കോന്നി: വഴിവിട്ട് പ്രവർത്തിക്കാൻ തയാറാകാത്ത കെഎസ്ഇബി ജീവനക്കാർക്കെതിരേ ഭീഷണിയും ഗുണ്ടായിസവുമായി കെയു ജനീഷ് കുമാർ എംഎൽഎ. കോന്നിയിലെ ശാന്തി തീയറ്ററിന് (എസ് സിനിമാസ്) സർക്കാർ പദ്ധതിക്കായി അനുവദിച്ച ട്രാൻസ്ഫോർമറിൽ നിന്ന് വൈദ്യുതി കണക്ഷൻ നൽകണമെന്ന ആവശ്യവുമായിട്ടാണ് എംഎൽഎയുടെ ഭീഷണി.

ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഉദ്യോഗസ്ഥർ വഴി വിട്ട് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ തന്നെ അങ്ങോട്ട് വരുത്തരുതെന്നായിരുന്നവത്രേ എംഎൽഎയുടെ ഭീഷണി. തനി ഗുണ്ടായിസമാണ് എംഎൽഎയുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നതെന്നും പറയുന്നു.

കോന്നി ശാന്തി തീയറ്റർ അടുത്തിടെ പുതുക്കി നിർമ്മിച്ചിരുന്നു. ഇവിടെ വൈദ്യുതി താരിഫ് മാറ്റുന്നതിന് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണം. ഇതിനായി തീയറ്റുടമകൾ അപേക്ഷ നൽകിയിരുന്നു. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനും മറ്റുമായി അഞ്ചു ലക്ഷത്തോളം രൂപ വൈദ്യുതി വകുപ്പിൽ കെട്ടിവയ്ക്കേണ്ടതുണ്ട്. അപ്പോഴാണ് പ്രധാനമന്ത്രി കൗശൽ യോജന പദ്ധതിയുടെ ഭാഗമായി ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. ഇതു വരെ ട്രാൻസ്ഫോർമർ ചാർജ് ചെയ്തിട്ടില്ല. കേന്ദ്രപദ്ധതിക്ക് വേണ്ടി മാത്രമായി സ്ഥാപിച്ച ട്രാൻസ്ഫോർമറിൽ നിന്ന് മറ്റ് സ്ഥാപനങ്ങൾക്ക് കണക്ഷൻ നൽകണമെങ്കിൽ കലക്ടറുടെ പ്രത്യേക ഉത്തരവ് വേണ്ടി വരും.

നടപടിക്രമങ്ങൾ ഇതായിരിക്കേ ട്രാൻസ്ഫോർമറിൽ നിന്ന് തീയറ്ററിന് കണക്ഷൻ കൊടുത്തേ തീരുവെന്ന് എംഎൽഎ വാശി പിടിക്കുകയായിരുന്നു. ഇതിനായി കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരെ എംഎൽഎ ബന്ധപ്പെട്ടു. നിയമപ്രകാരം ഇത് സാധ്യമല്ലെന്ന് അവർ പറഞ്ഞപ്പോഴാണ് എംഎൽഎയുടെ മട്ടു മാറിയതും ഭീഷണി മുഴക്കിയതും.

എംഎൽഎയാണ് പറയുന്നതെന്നൊക്കെ ജനീഷ് പറഞ്ഞു. ആര് പറഞ്ഞാലും നിയമം വിട്ട് ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ സംസാരത്തിന്റെ ടോൺ മാറി. തന്നെ അങ്ങോട്ട് വരുത്തരുതെന്ന മട്ടിലായി സംസാരം. എന്നാൽ, ഉദ്യോഗസ്ഥർ ഇത് വകവച്ചില്ല. എന്ത് നടപടിയുണ്ടായാലും നിയമം വിട്ടൊന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഉദ്യോഗസ്ഥർ.