- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി കെ ശ്രീധരന്റെ ചതിയിൽ ഞെട്ടി പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ; നീചമായ പ്രവർത്തി, വീട്ടിലെ അംഗത്തേപ്പോലെ കൂടെനിന്ന് ശ്രീധരൻ ചതിച്ചെന്ന് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങൾ; ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണം; മനസ്സാക്ഷിയെ വഞ്ചിച്ച് കൊലയാളികൾക്കൊപ്പം മുൻ കോൺഗ്രസ് നേതാവ്
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ അഡ്വ. സി കെ ശ്രീധരൻ എന്ന കോൺഗ്രസ് നേതാവിന്റെ ചതിയിൽ ഞെട്ടിയിരിക്കയാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസുകാരുടെ കുടുംബം. പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ ശ്രീധരനെതിരെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുബം വിമർശനവുമായി രംഗത്തുവന്നു. സി കെ ശ്രീധരൻ അംഗത്തേപ്പോലെ കൂടെനിന്ന് തങ്ങളെ ചതിച്ചുവെന്നാണ് കടുംബം ആരോപിക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള ഒൻപത് പ്രതികൾക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തത്. ഈയിടെയാണ് കോൺഗ്രസ് വിട്ട് അഡ്വ. സികെ ശ്രീധരൻ സിപിഎമ്മിൽ ചേർന്നത്.
'വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു. കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോൺഗ്രസ് നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി കെ ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.
സികെ ശ്രീധരൻ ചെയ്തത് നീചമായ പ്രവർത്തിയെന്നാണ് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിനായിരുന്നു വലിയ താത്പര്യം. പിന്നെയാണ് കേസ് ആസിഫ് അലിയെ ഏൽപ്പിച്ചത്. ഇത് മുൻ ധാരണയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വക്കീൽ പലവട്ടം വീട്ടിൽ വന്നിട്ടുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. സികെ ശ്രീധരൻ നടത്തിയ ഗൂഢാലോചനയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ബാർ കൗൺസിലിനെയും കോടതിയെയും സമീപിക്കുമെന്ന് സത്യനാരായണനും പറഞ്ഞു.
ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണൻ, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, 22 ഉം 23 ഉം പ്രതികളായ രാഘവൻ വെളുത്തോളി, കെ വി ഭാസ്‌ക്കരൻ എന്നിവർക്ക് വേണ്ടിയാണ് സി കെ ശ്രീധരൻ വാദിക്കുക.
കൊച്ചി സിബിഐ സ്‌പെഷ്യൽ കോടതിയിൽ ഹാജരായി സികെ ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തു. കൊല നടന്നതിനു പിന്നാലെ പീതാംബരനെ പുറത്താക്കിയെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടി നേതൃത്വം മുൻകൈ എടുത്താണ് അഡ്വ. സികെ ശ്രീധനെ പീതാംബരന് വേണ്ടി ഏർപ്പാടാക്കിയത്. ഇതിലൂടെ തന്നെ സിപിഎം മുൻകൈയെടുത്തു നടത്തിയ കൊലപാതകമാണ് ഇതെന്ന് വ്യക്തമാകുന്നതാണ്.
മുൻ കെപിസിസി. വൈസ് പ്രസിഡന്റായ സി.കെ. ശ്രീധരൻ ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മിൽ ചേർന്നത്. അതിനു ശേഷം ഇദ്ദേഹം ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്. കേരളത്തിലെ പ്രധാനപ്പെട്ട ക്രിമിനൽ അഭിഭാഷകനാണ് ശ്രീധരൻ. ടി പി ചന്ദ്രശേഖരൻ കേസടക്കം വാദിച്ച അഭിഭാഷകൻ. അതുകൊണ്ടാണ് ശ്രീധരനെ സിപിഎമ്മിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ് വിട്ട ശ്രീധരൻ ഇനി സിപിഎമ്മിന് വേണ്ടി കൂടുതൽ കേസുകൾ എറ്റെടുക്കും. രാഷ്ട്രീയ അക്രമ കേസുളിലും മറ്റും ഇത് സിപിഎമ്മിന് ഗുണം ചെയ്യും.
2019 ഫെബ്രുവരി 17-നാണ് ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചുമാണ് 14 പ്രതികളെ അറസ്റ്റുചെയ്തത്. കെ.വി. കുഞ്ഞിരാമനുൾപ്പെടെ പത്തുപേരെ അറസ്റ്റുചെയ്തത് സിബിഐയാണ്. 24 പേരിൽ കെ.വി. കുഞ്ഞിരാമനും മണികണ്ഠനും ബാലകൃഷ്ണനും രാഘവൻ വെളുത്തോളിയുമുൾപ്പെടെ എട്ടുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 16 പേർ ജയിലിലാണ്. സിബിഐ. അന്വേഷണത്തെ എതിർക്കാൻ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിച്ച് ഒരു കോടി രൂപയോളമാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചിരുന്നത്. 50 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ ശ്രീധരൻ പാർട്ടി വിട്ടത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. ശ്രീധരന്റെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോഡ് പ്രകാശനം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ