- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർചാർജ് എന്ന ഓമനപ്പേരിൽ കെ എസ് ഇ ബി ലേറ്റ് ഫീസ് ഈടാക്കുന്നതെങ്ങനെ? വിവരമറിയാൻ കസ്റ്റർ കെയറിൽ വിളിച്ച ഉപയോക്താവിന്റെ കിളി പോയി; പിഴ കൂടാതെ ബില്ലടയ്ക്കാൻ 10 ദിവസം സമയമെന്ന് ഒരാൾ; ഏഴു ദിവസമെന്ന് മറ്റൊരാൾ: പിഴ ഈടാക്കുന്നതിന്റെ സൂത്രവാക്യം പറഞ്ഞു കൊടുത്തപ്പോൾ തെളിഞ്ഞത് കെ എസ് ഇ ബിയുടെ പകൽ കൊള്ള
പത്തനംതിട്ട: കെഎസ്ഇബിയുടെ ഒരു മാസത്തെ ബിൽ യഥാസമയം അടച്ചില്ലെങ്കിൽ അടുത്ത ബില്ലിൽ അതിനുള്ള പിഴ ഈടാക്കുന്നുണ്ട്. സർചാർജ് എന്ന ഓമനപ്പേരിട്ടാണ് ലേറ്റ് ഫീ ഈടാക്കുന്നത്. അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ കെഎസ്ഇബി കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിച്ച യുവാവിന്റെ കിളി പോയി. കല്ലറക്കടവ് സ്വദേശി മനോജ് ആണ് കസ്റ്റമർ കെയർ സെന്ററിലേക്ക് വിളിച്ച് ആകെപ്പാടെ കൺഫ്യൂഷനിൽ ആയിരിക്കുന്നത്.
മനോജിന് കിട്ടിയ ബില്ലിൽ സർചാർജ് 12 രൂപ എന്ന് കണ്ടപ്പോൾ തോന്നിയ സംശയമാണ് കസ്റ്റമർ കെയറിൽ വിളിക്കാൻ ഇടയാക്കിയത്. ആദ്യം വിളിച്ചപ്പോൾ എടുത്തയാൾ പറഞ്ഞത് 12 രൂപ സർചാർജ് എന്ന് പറയുന്നത് കഴിഞ്ഞ ബിൽ അടച്ചപ്പോൾ നേരിട്ട കാലതാമസം കാരണം ഈടാക്കിയിട്ടുള്ള പിഴയാണ്. മുൻപൊക്കെ അതാത് ബില്ലിനൊപ്പമാണ് ഈടാക്കിയിരുന്നത്. ഇപ്പോഴത് അടുത്ത ബില്ലിൽ ചേർത്ത് ഈടാക്കുകയാണ് ചെയ്യുന്നത്. കമ്പ്യൂട്ടർവൽക്കരണം വന്നതു കൊണ്ടുള്ള മാറ്റമാണിത്.
ബിൽ കിട്ടുന്ന തീയതി മുതൽ 10 ദിവസത്തിനകം പണം അടച്ചാൽ പിഴ ഉണ്ടാകില്ല. അതായത് ബിൽ ഡേറ്റ് മുതൽ ഡ്യൂ ഡേറ്റ് വരെ പിഴയില്ല. അതിന് ശേഷം ഡിസ്‌കണക്ഷൻ ഡേറ്റ് വരെ അടച്ചാൽ നിശ്ചിത ശതമാനം പിഴ അടുത്ത ബില്ലിൽ ആക്കി അടയ്ക്കണം. ഇനി ബിൽ അടയ്ക്കാതെ ഡിസ്‌കണക്ഷൻ ഉണ്ടായാൽ അതിനും അടയ്ക്കണം 30 രൂപ പിഴ. ബിൽ അടയ്ക്കാത്തതിലുള്ള പിഴ കൂടാതെയാണ് ഇത്. ഇത്രയും വിവരം കിട്ടിയിട്ടും സംശയം മാറാതെ മനോജ് പല തവണ കസ്റ്റമർ കെയറിൽ വിളിച്ചു.
രണ്ടാമത് എടുത്തയാൾ പറയുന്നത് അനുസരിച്ച് പിഴ കൂടാതെ ബിൽ അടയ്ക്കാൻ ഉള്ളത് ഏഴു ദിവസം മാത്രമാണെന്നാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വീണ്ടും മനോജ് കസ്റ്റമർ കെയറിൽ വിളിക്കുന്നു. അവർ ലേലം ഉറപ്പിക്കുന്നു-10 ദിവസം തന്നെ. ഇനിയുള്ള സംശയം സർചാർജ് ഈടാക്കുന്നതിന്റെ മാനദണ്ഡം എന്താണ്? വീണ്ടും വിളിച്ചു.
ഫോണെടുത്തയാൾക്ക് അറിഞ്ഞു കൂടാ. തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് അയാൾ ഫോൺ വയ്ക്കുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വിളി വരാതിരുന്നപ്പോൾ പരാതിക്കാരൻ വീണ്ടും വിളിക്കുന്നു. ഇക്കുറി എടുത്തയാൾ സർചാർജ് ഈടാക്കുന്നതെങ്ങനെ എന്ന് വിവരിച്ചു. ഡ്യൂ ഡേറ്റിനകം പണം അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസം മുതൽ 12 ശതമാനം വാർഷിക പലിശ നിരക്കിൽ ആണ് പിഴ കണക്കാക്കുന്നത്. അപ്പോൾ തന്റെ ബില്ലിൽ 12 രൂപ പിഴ വന്നത് എങ്ങനെയാണെന്ന് ഒന്നു വിശദമാക്കാമോ എന്ന് മനോജ് വീണ്ടും ആരാഞ്ഞു.
കസ്റ്റമർ കെയർ ജീവനക്കാരൻ ഒന്നു തത്തിക്കളിച്ചു. പിന്നെ നിങ്ങൾ തന്നെ കൂട്ടിക്കോളൂ. സൂത്രവാക്യം പറഞ്ഞു തരാമെന്നായി. അദ്ദേഹം പറഞ്ഞ സൂത്രവാക്യം ഇങ്ങനെ: ബിൽ എമൗണ്ട് ഗുണം 12 ഭാഗം 365 ഗുണം പണം അടയ്ക്കാൻ വൈകിയ ദിവസങ്ങളുടെ എണ്ണം എത്രയാണോ അതാണ് നിങ്ങളുടെ പിഴ. അതായത് ബിൽ എമൗണ്ടിനെ 12 കൊണ്ട് ഗുണിക്കണം. 12 എന്നാൽ 12 മാസം. ഇങ്ങനെ കിട്ടുന്ന സംഖ്യയെ 365 കൊണ്ട് ഭാഗിച്ച് ബിൽ അടയ്ക്കാൻ വൈകിയ ദിവസങ്ങളുടെ എണ്ണം കൊണ്ട് ഗുണിക്കണം. എങ്ങനുണ്ട്? ആരുടെ ആയാലും കിളി പോകില്ലേ?
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്