- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറില്‍ പോയാണ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്; അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു; ആ ബോംബ് ഒത്തില്ല! 'വാര്യര്‍ ബോംബ് നനഞ്ഞ പടക്കം'; വിഡിയുടെ ആദ്യ ശ്രമം ചീറ്റിയെന്ന് പരിഹസിച്ച് ബിജെപി നേതാവ്; കൃഷ്ണകുമാര്‍ 'സ്ഫോടനം അതിജീവിക്കുമ്പോള്‍' ആശ്വാസം ബിജെപിക്ക്
പാലക്കാട്: തനിക്കെതിരായ പീഡന പരാതിയില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാര്‍. പാര്‍ട്ടിക്കുള്ളിലുണ്ടായിരുന്ന എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഇല്ലാത്ത ഒരാളാണ് ഇതിനെല്ലാം പിന്നിലെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 2015 നും 2020നും പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞപടക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വീണ്ടും പൊട്ടിക്കാന്‍ ശ്രമിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ജൂലൈയില്‍ കോടതി തള്ളിക്കളഞ്ഞ കേസാണിത്. തികച്ചും കുടുംബപ്രശ്‌നമാണ് ഈ വ്യാജ പരാതിക്ക് പിന്നില്‍. സിവില്‍ കേസും ഡൊമസ്റ്റിക് വയലന്‍സ് കേസും കോടതി തള്ളി ഞങ്ങള്‍ക്ക് അനുകൂല വിധി വന്നിട്ടുണ്ട്. ബോംബ് ഒത്തില്ലെന്ന തരത്തില്‍ ജനംടിവിയുടെ പോസ്റ്റര്‍ അടക്കം ഉയര്‍ത്തി കൃഷ്ണകുമാറിനെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്.
പാര്‍ട്ടിക്ക് മുന്നില്‍ പരാതിയെത്തിയപ്പോള്‍ പാര്‍ട്ട് അത് പ്രാഥമികമായി പരിശോധിച്ച് കഴമ്പില്ലെന്നും മനഃപൂര്‍വം കെട്ടിച്ചമച്ച പരാതിയാണെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നു പരിഗണിക്കാതെ വിടുകയായിരുന്നു. കുടുംബസ്വത്തിന്റെ കേസില്‍ എന്റെ ബന്ധുവായ ആ സ്ത്രീ കോടതിയിലും കേസിലും അപ്പര്‍ഹാന്‍ഡ് കിട്ടാനായി ചമച്ച പരാതിയാണിത്. പാര്‍ട്ടിക്ക് അത് ബോധ്യപ്പെട്ടതുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്. ഒരു കുടുംബതര്‍ക്കം ഇത്രയും നീചമായ രീതിയില്‍ കൊണ്ടുവന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെ തന്നെയും തളയ്ക്കാമെന്ന് ആരുടെയെങ്കിലും മനസില്‍ പാല്‍പായസമുണ്ടെങ്കില്‍ അവരത് മാറ്റിവച്ചോട്ടെയെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. സന്ദീപ് വാര്യര്‍ക്കെതിരെ ചില ആരോപണങ്ങളുടെ സൂചനയും കൃഷ്ണകുമാര്‍ നടത്തി. അഞ്ചാറു വര്‍ഷം മുന്‍പ് കൃഷ്ണകുമാറിന്റെ ബന്ധുവായ ഒരു സ്ത്രീ നല്‍കിയ പരാതിയാണ് ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് എറണാകുളം സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്. പരാതി ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നു പരാതിയില്‍ പറയുന്നുണ്ട്. കൃഷ്ണകുമാര്‍ മോശമായി പെരുമാറിയെന്നും മറ്റും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും പരാതിയിലുണ്ട്. എന്നാല്‍ ഈ വിവാദത്തെ കോടതി വിധികളുടെ സഹായത്തോടെ പൊളിക്കുകയായിരുന്നു കൃഷ്ണകുമാര്‍.
വാര്യര്‍ ബോംബ് നനഞ്ഞ പടക്കമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് വ്യാജ പരാതി നല്‍കിയത്. 2015 ലെ ആരോപണം പൊലീസും കോടതിയും തള്ളിയതാണെന്നും പാലക്കാട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറില്‍ പോയാണ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു. 2020 ജൂലൈ 24 ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതെന്നും സി. കൃഷ്ണകുമാര്‍ വിശദീകരിച്ചു. വസ്തുതര്‍ക്കത്തെ പീഡന പരാതിയാക്കി മാറ്റാനുള്ള ഗൂഢാലോചന 2015 ല്‍ തന്നെ കോണ്‍ഗ്രസ്- സിപിഎം നേതാക്കള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പല ഘട്ടങ്ങളില്‍ ഇത്തരം ഒരു പരാതി കുത്തിപ്പൊക്കുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നനഞ്ഞ പടക്കവുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലവിലെ രംഗപ്രവേശം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവാണ് ബോംബ് പൊട്ടിക്കാനുണ്ടെന്ന് വീരവാദം മുഴക്കിയത്. നനഞ്ഞ് ബോംബിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ ആണെന്നാണ് വിവരമെന്ന് പരിവാര്‍ ചാനല്‍ ജനം ടിവി വിശദീകരിക്കുന്നുമുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതി പ്രവാഹങ്ങള്‍ ഏറ്റെടുത്ത് ബിജെപി സമരരംഗത്ത് സജീവമാകുമ്പോഴാണ് കൃഷ്ണകുമാറിനെതിരെയും സ്ത്രീപീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. രാഹുലിനെ രാജിവെപ്പിക്കാന്‍ പാലക്കാട്ട് ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിനെതിരായ പരാതി സ്ഥിരീകരിക്കപ്പെടുകയും അത് വാര്‍ത്തയായി വരുകയും ചെയ്തതോടെ കൃഷ്ണകുമാര്‍ നേരിട്ട് രംഗത്തു വന്നു. പാലക്കാട് എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ രാജിവെയ്ക്കും വരെ പ്രതിഷേധമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്റെ പക്കല്‍ കെപിസിസി നേതാക്കളുടെ പല കഥകളുമുണ്ടെന്നും അതുവെച്ച് രാഹുല്‍ വിലപേശുകയാണെന്നുമാണ് കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നത്. ഇതിനിടെയാണ് കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവരാനുണ്ടെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. സതീശന്‍ പറഞ്ഞ ബോംബുകളിലൊന്നാണോ ഇപ്പോള്‍ പൊട്ടിയതെന്ന് സംശയിക്കുന്നവരുണ്ട്.
പരാതിക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും സി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014ല്‍ പൊലീസില്‍ യുവതി പീഡന പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്വത്ത് തര്‍ക്ക കേസിന് ബലം കിട്ടാനാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചതെന്ന് സി കൃഷ്ണകുമാര്‍ പറയുന്നു. രണ്ട് കേസുകളാണ് തനിക്കെതിരെ പരാതിക്കാരി ഉയര്‍ത്തിയത്. സ്വത്ത് തര്‍ക്കത്തിലും ലൈംഗിക പീഡന പരാതിയിലും നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2023 ല്‍ സ്വത്ത് തര്‍ക്ക കേസില്‍ അനുകൂല ഉത്തരവ് വന്നു. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവിന് സന്ദീപ് വാര്യരെ കുറിച്ച് അറിയില്ലെന്ന് തോന്നുന്നുവെന്നും സി കൃഷ്ണകുമാര്‍ പരിഹസിച്ചു.
കേരളം ഞെട്ടുന്ന വാര്‍ത്ത ഉടന്‍ വരുമെന്നും സിപിഎം അധികം കളിക്കേണ്ട എന്ന മുന്നറിയിപ്പിനൊപ്പമാണ് ബിജെപിയും പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുത് വേണ്ടി വരും എന്ന് സതീശന്‍ ഇന്നലെ പറഞ്ഞത്. സതീശനോ കോണ്‍ഗ്രസോ അത് എന്താണെന്ന് വെളിപ്പെടുത്തും മുന്നെ ബിജെപി ക്യാമ്പില്‍ നിന്ന് തന്നെ പരാതിയുടെ സ്ഥിരീകരണം വന്നത്. കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണകുമാറില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു.
നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കി. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. ഇതാണ് കുടുംബ തര്‍ക്കമെന്ന നിലയില്‍ കൃഷ്ണകുമാര്‍ തള്ളുന്നത്.