- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്റ്റർ ട്രസ്റ്റിലേക്കുള്ള തുക ബോർഡ് നിക്ഷേപിക്കാൻ വൈകിയാൽ 24 ശതമാനം പലിശ നൽകണം; ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ഡ്യൂട്ടി പിരിക്കുന്നുണ്ടെങ്കിലും അത് പൂർണമായി ട്രസ്റ്റിൽ അടയ്ക്കുന്നില്ല; വൈദ്യുത ബോർഡിൽ പെൻഷൻ പ്രതിസന്ധി; 11,200 കോടി രൂപയ്ക്കുള്ള കടപ്പത്രം ഇറക്കും; വൈദ്യുത നിരക്ക് ഇനിയും ഉയരും
തിരുവനന്തപുരം: വൈദ്യുതി ബോർഡ് വമ്പൻ പ്രതിസന്ധിയിലേക്ക്. ശമ്പളം കൂട്ടുന്നത് പെൻഷനും വർദ്ധിപ്പിക്കും. അങ്ങനെ ഉദ്യോഗസ്ഥർ അവർക്ക് വേണ്ടത് കൂട്ടിയെടുക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് കെ എസ് ഇ ബിയാണ്. പെൻഷൻ ബാധ്യത 2013-ലെ 12,419 കോടിയിൽനിന്ന് 29,657 കോടിയായി എന്നതാണ് വസ്തുത. പുതുക്കിയ കണക്കിൽ 17,238 കോടിയാണ് വർധന. പണം കണ്ടെത്താൻ ഏകദേശം 11,200 കോടി രൂപയ്ക്കുള്ള കടപ്പത്രം ഇറക്കാനാണ് നീക്കം. അങ്ങനെ കടപ്പത്രം ഇറക്കി പെൻഷൻ കൊടുക്കുന്ന സ്ഥാപനമായി 'വളരുകയാണ്' കെ എസ് ഇബി. ഇതിനുള്ള അനുമതിക്കായി ബോർഡ് സർക്കാരിനെ സമീപിച്ചു.
സർക്കാർ ഇടപെട്ടില്ലെങ്കിൽ 2025-2026 മുതൽ പെൻഷൻ പ്രതിസന്ധിയിലാകുമെന്നും ബോർഡ് പറയുന്നു. ഈ കടപ്പത്രങ്ങളുടെ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള തുക വൈദ്യുതിനിരക്കിലൂടെ ഉപഭോക്താവിൽനിന്നാണ് ഈടാക്കുന്നത്. പെൻഷൻ ബാധ്യത ഭീമമായി വർധിക്കുന്നതും നിരക്കുവർധനയ്ക്ക് കാരണമാവും. അതായത് ഇരുട്ടടിയുടെ കാലമാണ് വരാൻ പോകുന്നത്. സ്മാർട്ട് മീറ്റർ അടക്കമുള്ളവയ്ക്ക് തുരങ്കം വയ്ക്കുന്ന സംഘടനകളാണ് ശമ്പളവും ആനുകൂല്യവുമെല്ലാം ഇരട്ടിയായി വാങ്ങിയെടുക്കുന്നത്. ജീവനക്കാരും അനവധിയുണ്ട്. ഈ സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് മുമ്പിൽ വരുന്നത്.
2013-ൽ ബോർഡ് കമ്പനിയാക്കിയപ്പോൾ നിലവിലെ പെൻഷൻകാർക്ക് തുടർന്നും പെൻഷനാകാനിരിക്കുന്നവർക്ക് ഭാവിയിലും പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ വേണ്ടിവരുന്ന തുക 12,419 കോടി എന്നാണ് കണക്കാക്കിയിരുന്നത്. ഈ കണക്കാണ് തെറ്റുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ശമ്പളം വർദ്ധനവാണ് ഇതിന് കാരണം. പെൻഷൻ തുകയ്ക്കായി ബോർഡും സർക്കാരും ചേർന്ന് ഇതിനായി ഉണ്ടാക്കിയ മാസ്റ്റർ ട്രസ്റ്റിൽ ഇതിനുള്ള പണം നിക്ഷേപിക്കണം. അന്ന് ബോർഡിന്റെ വിഹിതമായ 11,800 കോടി കണ്ടെത്താൻ കടപ്പത്രങ്ങൾ ഇറക്കി. ബോർഡ് ഉപഭോക്താക്കളിൽനിന്ന് പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി പത്തുവർഷത്തേക്ക് ബോർഡുതന്നെ കൈവശം വെക്കാനും സർക്കാർ അനുവദിച്ചു.
സർക്കാർ വിഹിതത്തിനുപകരമായിരുന്നു ഈ ക്രമീകരണം. ഈ അനുമതി 2023-ൽ അവസാനിക്കുകയാണ്. ഇത് നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പെൻഷൻ ബാധ്യത കാലാകാലം പുനഃപരിശോധിക്കും. ഇതനുസരിച്ച് 2021 മാർച്ച് 31 വരെ നിലവിലുള്ള പെൻഷൻകാർക്കും ജീവനക്കാർക്കും വേണ്ടിവരുന്ന തുക കണക്കാക്കിയപ്പോഴാണ് 17,237.90 കോടി കൂടി വേണ്ടിവരുമെന്ന് വ്യക്തമായത്.
മാസ്റ്റർ ട്രസ്റ്റിലേക്കുള്ള തുക ബോർഡ് നിക്ഷേപിക്കാൻ വൈകിയാൽ 24 ശതമാനം പലിശ നൽകണം. ഇത് 12 ശതമാനമാക്കണമെന്നാണ് ബോർഡിന്റെ മറ്റൊരാവശ്യം. ബോർഡ് ഉപഭോക്താക്കളിൽനിന്ന് വൈദ്യുതി ഡ്യൂട്ടി പിരിക്കുന്നുണ്ടെങ്കിലും അത് പൂർണമായി ട്രസ്റ്റിൽ അടയ്ക്കുന്നില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ