- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമതല ഏറ്റെടുത്തതിന് ശേഷം ക്യാമ്പസ് ശുചീകരണത്തിനിടെ കണ്ടത് ചാക്കുകണക്കിന് മദ്യക്കുപ്പികൾ; ക്യാമ്പസിൽ മദ്യം വിതരണം ചെയ്ത സെക്യൂരിറ്റി ഗാർഡിനെ പുറത്താക്കിയത് പിന്നാലെ; തനിക്കും ക്യാമ്പസിനും നേരെ അപഖ്യാതി ഉണ്ടായത് അതിന് ശേഷം; കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പ്രതികരണവുമായി ഡയറക്ടർ ശങ്കർമോഹൻ
തിരുവനന്തപുരം: കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പ്രതികരണവുമായി ഡയറക്ടർ ശങ്കർമോഹൻ. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് തനിക്ക് വ്യക്തമല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി.പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
ചുമതല ഏറ്റെടുത്തതിന് ശേഷം ക്യാമ്പസ് വൃത്തിയാക്കുന്ന സമയത്ത് ചാക്കുകണക്കിന് മദ്യക്കുപ്പികളാണ് ലഭിച്ചത്. അവിടുത്തെ ഒരു സെക്യൂരിറ്റി ഗാർഡാണ് മദ്യം വിതരണം ചെയ്തിരുന്നതെന്ന് കണ്ടെത്തി. അയാളെ പുറത്താക്കിയതാണ് ഈ ആരോപണങ്ങളൊക്കെ ഉയരുന്നതിന് പിന്നിൽ. വിഷയത്തിൽ ജയകുമാർ കമ്മറ്റിക്ക് താൻ മൊഴി കൊടുത്തിട്ടുണ്ട്. എസ്.എസി- എസ്.ടി കമ്മീഷന്റെ റിപ്പോർട്ടും ഇനി വരും.
അതെല്ലാം പുറത്തുവരുമ്പോൾ സത്യാവസ്ഥ എല്ലാവർക്കും ബോധ്യമാകുമെന്ന് കരുതുന്നുവെന്നും ശങ്കർ മോഹൻ പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച തന്നെ വിദ്യാർത്ഥികളെ കണ്ടിരുന്നു. അവർ ചില പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. അത് ചർച്ചചെയ്ത് അതിലൊരു പരിഹാരം ഞങ്ങൾ കണ്ടെത്തി. എന്നാൽ തിങ്കളാഴ്ച ആയപ്പോളേക്കും പെട്ടെന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
അഡ്‌മിഷൻ നടപടിക്രമങ്ങളിൽ സംവരണ മാനദണ്ഡമെല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. സ്ഥാപനത്തിലേക്കുള്ള പ്രവേശന നടപടികൾ ചെയ്യുന്നത് സർക്കാർ ഏജൻസിയാണെന്നും അതിൽ ഇൻസ്റ്റിറ്റ്യൂട്ടിന് പങ്കില്ലെന്നും ശങ്കർ മോഹൻ വെളിപ്പെടുത്തി. വർഷങ്ങളായി ഈ ഏജൻസിയാണ് പ്രവശന നടപടികൾ ചെയ്യുന്നത്. ഇതിലെന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കാൻ സർക്കാരും കോടതിയുമുണ്ട്.
മനഃപൂർവം ദളിത് വിദ്യാർത്ഥികളെ മാറ്റിനിർത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംവരണം പാലിക്കേണ്ട എന്ന് തീരുമാനിച്ചല്ല പ്രവേശന നടപടികൾ പൂർത്തിയാക്കിയത്. അതിലെന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.ഡയറക്ടറുടെ പ്രായപരിധി സംബന്ധിച്ച വിവാദങ്ങളോടും ശങ്കർ മോഹൻ വിശദീകരിച്ചു.
തന്റെ നിയമനം സ്വയം തീരുമാനിച്ചതല്ലെന്നും നിയമിച്ചത് സർക്കാരാണെന്നും ശങ്കർ മോഹൻ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ജാതിഅധിക്ഷേപ ആരോപണങ്ങളൊക്കെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. താൻ താമസിക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ നിയന്ത്രണത്തിലുള്ള വാടക കെട്ടിടത്തിലാണ്. അത് വൃത്തിയാക്കാൻ ആഴ്ചയിലൊരിക്കൽ ജോലിക്കാരെ അയക്കും.അത് ചെയ്യുന്നത് എങ്ങനെയാണ് അടിമപ്പണിയാകുന്നതെന്ന് ശങ്കർ മോഹൻ ചോദിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ