- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഒപ്പമുണ്ട്, ഐസിയുവിലിട്ട് രോഗിയെ പീഡിപ്പിച്ചവനൊപ്പം! അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം; പിൻവലിക്കും വരെ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് അതിജീവിത; ഇത് കോഴിക്കോട് മെഡി.കോളജിലെ 'ആരോഗ്യ മോഡൽ'
കോഴിക്കോട്: ഐസിയുവിലിട്ട് ഒരു രോഗിയെ പീഡിപ്പിക്കുക. എന്നിട്ട് ആ കേസിലെ പ്രതിയായ ജീവനക്കാരനെ രക്ഷിക്കാനായി നിരന്തരം ഇടപെടലുകൾ നടത്തുക. ശരിക്കും കേരളത്തെ ഞെട്ടിക്കുന്ന ആരോഗ്യമോഡലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കുന്നത്. സർക്കാർ ഇരക്ക് ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി ഇടയ്ക്കിടെ പറയുമ്പോഴും, കാര്യങ്ങൾ തിരിച്ചാണ്. ഇത്രയും ഗുരുതരമായ സംഭവം ഉണ്ടായിട്ടും സിപിഎമ്മിന്റെയും സർവീസ് സംഘടനകളുടെയും, സമ്മർദത്താൽ പ്രതിക്ക് അനുകൂലമായാണ് കാര്യങ്ങൾ പലതും നീങ്ങുന്നത്.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിരിക്കയാണ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിതയെയാണ് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയത്. നവംബർ 28-ന് ഇറങ്ങിയ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് 30-നാണ് നഴ്സിന് നൽകിയത്. ഇതുപ്രകാരം അനിതയെ വ്യാഴാഴ്ചതന്നെ ജോലിയിൽനിന്ന് വിടുതൽ ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ. എൻ. അശോകനും ഉത്തരവിറക്കി.
കഴിഞ്ഞ മാർച്ച് 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കവെ യുവതിയെ ആശുപത്രി അറ്റൻഡർ എം എം ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് കേസ്. സംഭവം പിന്നീട് വാർത്തയായതോടെ വൻ വിവാദമായി. തുടർന്ന് വാർഡിലേക്ക് മാറ്റിയ യുവതിയെ ആശുപത്രി ജീവനക്കാരായ അഞ്ചുപേർ സന്ദർശിച്ച് പ്രതിക്കുവേണ്ടി സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ടായി. പരാതി അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമിതിയെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിന്മേലുള്ള നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് ഡിഎംഇയുടെ ഉത്തരവിൽ പറയുന്നു.
ചീഫ് നഴ്സിങ് ഓഫീസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫീസർ എന്നിവരുടെ നിരുത്തരവാദപരമായ സമീപനവും പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവർത്തനങ്ങളും ഏകോപനമില്ലായ്മയുമാണ് വാർഡിൽ ചികിത്സയിലുള്ള രോഗിയെ സ്വാധീനിക്കാൻ ശ്രമിച്ചതുപോലുള്ള വിഷയങ്ങൾ ഉണ്ടാവാൻ ഇടയാക്കിയതെന്ന് അന്വേഷണറിപ്പോർട്ടിലുണ്ട്.
ഇതിനാൽ സീനിയർ നഴ്സിങ് ഓഫീസറെ കൂടാതെ ചീഫ് നഴ്സിങ് ഓഫീസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെക്കൂടി ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റാൻ അന്വേഷണകമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണകമ്മിറ്റി നിർദേശിച്ചിട്ടുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ സത്വരനടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശമുണ്ടെന്നും ഉത്തരവിൽ പറയുന്നു. ആശുപത്രിജീവനക്കാർ സ്വാധീനിക്കാൻ ശ്രമിച്ചകാര്യം അതിജീവിത അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ നഴ്സിങ് ഓഫീസർ അനിതയോട് പറയുകയും അവർ സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു.
അന്വേഷണകമ്മിറ്റിക്ക് മുമ്പാകെ അതിജീവിതയ്ക്ക് അനുകൂലമായി അവർ മൊഴിനൽകുകയും ചെയ്തു. തുടർന്ന് ഇക്കാര്യത്തിൽ ഭരണാനുകൂലസംഘടനാ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രൻസിപ്പൽ നിയോഗിച്ച സമിതി അന്വേഷണം നടത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ല.
പ്രതിഷേധവുമായി അതിജീവിത
സീനിയർ നഴ്സിങ് ഓഫീസറുടെ സ്ഥലംമാറ്റം പുറത്തറിഞ്ഞതോടെ അതിജീവിതയും സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിലും പ്രതിഷേധവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുന്നിലെത്തി. പ്രിൻസിപ്പലിനെ നേരിൽക്കണ്ട അതിജീവിത, നടപടി പിൻവലിക്കുംവരെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് അറിയിച്ചു. സത്യത്തിനൊപ്പംനിന്ന അനിതയെ സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധമുണ്ടെന്നും അത് എന്തുസന്ദേശമാണ് നൽകുന്നതെന്നും അവർ ചോദിച്ചു.എന്നാൽ, നടപടി തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽനിന്നാണെന്നും അതനുസരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിൻസിപ്പൽ ഡോ. എൻ അശോകൻ പറഞ്ഞു. പരാതി എഴുതിനൽകിയാൽ ഡിഎംഇ. ഓഫീസിനെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ അധികൃതർ അറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് സിഐ. ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി.
തുടർന്ന് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത എഴുതിനൽകിയ പരാതി ഡിഎംഇ ഓഫീസിലേക്കയച്ചു. രണ്ടുദിവസത്തിനകം തീരുമാനമറിയിച്ചില്ലെങ്കിൽ ഡിഎംഇ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് നടത്തുമെന്ന് അതിജീവിത അറിയിച്ചു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ