കോഴിക്കോട്: ഇപ്പോൾ അടിക്കടി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കയാണ് കോഴിക്കോട് മെഡിക്കൽ കോളജ്. ഹർഷീന എന്ന വീട്ടമ്മക്ക് പ്രസവ ശസ്ത്രക്രിയക്കിടെ കത്തി ശരീരത്തിനകത്ത് കുടങ്ങിയത് അടക്കമുള്ള ഗൗരവമായ പിഴവുകളാണ്, പതിനായിരങ്ങൾ ആശ്രയിക്കുന്ന ഈ മെഡിക്കൽ കോളജിനെ വിവാദ കേന്ദ്രമാക്കുന്നത്. അതിനുശേഷം കൈക്ക് ചെയേണ്ട ഓപ്പറേഷൻ മാറി നാവിനെ ചെയ്തുവെന്നും, കോഴിക്കോട് മെഡിക്കൽ കോളജിനെകുറിച്ച് വിവാദമുണ്ടായി. എന്നാൽ നാക്ക് മുറിച്ചതല്ല, കൂട്ടുനാക്ക് എന്ന് പറയുന്ന സംസാര വൈകല്യം മാറ്റിയതാണ് എന്നാണ് ബന്ധപ്പെട്ട ഡോക്ടർ പറയുന്നത്. പക്ഷേ ഈ പിഴവിന്റെ പേരിൽ ഡോക്ടർക്ക് സസ്പെൻഷനും ആയിരുന്നു.

എന്നാൽ ഇപ്പോൾ തീർത്തും വിചിത്രമായ മറ്റൊരു വിവാദമാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഉണ്ടായിക്കുന്നത്. ഒരു അപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് എത്തിയ രോഗിക്ക് കാലിന് ഇടേണ്ട കമ്പി കൈയ്ക്ക് ഇട്ടുവെന്നും, ഇതിൽ ചികിത്സാപിഴവ് ഉണ്ടെന്നുമാണ് ആരോപണം. എന്നാൽ ഈ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് ഡോക്ടർമാരും ശാസ്ത്ര പ്രചാരകരും പറയുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഏടുത്ത എക്സ്‌റേയിൽ, കൈക്കുഴ തെന്നിപ്പോകാതിരിക്കാൻ താൽക്കാലികമായി ഇട്ട് വെക്കുന്ന കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്ടർക്ക് സംശയം തോന്നുകയും, ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നെക്കാമെന്ന് രോഗിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കി. പക്ഷേ അപ്പോഴേക്കും രോഗി തെറ്റിദ്ധരിച്ചതാണ് വാർത്തയുടെ അടിസ്ഥാനം.

ഇത് സംബന്ധിച്ച് ബ്ലോഗറായ ജിതിൻ രാജിന്റെ പോസ്റ്റ്‌ ഇങ്ങനെ.-'

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം മുൻപ് നടന്നത് അംഗീകരിക്കാൻ പറ്റാത്ത പിഴവ് തന്നെയാണ്. പക്ഷേ അതിന്റെ ചുവട് പറ്റി ഇന്ന് മാധ്യമങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന കഥ വെറും ഗുണ്ടാണ്. അപകടത്തിൽ പരിക്കേറ്റു വന്ന ചെറുപ്പക്കാരന് കാലിലിടേണ്ട കമ്പി കയ്യിലിട്ടു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. കേൾക്കുമ്പോൾ തന്നെ ആർക്കും ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്ന കേസാണ്. പക്ഷേ ഒരു മിനിമം സത്യാന്വേഷണം പോലും ചെയ്യാതെ ഇവർ വാർത്ത കൊടുക്കുമ്പോൾ സത്യം പറയേണ്ട ചുമതല നമ്മുടേതാണല്ലോ.

അങ്ങനെ സത്യമന്വേഷിച്ച് ഒരു യാത്ര നടത്തി..ഒന്നാമത്തെ കാര്യം, ഓർത്തോപീഡിക് സർജറി എന്ന് പറയുന്നത് ആശാരിപ്പണി പോലെയാണ്. അളവും വളവും ഒത്തു വരുന്നത് വരെ ചിലപ്പോൾ കറക്ഷനുകൾ ചെയ്തു കൊണ്ടിരിക്കേണ്ടി വരും. എല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് മൾട്ടിപ്പിൾ സർജറികൾ സർവ്വസാധാരണമാകുന്നതിന്റെ കാരണവും അത് തന്നെ.

കോഴിക്കോട് സംഭവിച്ചതോ?'കയ്യിലെ അസ്ഥികൾ പൊട്ടിയ അവസ്ഥയിൽ വന്ന രോഗിക്ക്, അസ്ഥികളെ ഉറപ്പിക്കാൻ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യകത പറഞ്ഞ് മനസ്സിലാകുകയും, പ്ലേറ്റും സ്‌ക്രുവും ഉപയോഗിച്ച് പൊട്ടിയ എല്ലുകളെ ഉറപ്പിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ കൈക്കുഴയിലെ അസ്ഥികൾ തെന്നിപോകാതെ ഇരിക്കാൻ താത്കാലികമായ കമ്പി ഇട്ട് വക്കുകയും ചെയ്തു.'

'ശസ്ത്രക്രിയക്ക് ശേഷം ഏടുത്ത എക്സ്‌റേയിൽ, കൈക്കുഴ തെന്നിപ്പോകാതിരിക്കാൻ താത്കാലികമായി ഇട്ട് വെക്കുന്ന കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്ടർക്ക് സംശയം തോന്നുകയും, ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നേക്കാമെന്ന് രോഗിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കുകയും ചെയ്തു.'

ഇത്ര മാത്രമാണ് സംഭവം. കഷ്ടിച്ച് രണ്ട് മില്ലിമീറ്റർ മാത്രമെങ്ങാനും ആംഗുലാർ ഡിസ്ലൊക്കേഷൻ വന്നതിനെ കറക്റ്റ് ചെയ്യണോ വേണ്ടയോ എന്നൊരു സംശയം ജൂനിയർ ഡോക്ടർക്ക് തോന്നി. പുള്ളി അത് രോഗിയോട് പങ്കുവെച്ചു, സീനിയർ ഡോക്ടറോടും കൂടെ ചോദിച്ചശേഷം വേണ്ടിവന്നാൽ കറക്ഷൻ ചെയ്യാം എന്ന് പറഞ്ഞു.. ഏതൊരു ഹോസ്പിറ്റലിൽ നടക്കുന്ന വളരെ സ്വാഭാവികമായ കാര്യം.

പക്ഷേ രോഗി അത് മനസ്സിലാക്കിയത് തെറ്റായാണ്. കമ്പി മാറിപ്പോയി, കൈക്കിടേണ്ട കമ്പിയല്ല ഇട്ടത് എന്നൊക്കെയാണ്.. അതും സ്വാഭാവികം തന്നെ. ഉടനടി ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകാൻ പറ്റുന്ന ബന്ധങ്ങളില്ലാത്ത മനുഷ്യനായിരിക്കാം. തനിക്ക് നേരിട്ട് ഇഞ്ചുറിയുടെ വേദനയും ഫ്രസ്റ്റേഷനും അദ്ദേഹത്തെ ബാധിച്ചതുമായിരിക്കും. പക്ഷേ മാധ്യമങ്ങൾ അങ്ങനെയല്ലല്ലോ. എംബിബിഎസ് കഴിഞ്ഞ ഏതൊരു വ്യക്തിയോടും വിളിച്ചു ചോദിച്ചാൽ ഉടനടി മറുപടി കിട്ടുന്ന ഒരു സാധാരണ സംഭവം മാത്രമാണിത്. ഏതൊരു മാധ്യമപ്രവർത്തകനും അങ്ങനെയുള്ള നൂറ് ബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യും.

പക്ഷേ അവർ ചെയ്തതോ! ഒരു ഫോൺ കോൾ പോലും ആർക്കും ചെയ്യാതെ, 'കാലിലെ കമ്പി കയ്യിലിട്ടു' എന്നും പറഞ്ഞ് വാർത്ത കൊടുത്തു! ഓരോ 15 മിനിറ്റിലും അതിന്റെ ഫോളോ അപ്പ് വാർത്തകൾ വേറെയും!

ഒരു നല്ല കാര്യം ചെയ്യാൻ വിചാരിച്ചതിനാണ് ആ ജൂനിയർ ഡോക്ടറും മെഡിക്കൽ കോളേജും ഇപ്പോൾ തെറി കേട്ടുകൊണ്ടിരിക്കുന്നത്! ഇതൊരു പാഠമായി കണക്കിലെടുത്ത് നാളെ മുതൽ ഇത്തരം പെർഫെക്ഷൻ ആവശ്യമില്ല എന്ന് ഡോക്ടർമാർ തീരുമാനിച്ചാൽ, പ്രോട്ടോക്കോളുകളിൽ ഏറ്റവും സേഫായത് മാത്രം ചെയ്താൽ മതി എന്ന് സർക്കാർ ഡോക്ടർമാർ ഒന്നടങ്കം നിശ്ചയിച്ചാൽ, അത് ആത്യന്തികമായി ബാധിക്കാൻ പോകുന്നത് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരനെ ആയിരിക്കും.ഇല്ലാക്കഥകൾ ആവേശത്തോടെ വിളമ്പി ആ ഗതികേടിലേക്ക് സാധാരണക്കാരനെ എത്തിച്ച മാധ്യമങ്ങൾ സീനിലേ ഉണ്ടാവില്ല!"- ഇങ്ങനെയാണ് ജിതിൻ രാജിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഈ വിവരം മാധ്യമങ്ങളെ അറിയിച്ചിട്ടും അവർ തിരുത്താൻ തയ്യാറായില്ലെന്നും ജിതിൻ രാജ് തുടർന്ന് കമന്റായി പറയുന്നുണ്ട്. ഇതുതന്നെയാണ് കോഴിക്കോട്ടെ ഡോക്ടർമാരും പറയുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ മൊത്തത്തിൽ താറടിക്കുന്നത് ശരിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് ശസ്ത്രക്രിയകൾ നടക്കുന്ന, ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത കോഴിക്കോട് മെഡിക്കൽ കോളജിൽ, നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും ജനകീയ ആരോഗ്യ പ്രവർത്തകർ പറയുന്നു.