കോഴിക്കോട്: കോഴിക്കോട് ഞെളിയൻപറമ്പിലെ വേസ്റ്റ് ടു എനർജി പദ്ധതിയുടെ കരാറിൽ നിന്ന് വിവാദ കമ്പനിയായ സോൺട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം. 2019-ലാണ് പദ്ധതി നടത്തിപ്പിനായി സോണ്ട കരാർ ഏറ്റെടുത്തത്. എന്നാൽ ബയോ മൈനിങ്ങിന്റെ 60 ശതമാനം മാത്രമാണ് സോണ്ട പൂർത്തിയാക്കിയത്. കരാർ ചട്ടങ്ങൾ ലംഘിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

പ്ലാസ്റ്റിക് കുന്നുകൂടുകയും കഴിഞ്ഞ ദിവസം അവിടെ തീപിടിത്തം ഉണ്ടായത് ആളുകളിൽ ആശങ്ക ഉണ്ടാവുകയും ചെയ്തിരുന്നു. നിലവിൽ കോർപ്പറേഷൻ നേരിട്ടാണ് ഞെളിയൻപറമ്പിൽ മാലിന്യ സംസ്‌കരണം നടത്തുന്നത്. ഈ സാഹചര്യത്തിൽ സോൺട ഇൻഫ്രാടെക്കുമായി മുന്നോട്ട് പോവാൻ ആവില്ലെന്നാണ് കോഴിക്കോട് കോർപ്പറേഷന്റെ നിലപാട്. 

സർക്കാറും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷനും (കെ.എസ്‌ഐ.ഡി.സി) നടപ്പാക്കുന്ന പദ്ധതിയുടെ കരാറുകാർ ബംഗളൂരു ആസ്ഥാനമായ സോൺട ഇൻഫോടെക് എന്ന സ്ഥാപനമായിരുന്നു. കൊച്ചി ബ്രഹ്‌മപുരത്തെ പ്ലാന്റിന്റെ നിർമ്മാണക്കരാറും സർക്കാർ ഇവർക്കാണ് നൽകിയത്.

കരാർ കഴിഞ്ഞ നവംബറിൽ അവസാനിച്ചതോടെ കരാർ പുതുക്കി നൽകാൻ കമ്പനി വീണ്ടും കോർപ്പറേഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ പദ്ധതി ഇത്രയും വൈകിയ സാഹചര്യത്തിൽ കരാർ ഇനി പുതുക്കി നൽകേണ്ട എന്നാണ് കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം.

ഏഴരക്കോടിയുടെ കരാറിൽ ഇതുവരെ ഒന്നരക്കോടി രൂപ കമ്പനിക്ക് നൽകിയിട്ടുണ്ട്. പദ്ധതി പാതി വഴിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ബാക്കി തുക നൽകില്ലെന്നും കോർപ്പറേഷൻ വ്യക്തമാക്കി. ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും മേയർ പറഞ്ഞു.

ഞെളിയൻ പറമ്പിലെ സംസ്‌കരണ യൂണിറ്റിൽ നിന്ന് അരിച്ചെടുക്കുന്ന പ്ലാസ്റ്റിക് തരികൾ ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്നു. ഇത് കാറ്റിൽ പറന്ന് പ്രശ്നങ്ങൾ ഉണ്ടാവുമെന്നും മൂടി വെക്കണമെന്ന് നേരത്തെ തന്നെ കോർപ്പറേഷൻ അറിയിക്കുകയും ചെയ്തിരുന്നു എന്നാൽ അത് പാലിച്ചില്ലെന്നും കോർപ്പറേഷൻ പറഞ്ഞു.

2019-ലാണ് കോഴിക്കോട് ഞെളിയൻ പറമ്പിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ സംസ്ഥാന വ്യവസായ കോർപ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സോൺട ഇൻഫ്രാടെകുമായി കരാർ ഒപ്പുവെച്ചത്. മലബാർ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചായിരുന്നു സോണ്ടയുടെ കരാർ.

കമ്പനിക്ക് അനുമതി രേഖകൾ കിട്ടാൻ വൈകി, മഴ, കോവിഡ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനായില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് നാല് തവണ പുതുക്കി വാങ്ങിയിരുന്നു. 80 ശതമാനം പണി പൂർത്തിയായെന്നും വീണ്ടും കരാർ പുതുക്കണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷനെ സമീച്ചതോടെയാണ് ഇനി കരാർ പുതുക്കേണ്ടെന്ന് കോർപ്പറേഷൻ തീരുമാനം എടുത്തത്.

ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യുതിയാക്കാൻ ഞെളിയൻപറമ്പിൽ 250 കോടി രൂപ ചെലവിൽ പണിയുന്ന പ്ലാന്റ്, മലിനജലം സംസ്‌കരിക്കാനുള്ള ആവിക്കലിലെയും കോതിയിലെയും പ്ലാന്റുകൾ എന്നിവ എവിടെയുമെത്താത്ത അവസ്ഥയിലായത്. വെസ്റ്റ്ഹിൽ പ്ലാസ്റ്റിക് റീസൈക്ലിങ് പ്ലാന്റ് മാത്രമാണിപ്പോൾ പ്രവർത്തിക്കുന്ന പദ്ധതി. 2020 ജനുവരി ആറിന് മുഖ്യമന്ത്രി തറക്കല്ലിടുമ്പോൾ മൂന്നുഘട്ടമായി രണ്ടു കൊല്ലംകൊണ്ട് പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ട ഞെളിയൻപറമ്പ് പ്ലാന്റ് എങ്ങുമെത്തിയിട്ടില്ല.

കേന്ദ്ര സർക്കാർ സഹായത്തോടെ അമൃത് പദ്ധതിയിലുള്ള ആവിക്കലിലെയും കോതിയിലെയും സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രാരംഭ പ്രവൃത്തി പോലും പ്രതിഷേധത്തെ തുടർന്ന് തുടങ്ങാൻ സാധിച്ചില്ല. ഞെളിയൻപറമ്പിൽ നിലവിലുള്ള മാലിന്യവും മറ്റും നീക്കാൻ ആറുമാസം പിടിക്കുമെന്നായിരുന്നു ഉദ്ഘാടന സമയത്തെ പ്രഖ്യാപനം. ഈ പണിയാണ് പല കാരണങ്ങൾപറഞ്ഞ് കരാർ കമ്പനി നീട്ടിക്കൊണ്ടുപോയത്.  പ്ലാന്റിന് 2020 ഓഗസ്റ്റ് 12ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ച് ഒക്ടോബർ 25ന് ഭൂമിപൂജ നടത്തിയിരുന്നു.

6.5 ഏക്കർ സ്ഥലം മാലിന്യമുക്തമാക്കി നിർമ്മാണ പ്രവൃത്തി തുടങ്ങാനാവുന്നവിധം വീണ്ടെടുത്തതായാണ് കണക്ക്. മൂന്നു മേഖലകളാക്കിയാണ് പ്ലാന്റ് നിർമ്മാണം നടക്കുന്നത്. 1962 മുതൽ മലം അടക്കം നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു ഇവിടം. 2000 മുതലാണ് പ്ലാസ്റ്റിക്കടക്കം മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയത്. സ്വകാര്യ പങ്കാളിത്തത്തോടെ ഞെളിയൻപറമ്പിലുള്ള 12.47 ഏക്കർ സ്ഥലത്താണ് വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നത്. ഇപ്പോഴുള്ള 1,30,000 എം ക്യൂബ് മാലിന്യം ബയോ മൈനിങ്ങും കാപ്പിങ്ങും നടത്തി സ്ഥലമൊരുക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ദിവസം 450 ടൺ ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് ദിവസം ആറ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. യൂനിറ്റിന് 6.81 രൂപക്ക് വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങാൻ ധാരണയായിരുന്നു.

കോർപറേഷൻ കൂടാതെ സമീപ നഗരസഭകളായ രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി എന്നിവിടങ്ങളിലും സമീപ ഗ്രാമപഞ്ചായത്തുകളായ ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി ഭാഗങ്ങളിലുമുള്ള മാലിന്യം സംസ്‌കരിക്കുന്നതിന് പ്ലാന്റ് ഉപയോഗിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. . 

കരാറിൽനിന്ന് വ്യതിചലിച്ചതിനാൽ കൊല്ലത്തെ മാലിന്യ സംസ്‌കരണത്തിൽ നിന്നും സോൺട ഇൻഫ്രാടെക്കിനെ നേരത്തെ ഒഴിനാക്കിയിരുന്നു. സോൺടയുമായുള്ള കരാർ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് 2019-20 ലെ കോർപറേഷൻ കൗൺസിൽ തീരുമാനം കൈക്കൊണ്ടിരുന്നു.

കൊല്ലം കോർപറേഷനിലെ മാലിന്യനീക്കം പദ്ധതിയിൽനിന്ന് സ്വയം പിന്മാറിയതാണെന്നായിരുന്നു സോൺട ഇൻഫ്രാടെക്ക് എം.ഡി. രാജ്കുമാർ ചെല്ലപ്പൻപിള്ള തിങ്കളാഴ്ച മാധ്യമങ്ങളോടു പ്രതികരിച്ചത്. 17 നഗരങ്ങളിലുള്ള സോൺടയുടെ പദ്ധതികളിൽ കേരളത്തിൽ മാത്രമാണ് പ്രശ്നം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.