- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
140 മണ്ഡലങ്ങള്‍ക്കായി അത്രയും സെക്രട്ടറിമാര്‍; കോ ഓര്‍ഡിനേറ്റര്‍ മതിയെന്ന വര്‍ക്കിംഗ് പ്രസിഡന്റ് തീരുമാനം തള്ളി സണ്ണി ജോസഫ്; മുതിര്‍ന്ന നേതാക്കളുമായി മാത്രം ചര്‍ച്ച; ബീഹാറില്‍ കെസിയും ദീപ് ദാസ് മുന്‍ഷിയും 'കേരളക്കാര്യവും' ആലോചിക്കും; കെപിസിസിയ്ക്ക് ജംബോ കമ്മറ്റി തന്നെ
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വീണ്ടും സജീവ ചര്‍ച്ചകളിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരന്‍, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍ തുടങ്ങിയവര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചര്‍ച്ച നടത്തുന്നത്.
വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ചിലരുടെ കടുംപിടിത്തം പുനസംഘടനയ്ക്ക് പ്രതിസന്ധിയായെന്ന് സണ്ണി ജോസഫ് തിരിച്ചറിഞ്ഞു. കെപിസിസി സെക്രട്ടറിമാര്‍ക്ക് പകരം കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കണമെന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ചിലര്‍ അഭിപ്രായം ഉന്നയിച്ചിരുന്നു. ഇത് കെപിസിസി അധ്യക്ഷന്‍ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ച. എത്രയും വേഗം ചര്‍ച്ച പൂര്‍ത്തിയാക്കും. ഹൈക്കമാണ്ടും തീരുമാനം നീളുന്നതില്‍ അതൃപ്തരാണ്.
കോണ്‍ഗ്രസില്‍ തദ്ദേശതിരഞ്ഞെടുപ്പിനു മുന്‍പു ഡിസിസി നേതൃമാറ്റം നടക്കില്ലെന്നുറപ്പിച്ചെങ്കിലും കെപിസിസി ഭാരവാഹികളുടെ പട്ടിക വൈകാതെ പുറത്തിറക്കിയേക്കും എന്നാണ് സൂചന. പ്രവര്‍ത്തകസമിതി യോഗത്തിനായി ബിഹാറിലുള്ള കേരളത്തിലെ നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ദീപ ദാസ്മുന്‍ഷിയും ചര്‍ച്ച നടത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെയും ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിലും തീരുമാനം വന്നേക്കും.
കേരളത്തിലെ ചര്‍ച്ചകളും നിര്‍ണ്ണായകമാണ്. വിവിധ നേതാക്കള്‍ നല്‍കിയ 170 പേരടങ്ങിയ കെപിസിസി സെക്രട്ടറിമാരുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കും. സെക്രട്ടറിമാരുടെ എണ്ണം 90 ആക്കും. സെക്രട്ടറിമാരുടെ എണ്ണം 140 വരെ എത്തിയാലും ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്ന വാദവുമുണ്ട്. ഇക്കാര്യത്തില്‍ കെസി വേണുഗോപാലിന്റെ നിലപാട് നിര്‍ണ്ണായകമാകും. ഏഴു വൈസ് പ്രസിഡന്റുമാരും 40 ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. കെപിസിസി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രന്‍ അന്തരിച്ച ശേഷം ഈ ഒഴിവു നികത്തിയിട്ടില്ല. 40 ജനറല്‍ സെക്രട്ടറിമാരും ഉണ്ടാകുമെന്നാണ് സൂചന.
നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള രാഷ്ട്രീയ കാര്യസമിതി അംഗമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തെത്തുടര്‍ന്നുള്ള ഒഴിവുമുണ്ട്. കെപിസിസി സെക്രട്ടറിമാര്‍ക്ക് നിയോജകമണ്ഡലങ്ങളുടെ ചുമതല നല്‍കാമെന്ന നിര്‍ദേശമാണ് പകരം കെപിസിസി പ്രസിഡന്റ് മുന്നോട്ടു വച്ചത്. ഈ സാഹചര്യത്തിലാണ് 140 കെപിസിസി സെക്രട്ടറിമാര്‍ എന്ന വാദം ശക്തമാക്കുന്നത്. അതിനിടെ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിയുള്ള പുനസംഘടനാ ചര്‍ച്ചയില്‍ ഷാഫി പറമ്പിലിനും വിഷ്ണുനാഥിനും അടക്കം അതൃപ്തിയുണ്ട്.
യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംസ്ഥാന ഭാരവാഹിത്വം ഒഴിഞ്ഞവര്‍ക്കും നിലവില്‍ സ്ഥാനങ്ങളില്ല. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാകും പുനസംഘടന. ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും തര്‍ക്കം മൂലം നടന്നില്ല. ഈ പട്ടികയും ഇപ്പോള്‍ പുനഃപരിശോധനയിലുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വലിയ തര്‍ക്കമുണ്ട്.