കൊച്ചി: സംസ്ഥാന ഹോക്കി താരവും സെന്റ് ആൽബർട്‌സ് കോളജ് വിദ്യാർത്ഥിയുമായ കെ.പി.അഭിജിത്തിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത് വിവാദത്തിൽ. ഹോക്കി താരത്തെ ഹാജർ കുറവെന്ന നിലയിലാണ് പുറത്താക്കിയത്. അഭിജിത്തിനെ കേസിൽ കുടുക്കാനും നീക്കമുണ്ട്. മതിയായ ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതുന്നതു വിലക്കുകയും കോളജ് ഹോക്കി ടീമിൽനിന്നു പുറത്താക്കുകയും ചെയ്തതിനെതിരെ അഭിജിത്ത് ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി വാങ്ങിയെന്നു സഹപാഠികൾ പറയുന്നു.

ജില്ലാ പട്ടികജാതി വികസന ഓഫിസർ കെ.സന്ധ്യയെയും ഡ്രൈവർ ഷാജിയെയും ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഹോസ്റ്റലിലെത്തിയ ജില്ലാ ഓഫിസറെ തടയാൻ ശ്രമിച്ച അഭിജിത്തിനെ വാഹനം ഇടിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. വാഹനം ഹോസ്റ്റലിനു പുറത്തേക്ക് പോകുന്നത് തടയാൻ ശ്രമിച്ചതോടെയാണ് അഭിജിത്തിനെ ഇടിച്ചത്. പരുക്കേറ്റ അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിജിത്തിനെ കൊല്ലാനായിരുന്നു ശ്രമമെന്ന ആക്ഷേപം ശക്തമാണ്. നാടകീയ രംഗങ്ങളാണ് ഹോസ്റ്റലിൽ സംഭവിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ജില്ലാ ഓഫിസർ കെ. സന്ധ്യ ഹോസ്റ്റലിലെത്തുകയും സസ്‌പെൻഡ് ചെയ്ത വാർഡനെ തിരിച്ചെടുക്കാനും അഭിജിത്തിനെ പുറത്താക്കാനും തീരുമാനിച്ചതായും അറിയിച്ചു. ഇതു ചോദ്യം ചെയ്ത് അഭിജിത് ബഹളം വച്ചു. കോളജിൽ വേണ്ടത്ര അറ്റൻഡെൻസ് ഇല്ലെന്നു കാണിച്ച് കോളജിൽനിന്നു പുറത്താക്കിയെന്നും അതിനാൽ ഹോസ്റ്റലിൽനിന്നും പുറത്താക്കും എന്നുമായിരുന്നു അറിയിച്ചത്. ഇതോടെയായിരുന്നു പ്രതിഷേധം. വൈകിട്ടോടെ അഭിജിത്തിനെ പുറത്താക്കിയെന്ന് അറിയിക്കുകയായിരുന്നു. മാഹി സ്വദേശിയാണ് അഭിജിത്ത്.

അഭിജിത്തിനു നേരെ ജില്ലാ പട്ടികജാതി ഓഫിസറുടെ ഡ്രൈവർ ഷാജി മനപ്പൂർവം വാഹനം ഇടിച്ചു കയറ്റുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വാഹനം പുറത്തേക്കു പോകാതിരിക്കാൻ ഗേറ്റ് അടച്ചശേഷം പുറത്തു നിൽക്കുകയായിരുന്നു അഭിജിത്ത്. വണ്ടി പിന്നോട്ടെടുത്ത ശേഷം ആദ്യം ഗേറ്റിൽ ഇടിപ്പിച്ചെങ്കിലും അഭിജിത്ത് മാറിയില്ല. ഇതോടെ വീണ്ടും വാഹനം പിന്നോട്ട് എടുത്ത് ശക്തമായി മുന്നോട്ടു വന്ന് ഇടിപ്പിക്കുകയായിരുന്നു എന്നും ഹോസ്റ്റൽവാസികളായ വിദ്യാർത്ഥികൾ പറയുന്നു. വാഹനത്തിൽ കയറിയ ജില്ലാ ഓഫിസറുടെ നിർദേശാനുസരണമാണു താൻ വാഹനം എടുത്തതെന്നു സംഭവശേഷം ഷാജി പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.

വീഴ്ചയിൽ തല ഇടിച്ചു വീണ യുവാവ് അരമണിക്കൂറിലേറെ സ്ഥലത്തു കിടന്ന ശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നത്. നാട്ടുകാർ ഒച്ചവച്ചതോടെയാണ് ഓഫിസിൽനിന്നുള്ളവർ പുറത്തിറങ്ങി ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായത്. ഇതിനിടെ വാഹനവുമായി കടന്നു കളയാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. തുടർന്നാണ് ഹോസ്റ്റലിലുള്ള വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ആംബുലൻസ് വരുത്തി അഭിജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാഹി സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിയായ അഭിജിത് നേരത്തെ ഹോസ്റ്റൽ വാർഡനുമായുള്ള വിഷയത്തിൽ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. വിദ്യാർത്ഥികൾക്കു വേണ്ട സൗകര്യങ്ങൾ ഹോസ്റ്റലിൽ നൽകാതെ വന്നതു ചോദ്യം ചെയ്തതിനു പ്രതികാര ഭാവത്തിൽ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്തതിന്റെ പേരിലായിരുന്നു ആത്മഹത്യാ ശ്രമം. ഇതോടെ വാർഡൻ സുഭാഷിനെ അന്വേഷണ വിധേയമായി ജില്ലാ ഓഫിസർ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയശേഷം വിശദമായ അന്വേഷണം നടത്തി സുഭാഷിനെതിരെ നടപടി എടുക്കുമെന്നായിരുന്നു ജില്ലാ പട്ടിക ജാതി ഓഫിസർ നൽകിയ ഉറപ്പ്.

എന്നാൽ ഇന്നു രാവിലെ പത്തു മണിയോടെ ജില്ലാ ഓഫിസർ കെ. സന്ധ്യ ഹോസ്റ്റലിലെത്തുകയും വാർഡനെ തിരിച്ചെടുക്കാനും അഭിജിത്തിനെ പുറത്താക്കാനും തീരുമാനിച്ചതായി അറിയിച്ചു. ഇതു ചോദ്യം ചെയ്ത് അഭിജിത് ബഹളം വച്ചിരുന്നു. കോളജിൽ വേണ്ടത്ര അറ്റൻഡെൻസ് ഇല്ലെന്നു കാണിച്ച് കോളജിൽനിന്നു പുറത്താക്കിയെന്നും അതിനാൽ ഹോസ്റ്റലിൽനിന്നും പുറത്താക്കും എന്നുമായിരുന്നു അറിയിച്ചത്. ഇതോടെയായിരുന്നു പ്രതിഷേധം. ഇതിനിടെ പുറത്തു പോകാൻ തുടങ്ങിയ ഓഫിസറെ തടയുകയും വാഹനത്തിൽ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു.

എന്നാൽ, അഭിജിത്ത് തന്നെ കായികമായി നേരിടുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്നു ജില്ലാ ഓഫിസർ കെ. സന്ധ്യ പറയുന്നു. എങ്ങനെയെങ്കിലും പുറത്ത് എത്തിക്കാനാണു പറഞ്ഞത് അല്ലാതെ ഇടിച്ചിടാൻ പറഞ്ഞില്ലെന്നും അവർ പറഞ്ഞു. ഡ്രൈവർ ഷാജി കുറ്റം ചെയ്‌തെങ്കിൽ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കുവിധേയമായ ബി. സന്ധ്യ തനിക്കു ആരോഗ്യ പ്രശ്‌നമുണ്ടെന്ന നിലപാടിലാണ്. അഭിജിത്തിനു കാലിനും ശരീരത്തും പരുക്കുണ്ടെന്നും ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു.