കോഴിക്കോട്: പ്രസവ ചികിത്സക്കിടെ കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ കുഞ്ഞ് മരിച്ച കുടുംബത്തിന് നീതി നിഷേധിച്ച് പൊലീസും ഭരണ കൂടവും ഒത്തുകളിക്കുകയാണെന്നാരോപിച്ച് കുന്ദമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഒരേ സമയം മൂന്നിടത്ത് പ്രതിഷേധ സംഗമം നടത്തി. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിക്കുകയും യുവതി ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ഡോക്ടറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സംഗമം നടത്തിയത്. രാവിലെ പത്ത് മണിക്ക് ഫാത്തിമ ആശുപത്രിക്ക് മുന്നിലും സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്കും നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കുമാണ് മാർച്ച് നടത്തിയത്.

അതെ സമയം, തന്നെ ചികിത്സിച്ച ഗൈനക്കോളജി ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി നടക്കാവ് പൊലീസിലും ശേഷം സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയ പരാതിയിൽ പൊലീസ് ഇതു വരെ മൊഴിയെടുത്തില്ലെന്ന് എടുത്തിട്ടില്ല. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറച്ചുവെക്കാനാണ് ഗൈനക്കോളജി ഡോക്ടറുടെ ഭർത്താവായ ഡോക്ടർ മനപ്പൂർവം പ്രകോപനമുണ്ടാക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

കോഴിക്കോട് കുന്നമംഗലം സ്വദേശിനിയായ ഹാജറ നജയുടെ കുഞ്ഞാണു പ്രസവ ചികിത്സക്കിടെ മരണപ്പെട്ടത്. പ്രസവത്തിനായി കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ പോവുകയും ശരിയായ ട്രീറ്റ്‌മെന്റ് നൽകാത്തതിനെ തുടർന്ന് പിഞ്ചു കുഞ്ഞു മരിക്കുകയും ചെയ്തുവെന്നാണു കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ഡോക്ടർക്കും ആശുപത്രിക്ക് എതിരെ ആശുപത്രിക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 10മണിക്ക് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിൽ മുന്നിൽ ബന്ധുക്കളും നാട്ടുകാരും സമരം നടത്തുമെന്നു ഭാരവാഹികൾ പറഞ്ഞു. അതേ സമയം കുട്ടി മരണത്തോടെ പ്രതിഷേധംപൂട്ട ബന്ധുക്കൾ ആശുപത്രി അടിച്ചു തകർക്കുകയും ഡോക്ടറെ മർദിക്കുകയും ചെയ്തതായ പരാതിയിൽ ഇതിനോടകം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റായ ഡോ. പി.കെ അശോകനാണ് മർദ്ദനമേറ്റതെന്നായിരുന്നു പരാതി. ഇതിനെ തുടർന്നു ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതഷേധിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ഒ.പി.ബഹിഷ്‌കരണവും റോഡ് തടയലുംവരെ ഡോക്ടർമാരുടെ സംഘടന നടത്തി. സർക്കാർ ഡോക്ടർമാർ കോഴിക്കോട് മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രികളിലും പ്രതിഷേധിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും സമാനമായ സമരങ്ങൾ അരങ്ങേറി. കൂടുതൽ കടുത്ത സമരങ്ങളിലേക്ക് പോകുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ പറയുന്നു.

സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് മിനിട്ടുകൾക്കകം പ്രശ്നത്തിൽ ഇടപെട്ടു. അനുവദിച്ചുകൂടാത്ത അക്രമം, കുറ്റക്കാർക്കെതിരെ കർശന നടപടികളുണ്ടാവും. ഡോക്ടർമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാവാത്ത സാഹചര്യം സംസ്ഥാനത്ത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഉടനെ പൊലീസും അധികാരികളും സടകുടഞ്ഞെഴുന്നേറ്റു. പ്രതികളെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു. തീർച്ചയായും പ്രതിഷേധാർഹമാണ് ഡോക്ടർക്ക് നേരെ നടന്ന അതിക്രമമെങ്കിലും പിഞ്ചു കുഞ്ഞ് മരണപ്പെട്ട സംഭവത്തിന്റെ ഈ വീട്ടുകാർക്കു എന്തുകൊണ്ടു ഈ നീതി ലഭിക്കുന്നില്ലെന്നാണ് സമര സമിതി ചോദിക്കുന്നത്. കുഞ്ഞിന്റെ മരണത്തിൽ വല്ല അസ്വാഭാവികതയുമുണ്ടോ..? ശരിയായ രീതിയിലുള്ള പരിചരണം ലഭിച്ചിട്ടുണ്ടോ..? അതുസംബന്ധിച്ച് എന്തന്വേഷണമാണ് നടന്നത്..? അത്യാധുനിക ചികിത്സ ലഭ്യമാകുന്ന ഈ കാലത്ത് പെട്ടന്നങ്ങനെ ഇല്ലാതായി .? എന്തായിരുന്നു കുഞ്ഞിനും അമ്മയ്ക്കുമുള്ള പ്രശ്നം...? കുഞ്ഞ് മരിച്ചിട്ടും അമ്മയെ ഡിസ്ചാർജ് ചെയ്യാതെ നീട്ടികൊണ്ടുപോയത് എന്തിനാണ്..? ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും മറ്റൊരാശുപത്രിയിലേക്ക് മാറ്റാതിരുന്നത് എന്തുകൊണ്ടാണ്..? അത് വിശദീകരിക്കാൻ ആശുപത്രി അധികൃതരും ഡോക്ടർമാരും അന്വേഷണ സംഘങ്ങളും എന്തുകൊണ്ടു തെയ്യാറാകുന്നില്ലെന്ന് സമര സമിതി കൺവീനർ നൗഷാദ് തെക്കയിൽ ചോദിക്കുന്നു.

കോഴിക്കോട് കുന്ദമംഗലത്തെ വരട്ടിയാക്കൽ ഹാജറ നജ. ഫെബ്രുവരി 25നാണ് പ്രസവവേദനയെത്തുടർന്ന് ഫാത്തിമ ആശുപത്രിയിൽ എത്തുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാർത്ഥനാ സമയമായതിനാൽ വീട്ടിൽ പുരുഷന്മാരാരും ഇല്ലായിരുന്നു. പ്രസവത്തിന് അനുവദിച്ച ഡേറ്റിന് മുമ്പേ ആരോഗ്യ പ്രശ്നമുണ്ടായപ്പോൾ പെട്ടന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ നിസംഗമായ സമീപനമായിരുന്നു ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. കാഷ്വാലിറ്റിയിൽ മൂന്നുമണിക്കൂറോളം കിടത്തിയ യുവതിക്ക് മതിയായ പരിചരണങ്ങളൊന്നും കിട്ടിയില്ലെന്നും ഇവർ പറയുന്നു. തുടർന്ന് ബന്ധുക്കൾ മുറവിളി കൂട്ടിയപ്പോഴാണ് സിസേറിയന് വിധേയമാക്കിയത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഭർത്താവും മറ്റ് ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയപ്പോൾ കുഞ്ഞു മരിച്ചെന്ന വാർത്ത വലിയ ആഘാതമായി. അതുവരെ നടത്തിയ സ്‌കാനിംഗിലോ പരിശോധനകളിലോ കുഞ്ഞിന് ഒരു കുഴപ്പുവുമുണ്ടായിരുന്നതായി ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

എന്നിട്ടും മിനിട്ടുകൾക്കുള്ളിൽ കുഞ്ഞ് നഷ്ടമായെന്ന വാർത്ത അവരെ സ്വാഭാവികമായും പ്രകോപിപ്പിച്ചു. ചോദിക്കുന്ന ഡോക്ടർമാരോ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളോ വ്യക്തമായ ഒരു മറുപടിയും നൽകിയില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. തുടർന്നു കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങി മതാചാരപ്രകാരം സംസ്‌കരിച്ചു. പക്ഷേ ഒരാഴ്ചയായിട്ടും നജയെ ഡിസ്ചാർജ് ചെയ്യുന്നില്ല. പലപല കാരണങ്ങൾ, അസുഖങ്ങൾ, മറ്റൊരാശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടിട്ടുപോലും തയ്യാറായില്ല. നജയുടെ ആരോഗ്യാവസ്ഥ വളരെ മോശമായി. അതുവരെ അടക്കിനിറുത്തിയ പ്രതിഷേധങ്ങളാണ് അപ്പോൾ പുറത്ത് ചാടിയതെന്ന് ബന്ധുക്കൾ പറയുന്നു. . കുഞ്ഞും നഷ്ടപ്പെട്ടു,? പിന്നാലെ അമ്മയും പോകുമെന്ന അവസ്ഥയായപ്പോഴാണ് തങ്ങൾ പ്രതികരിച്ചുപോയതെന്നാണുഇവർ പറയുന്നത്.

ആശുപത്രി അക്രമത്തിൽ നജയുടെ ഭർത്താവിന്റെ സഹോദരനേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം പോലും കിട്ടിയിട്ടില്ല. ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുകളാണു ഈ നീതി നിഷേധത്തിന് പിന്നിലെന്നാണു സൂചന. പൊലീസിനുമേൽ വൻ സമ്മർദമുള്ളതായും പറയുന്നു. എന്നാൽ മർദ്ദനത്തിൽ പരിക്കേറ്റ ഡോക്ടർക്ക് അവകാശപ്പെട്ട സ്വാഭാവികനീതി തങ്ങൾക്കും അവകാശപ്പെട്ടതല്ലേയെന്നാണ് കുഞ്ഞിന്റെ ബന്ധുക്കളുടെ ചോദ്യം.