾ സിപിഎം ശരിക്കും ഞെട്ടിയിരിക്കയാണ്.

ഒരുകാലത്തും തങ്ങളെ കൈവിടില്ല എന്ന് കരുതിയ ബേപ്പുർ, എലത്തൂർ, ബാലുശ്ശേരി മണ്ഡലങ്ങളിൽപോലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. മന്ത്രി റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ യുഡിഎഫ് ലീഡ് ഇരുപതിനായിരത്തോളമാണ്. കാന്തപുരത്തിന്റെ ആസ്ഥാനമായ മർക്കസ് ഉള്ള കുന്ദമംഗലത്ത് 25,000 വോട്ടിന്, കോഴിക്കോട്ടുകാരുടെ രാഘവേട്ടൻ മുന്നിലെത്തി. സിപിഎം കോട്ടയായ ബാലുശ്ശേരിയിൽ 17,000ത്തോളം വോട്ടിന് യുഡിഎഫ് മുന്നിലെത്തി. സച്ചിൽ ദേവ് ആണ് ഇവിടുത്തെ എംഎൽഎ. എൽഡിഎഫിന്റെ സിറ്റിങ്് സീറ്റായ കോഴിക്കോട് നോർത്തിൽ 15,000ത്തോളം വോട്ടിന്റെയും, മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മണ്ഡലമൗയ സൗത്തിൽ 21,000ത്തോളം വോട്ടിന്റെയും ലീഡ് യുഡിഎഫ് നേടി. കോഴിക്കോട് ജില്ലയിൽ യുഡിഎഫിന്റെ കൈയിലുള്ള ഏക മണ്ഡലമായ കൊടുവള്ളിയിൽ നേടിയ, 35,000ത്തോളം വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷമാണ്, രാഘവന്റെ ലീഡ് ഒന്നരലക്ഷത്തിന് അടുത്ത് എത്തിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ചുവക്കും, ലോക്സഭാ വേളയിൽ മാറി ചിന്തിക്കും. ഇതാണ് കുറേനാളായുള്ള കോഴിക്കോടിന്റെ ചരിത്രമെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് എൽഡിഎഫ് നേതാക്കൾ. പക്ഷേ കാര്യം അവർ കരുതുന്നതുപോലെ അത്ര ലളിതമല്ല. എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫിന് വോട്ട് 2019-നെ വെച്ചുനോക്കുമ്പോൾ ഗണ്യമായി കുറഞ്ഞിരിക്കയാണ്. ജാതി മത ശക്തികളെ കൂട്ടുപിടിച്ചും, പണമൊഴുക്കിയും ജയിക്കാമെന്ന സിപിഎമ്മിന്റെ വ്യാമോഹത്തിന് ഏറ്റ തിരിച്ചടികൂടിയാണ് ഈ വിജയം.

കോഴിക്കോടിന്റെ സ്വന്തം രാഘവേട്ടൻ

2009-ൽ പയ്യന്നൂരിൽ നിന്ന്, എം കെ രാഘവൻ കോഴിക്കോട് മത്സരിക്കാൻ എത്തുമ്പോൾ അദ്ദേഹത്തെ ആരും അറിയുമായിരുന്നില്ല. ഇന്നത്തെ മന്ത്രി, പി എ മുഹമ്മദ് റിയാസ് ആയിരുന്നു അന്ന് രാഘവനെ നേരിട്ടത്. മണ്ഡല പുനർ നിർണ്ണയത്തിനുശേഷം, ബേപ്പൂർ, കുന്ദമംഗലം എന്നീ ഇടത് കോട്ടകൾ കോഴിക്കോട് മണ്ഡലത്തോട് കൂട്ടിച്ചേർത്തതോടെ ഇടതിന്റെ അത്മവിശ്വാസം ഏറെ വർധിച്ചിരുന്നു. പക്ഷേ ഫോട്ടോ ഫിനിഷിലേക്ക് നീണ്ട വോട്ടെണ്ണലിൽ 838 വോട്ടുകൾക്ക് രാഘവൻ വിജയിച്ച് കയറി.

പക്ഷേ പിന്നീട് അങ്ങോട്ട് ഓരോ തെരഞ്ഞെടുപ്പിലും രാഘവൻ കൃത്യമായ ഭൂരിപക്ഷം ഉയർത്തി. സൗമ്യവും, വിനയാന്വിതവുമായ പ്രവർത്തനത്തിലൂടെ എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റി. മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തി കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട രാഘവേട്ടനായി. ആദ്യതെരഞ്ഞെടുപ്പിലെ 838 വോട്ടിനാണ് ജയിച്ചതെങ്കിൽ 2014-ൽ 16,883 വോട്ടുകൾക്കാണ് രാഘവൻ, സിപിഎമ്മിലെ എ വിജയരാഘവനെ തോൽപ്പിച്ചത്. 2019-ൽ അദ്ദേഹം 85,225 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ എ പ്രദീപ്കുമാറിനെ തോൽപ്പിച്ചു. ഇപ്പോഴിത ലീഡ് ഒന്നരലക്ഷത്തിന് അടുത്ത് എത്തിയിരിക്കുന്നു.

മുസ്ലിം ലീഗിന്റെ അതിശക്തമായ പിന്തുണയാണ് എം കെ രാഘവന്റെ ബലം. കോൺഗ്രസിലെ പലരും കാലുവാരാൻ ശ്രമിച്ചപ്പോൾ പോലും അദ്ദേഹം പിടിച്ചുനിന്നത് ഈ ഉറച്ച പിന്തുണകൊണ്ടാണ്. ഒരുവേളം നാലാമൂഴം കൊടുക്കാതെ അദ്ദേഹത്തെ മാറ്റിനിർത്താനും കോൺഗ്രസിൽ ആലോചന ഉണ്ടായിരുന്നു. പക്ഷേ വിജയസാധ്യത മുന്നിൽ നിർത്തി വീണ്ടും രാഘവന് തന്നെ നറുക്ക് വീഴുകയായിരുന്നു. കരീമിനുവേണ്ടി നഗരത്തിലെ പൗരപ്രമുഖന്മാരും ബിസിനസ് ഗ്രൂപ്പുകളുമൊക്കെ രംഗത്തെത്തിയിരുന്നെങ്കിലും, കോഴിക്കോട്ടെ ജനം അതെല്ലാം തള്ളിക്കളഞ്ഞു.