കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ ഉയർന്ന പീഡന പരാതി തീർത്തും അടിസ്ഥാന രഹിതമാണെന്ന് കോഴിക്കോട് ഖാസിയുടെ ഓഫീസ് അറിയിച്ചു. ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഖാസിയുടെ ഓഫീസ് അറിയിച്ചു. ഈ വ്യാജ പരാതിയിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് ആരോപണങ്ങൾ ഖാസിയുടെ ഓഫീസ് തള്ളിയത്.

കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിൽ കോഴിക്കോട് വനിതാ സെൽ പൊലീസ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ കേസെടുത്തിരുന്നു. രണ്ടു വർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ആരോപണം തള്ളി കോഴിക്കോട് ഖാസി പറഞ്ഞത് ഇങ്ങനെ:

രണ്ട് കുട്ടികളുടെ മാതാവായ പരാതിക്കാരി ആദ്യ ഭർത്താവുമായി ദാമ്പത്യജീവിതം നയിക്കുന്നതിനിടയിൽ വർഷങ്ങൾക്കു മുമ്പ് കാമുകനോടൊപ്പം ഇളയ കുട്ടിയുമായി നാടുവിട്ട് ബംഗളൂരിൽ പോയി ജീവിക്കുകയും ചെയ്തു. പിന്നീട് ആദ്യ ഭർത്താവ് വിവാഹമോചനം നടത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ കൈവശമുള്ള ഭീമമായ തുകയും സ്വർണവും ചിലവഴിച്ചു തീർന്നതിന് ശേഷം ചാലിയം കരുവൻതിരുത്തിയിൽ താമസമാക്കിയ പരാതിക്കാരി ഇരുവരുമായുള്ള ബന്ധം തുടരാൻ സാധിക്കാത്ത സാഹചര്യത്തിൽ മഹല്ല് കമ്മിറ്റിയുമായും പിന്നീട് അവർ മുഖേന ഖാസിയുമായും ബന്ധപ്പെടുകയും ചെയ്തതായി ഖാസി ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു.

അഭിഭാഷകർ മുഖേന രണ്ടാം ഭർത്താവുമായും പരാതിക്കാരിയുമായും മധ്യസ്ഥ ചർച്ചകൾ നടത്തുകയും വിവാഹമോചനക്കരാർ തയ്യാറാക്കുകയും ചെയ്തു. പരാതിക്കാരിക്ക് രണ്ടാം ഭർത്താവ് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കണം എന്നായിരുന്നു വ്യവസ്ഥ. അതിലേക്ക് ഒരു ലക്ഷം രൂപ നൽകുകയും ബാക്കി പണം രണ്ടു വർഷത്തിനകം നൽകാമെന്നു വ്യവസ്ഥയാക്കുകയും ചെയ്തതായും തുടർന്ന് കണ്ണൂരിലേക്ക് തിരിച്ചുപോയ പരാതിക്കാരിയെ കുറിച്ച് ഒരു വർഷത്തോളം വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും ഖാസി ഓഫീസ് പറയുന്നു.

ബാക്കി പണം ആവശ്യപ്പെട്ട് മധ്യസ്ഥന്മാരെ സമീപിക്കുകയും രണ്ടാം ഭർത്താവിൽ നിന്നും മധ്യസ്ഥന്മാർ പണം വാങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം മധ്യസ്ഥന്മാരെ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ മാസം അവസാനം മധ്യസ്ഥന്മാരെ ബന്ധപ്പെട്ടിരുന്നെന്ന് ഖാസി ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇതിനായി രണ്ടാം ഭർത്താവുമായി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് ഇപ്പോൾ വ്യാജപരാതിയുമായി ഇവർ രംഗത്ത് വന്നിരിക്കുന്നതെന്ന് ഖാസി ഓഫീസ് വ്യക്തമാക്കുന്നു. ഇത് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നും പൊതുജനം തെറ്റിദ്ധരിക്കരുതെന്നും ഖാസി ഓഫീസിൽ നിന്നും അറിയിച്ചു.