- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ പോലീസിനെ ഷാനിമോള്‍ ഉസ്മാന്‍ എന്തിനാണ് തല്ലിയതെന്ന് ചോദിക്കുന്ന റഹിം; ഡിവൈഎഫ് ഐ നേതാവ് പച്ചക്കള്ളം പറഞ്ഞുവെന്നതിന് തെളിവായി പോലീസ് വിശദീകരണം; തമിഴ്‌നാട് രജിസ്ട്രേഷനുള്ള അത്യാഡംബര കാറിന്റെ കഥയുമായി ബിജെപി; കെപിഎം റീജന്‍സിയില്‍ ഫെനി എത്തിയോ?
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വലിയ തോതില്‍ പണംകൊണ്ടുവന്നുവെന്നും അത് തിരിച്ചുകടത്താന്‍ ശ്രമം നടന്നെന്നും എ.എ. റഹീം എം.പിയുടെ ആരോപണം ചര്‍ച്ചകളില്‍. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. പോലീസ് പരിശോധന സജീവമാക്കിയ സമയത്ത് കോണ്‍ഗ്രസിന്റെ രണ്ട് എം.പിമാര്‍ അക്രമം അഴിച്ചുവിട്ടുവെന്നും റഹീം പറഞ്ഞു. എന്നാല്‍ റഹിം പറഞ്ഞതില്‍ പല അസ്വാഭവികതകളുമുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ വാതില്‍ തുറക്കാന്‍ വൈകിയത് പണം മാറ്റാനാണെന്നാണ് ആരോപണം. എന്നാല്‍ ഷാനിമോള്‍ ഉ്‌സ്മാന്റെ മുറിയ്ക്ക് മുന്നില്‍ പോലീസുണ്ടായിരുന്നു. ഈ പോലീസിന് മുന്നിലുടെ എങ്ങനെയാണ് പണം മാറ്റുകയെന്നതാണ് ഈ ആരോപണത്തിലെ തമാശ.
'വലിയ തോതില്‍ പണം കൊണ്ടുവന്നു. തിരിച്ചു കടത്താനുള്ള ശ്രമം നടന്നു. കടത്തിയോ ഇല്ലയോയെന്ന് പരിശോധിക്കണം. സമഗ്രമായ അന്വേഷണം വേണം. യു.ഡി.എഫ്. സ്ഥാനാര്‍ഥി ആരോപണ വിധേയമായ സമയത്ത് ഹോട്ടലില്‍ വന്നിട്ടുണ്ടോ? ആ സമയത്ത് ആരൊക്കെയാണ് വന്നത്. ഹോട്ടലില്‍നിന്ന് ഒരു കാര്‍ സംശയാസ്പദമായി പുറത്തേക്ക് പോയിട്ടുണ്ടോ? ആ കാറ് എങ്ങോട്ടാണ് പോയത്. ആ സമയത്ത് ഹോട്ടലിലില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണം', റഹീം ആവശ്യപ്പെട്ടു. 'ബിന്ദു കൃഷ്ണയും ടി.വി. രാജേഷും പരിശോധനയുമായി സഹകരിച്ചു. ഷാനിമോള്‍ ഉസ്മാന്റെ മുറിയിലേക്ക് എത്തിയപ്പോഴാണ് പരിശോധന പൂര്‍ണമായി തടസ്സപ്പെട്ടത്. പരിശോധനയ്ക്ക് സമ്മതിച്ചില്ല. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണവും സി.സി.ടി.വി. പരിശോധനയും സജീവമാക്കിയ നേരത്ത് അട്ടിമറിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ എം.പിമാര്‍ പ്രകോപനപരമായി ആക്രമിച്ചു. വടകര എം.പി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. പോലീസിനോട് തട്ടിക്കയറി, അക്രമം അഴിച്ചുവിട്ടു. മണിക്കൂറുകളോളം സംഘര്‍ഷം സൃഷ്ടിച്ചു', റഹീം ആരോപിച്ചു.
സംഘര്‍ഷമുണ്ടാക്കി അകത്തുണ്ടായിരുന്ന പണം മാറ്റുന്നതിനും കൃത്രിമം കാണിച്ചവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള സമയം എടുക്കുകയായിരുന്നുവെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തണം. ഒരു ഉളുപ്പുമില്ലാതെ കാര്യങ്ങളെ വളച്ചൊടിക്കുന്നു. രണ്ടു എം.പിമാരുടെ നേതൃത്വത്തില്‍ നിയമവാഴ്ചയെ തടഞ്ഞു. നിയമം കൈയിലെടുത്തു. പോലീസുകാരെ തടഞ്ഞുവെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 'വനിതാ പോലീസിനെ ഷാനിമോള്‍ ഉസ്മാന്‍ എന്തിനാണ് തല്ലിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്നു എന്നതാണ് ആരോപണം. സംശയനിവാരണം നടത്തേണ്ടേ. അന്വേഷിക്കാനും പരിശോധിക്കാനും വന്ന പോലീസുകാരെ തടസ്സപ്പെടുത്തി ബഹളം കൂട്ടിയാല്‍ എന്താ ചെയ്യുക. നിയമം കൈയിലെടുക്കുകയല്ലേ ചെയ്യുന്നത്. സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. ഇപ്പോള്‍ പരാതി നല്‍കിയിട്ടുണ്ട്', റഹിം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പരിശോധനയ്ക്ക് ഒരു തടസ്സവുമുണ്ടായില്ലെന്ന് പോലീസ് തന്നെ വിശദീകരിച്ചിട്ടുണ്ട്.
നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.എസ്.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചതായും എ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതില്‍ നിന്നു തന്നെ പോലീസുകാരിയെ തല്ലിയെന്ന റഹിമിന്റെ വാദം ശരിയല്ലെന്ന് തെളിയുകയാണ്. ഇതിനിടെ ആരോപണവുമായി ബിജെപിയും രംഗത്തു വന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്കേസുമായി എത്തിയതെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. 'വെല്‍ഫയര്‍ വണ്ടിയിലാണ് സ്യൂട്കേസ് വന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത സുഹൃത്ത്, വ്യാജ ഐഡി കാര്‍ഡ് അടിച്ച കേസിലെ പ്രതിയായ ഫെനിയാണ് സ്യൂട്കേസില്‍ പണം കൊണ്ടുവന്നത്', പ്രഫുല്‍ ആരോപിച്ചു. കള്ളപ്പണംകൊണ്ടുവന്നിട്ടുണ്ട്. സി.സി.ടി.വി. പിടിച്ചെടുക്കണം. സംഘര്‍ഷസാഹചര്യമുണ്ടാക്കി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കി. പണം മാറ്റുവാനുള്ള എല്ലാ സാഹചര്യവും പോലീസ് ഉണ്ടാക്കി. ശക്തമായ നിയമനടപടി സ്വീകരിക്കും. രണ്ട് എം.പിമാര്‍ തെരുവുഗുണ്ടകളെപ്പോലെ പോലീസ് ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി. അവര്‍ക്ക് മടിയില്‍ കനമുണ്ട്. പോലീസ് രാഹുല്‍ മാങ്കൂട്ടത്തിലിന് ഓടിക്കിതച്ച് കോഴിക്കോട് എത്താനുള്ള സമയം കൊടുത്തുവെന്നും ബി.ജെ.പി. നേതാവ് വി.വി. രാജേഷും സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും ആരോപിച്ചു.
പാലക്കാട് നഗരമധ്യത്തിലെ കെപിഎം റീജന്‍സിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന മുറിയിലേക്കാണ് പണം കൊണ്ടുവന്നത് എന്നാണ് സിപിഎം ആരോപണം. എല്‍ഡിഎഫ് പരാതിയെത്തുടര്‍ന്ന് ഹോട്ടലില്‍ രാത്രി വൈകിയും പൊലീസ് പരിശോധന തുടര്‍ന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തി. ചൊവ്വ രാത്രി പന്ത്രണ്ടിനായിരുന്നു സംഭവം. തമിഴ്‌നാട് രജിസ്ട്രേഷനുള്ള അത്യാഡംബര കാറിലാണ് പണം കൊണ്ടുവന്നതെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളില്‍ പരിശോധന നടത്തി. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനക്കെത്തിയപ്പോള്‍ വനിതാ പൊലീസ് ഇല്ലെന്ന കാരണം ഉന്നയിച്ച് തടഞ്ഞു. പിന്നീട് വനിതാ പൊലീസ് എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാന്‍ ശ്രമിച്ചു. ഇതിനുശേഷം കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും തടയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയുംചെയ്തു. പരിശോധനക്ക് പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് എംപിമാരായ ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ ഹോട്ടലില്‍നിന്ന് പുറത്തേക്കുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടു. പിന്നീട് 1.20ന് ഇവര്‍ തിരിച്ചെത്തിഇങ്ങനെയാണ് ദേശാഭിമാനി സംഭവത്തെ വിശദീകരിക്കുന്നത്.
കെപിഎം റീജന്‍സിയില്‍ പൊലീസ് പരിശോധന തടയാനും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്യാനും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ആസൂത്രിത നീക്കമുണ്ടായെന്ന് സിപിഎം പറയുന്നു. പണം കൊണ്ടുവന്നത് വാര്‍ത്തയായശേഷം എംപിമാരായ ഷാഫിപറമ്പില്‍, വി കെ ശ്രീകണ്ഠന്‍, കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല, യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി എന്നിവര്‍ ഹോട്ടലിലേക്ക് തിരിച്ചെത്തി. അതിനുശേഷമായിരുന്നു അക്രമം. 'പൊലീസിനെ വെറുതെവിടില്ല' എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. മാധ്യമപ്രവര്‍ത്തകരെ വി കെ ശ്രീകണ്ഠനും ഷാഫിയുംചേര്‍ന്ന് തള്ളിയിട്ടു. പൊലീസ് പരിശോധന തടയാനുള്ള നീക്കമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടേത്. ബിജെപി നേതാക്കളും സ്ഥലത്തെത്തിയിരുന്നു. ഹോട്ടലിലെ മുഴുവന്‍ മുറികളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.