- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത കുരുക്ക് നേരിടാൻ സംസ്ഥാനത്ത് ആദ്യമായി പോർട്ടബിൾ ട്രാഫിക് സിഗ്നൽ; പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിച്ച പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; പാർക്കിംഗ് ഏരിയ ഒരുങ്ങുന്നത് 4 ഏക്കറിൽ; കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ മനോജ് ബാബു പടിയിറങ്ങുമ്പോൾ ചർച്ചയായി ദർശനാത്മക പദ്ധതികൾ
കോഴിക്കോട്: നിരവധി ദർശനാത്മക പദ്ധതികൾക്ക് തുടക്കം കുറിച്ച കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ മനോജ് ബാബു ബുധനാഴ്ച പടിയിറങ്ങും. കോഴിക്കോട് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പാർക്കിംഗിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായും, ഗതാഗത കുരുക്കിന് പരിഹാരം കാണാൻ നിർണായകമായ പദ്ധതികൾക്ക് പിന്നിൽ പ്രവർത്തിച്ചത് മനോജ് ബാബുവായിരുന്നു. രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി പോർട്ടബിൾ ട്രാഫിക് സിഗ്നൽ എന്ന പദ്ധതി കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ആരംഭിച്ചു. കോഴിക്കോട് നഗരത്തിലെ പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച 'പാർക്കിംഗ് സൗഹൃദ കോഴിക്കോട് എന്ന പദ്ധതി'യും രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. ഈ പദ്ധതിക്ക് നേതൃത്വം നൽകിയത് മനോജ് ബാബുവാണ്.
ഗതാഗത കുരുക്ക് നേരിടാൻ 'പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ'
മുംബൈയിലാണ് പോർട്ടബിൾ ട്രാഫിക് സിഗ്നൽ എന്ന അത്യാധുനിക സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്ഷം നാഗ്പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി കേരളത്തിലും ഈ സംവിധാനം പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നതായി കോഴിക്കോട് ട്രാഫിക് സിറ്റി എസ്ഐ പറയുന്നു. നാഗ്പൂരിൽ സ്ഥാപിച്ച പോർട്ടബിൾ ട്രാഫിക് സിഗ്‌നലുകൾ വിജയമായതിനെ തുടർന്ന് കേരളത്തിലും ഇവ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. ദേശീയ പാത വികസനം നടക്കുന്ന മലാപ്പറമ്പ് ജംക്‌ഷനിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ദേശീയപാത 6 വരിയാക്കുന്നതുമായി ബന്ധപ്പെട്ട് മലാപ്പറമ്പ് ജംക്‌ഷനിൽ കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. എവിടേക്കും ഉരുട്ടി കൊണ്ടുപോകാൻ പറ്റും എന്നതാണ് ഈ ട്രാഫിക് സിഗ്നലുകളുടെ പ്രത്യേകത. മാത്രമല്ല സോളർ ഊർജത്തിൽ പ്രവർത്തിക്കുന്ന സിഗ്നൽ ലൈറ്റിന് 24 മണിക്കൂറും സജ്ജമായ ബാറ്ററി ബാക്കപ്പുമുണ്ട്. ദിവസേന 30 പൊലീസുകാർ റോഡിൽനിന്നാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിൽ പോർട്ടബിൾ ട്രാഫിക് സിഗ്നലുകളുടെ പ്രവർത്തനം പോലീസുകാർക്ക് ഉൾപ്പെടെ ആശ്വാസമാകും.
പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 'പാർക്കിംഗ് സൗഹൃദ കോഴിക്കോട്'
മനോജ് ബാബു നേതൃത്വം നൽകിയ 'പാർക്കിംഗ് സൗഹൃദ കോഴിക്കോട് എന്ന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടം വിജയമായതിനെ തുടർന്ന് വെള്ളയിൽ, കാമ്പുറം ബീച്ച് എന്നീ പ്രദേശങ്ങളിലാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. മാനാഞ്ചിറ സ്‌ക്വയർ, പാവമണി റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. കോഴിക്കോട് കോർപറേഷൻ ഈ പദ്ധതിക്കായി 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 4 ഏക്കറിലാണ് ഈ പദ്ധതി ഒരുങ്ങുന്നത്. ഈ ആധുനികവൽക്കരിച്ച പാർക്കിങ് ഏരിയയിൽ ഫുഡ് കോർട്ട്, മൽസ്യ സ്റ്റാളുകൾ, ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ, ടോയ്‌ലറ്റുകൾ എന്നിവയുണ്ടാകും.
പദ്ധതികൾക്ക് സഹായകമായത് യുകെയിൽ കമ്യൂണിറ്റി ഓഫിസറായി പ്രവർത്തിച്ച അറിവും പരിചയവും
ദേശീയ പാത 6 വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായി വയനാട് റോഡിൽ ഓവർ പാസ് തുറക്കുകയും രാമനാട്ടുകര–വെങ്ങളം പാതയിലെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിർദിഷ്ട ദേശീയ പാതയുടെ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലേക്കു തിരിച്ചുവിടുകയും ചെയ്തതോടെയണ് മലാപ്പറമ്പ് ജംക്‌ഷനിൽ വൻ ഗതാഗക്കുരുക്ക് രൂപപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റിനെക്കുറിച്ച് ആലോചന ഉയർന്നത്. കേരള പൊലീസിൽനിന്ന് അവധിയെടുത്ത് യുകെയിൽ 11 വർഷം കമ്യൂണിറ്റി ഓഫിസറായി സേവനം അനുഷ്ഠിച്ച എസ്ഐ മനോജ് ബാബുവിന്റെ ഈ രംഗത്തെ അറിവും പരിചയവുമാണ് കോഴിക്കോട്ടും പോർട്ടബിൾ ട്രാഫിക് സിഗ്നൽ ലൈറ്റ് ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സഹായകരമായത്.