- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ സാമ്പത്തിക വർഷം 475 കോടിയുടെ പ്രവർത്തന നഷ്ടം; 2021-22ൽ നേട്ടം 736 കോടി; വൈവിധ്യ വൽക്കരണവും ജീവനക്കാരെ കൊണ്ട് അശോകൻ പണിയെടുപ്പിച്ചതും വെറുതെയായില്ല; യൂണിയനുകൾ 'മികവിനെ' പുകച്ച് പുറത്തു ചാടിച്ചെങ്കിലും കെ എസ് ഇ ബി തിളങ്ങുന്നു; കെ എസ് ആർ ടി സിയും കെ ടി ഡി സിയും നഷ്ടത്തിൽ; ബിവറേജസും കരകയറുന്നു
തിരുവനന്തപുരം: കെ എസ് ഇ ബി ചെയർമാൻ കസേരയിൽ ബി അശോക് നടത്തിയ ശ്രമങ്ങൾ വെറുതെയായില്ല. കഴിഞ്ഞ തവണ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്ന കെഎസ്ഇബി അട്ടിമറി നേട്ടത്തിലൂടെ ഇക്കുറി ലാഭപ്പട്ടികയിൽ ഒന്നാമതെത്തി. നിരക്ക് വർദ്ധനവിനൊപ്പം അധിക വൈദ്യുതി ഉൽപാദനത്തിലും ചെലവ് ചുരുക്കലിലുമെല്ലാം അശോക് മുമ്പോട്ട് വച്ച ആശയങ്ങൾ വിജയമായതിന് തെളിവാണ് ഇത്. എന്നിട്ടും യൂണിയൻ പകയിൽ അശോക് വൈദ്യുത ബോർഡിന് പുറത്തായി. ഏതായാലും വൈദ്യുത ബോർഡിന് അടുത്ത വർഷം ഈ നേട്ടം തുടരാനാകുമോ എന്നതാണ് നിർണ്ണായകം.
കെഎസ് ഇബി ലാഭത്തിലാണെന്ന് ചെയർമാനായിരിക്കെ അശോക് വിശദീകരിച്ചിരുന്നു. അന്ന് അവിടത്തെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനകൾ ഇതിനെതിരെ രംഗത്തു വരികയും കണക്കുകളിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അതെല്ലാം അശോകിനെതിരായ നീക്കത്തിന്റെ ഭാഗമാണെന്നാണ് ഇപ്പോൾ തെളിയുന്നത്. സംസ്ഥാന സർക്കാർ തന്നെ ലാഭം സ്ഥിരീകരിക്കുകയാണ്. ജൂലൈയിലാണ് അശോകനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. അതിന് മുമ്പ് നിരവധി കാര്യങ്ങൾ അശോകൻ ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്.
നിയമസഭയിൽ സമർപ്പിച്ച ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22ലെ പ്രകടനം വിലയിരുത്തിയത്. ചെലവ് 3.87% കൂടിയെങ്കിലും വരുമാനത്തിൽ 13% വർധന വരുത്തിയതാണ് കെഎസ്ഇബിയുടെ നേട്ടം. കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്ഇബി. ചെലവ് ചരുക്കൽ മാർഗ്ഗങ്ങളിലൂടെ വലിയ തോതിൽ ചെലവ് കൂടാത്തതാണ് ഇതിന് കാരണം. പ്രവർത്തന ലാഭം നേടിയ സ്ഥാപനങ്ങൾ 69ൽ നിന്ന് 71 ആയി. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ എണ്ണം 66ൽ നിന്ന് 61 ആയി കുറഞ്ഞു. കെടിഡിസിയും നഷ്ടത്തിലാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കോവിഡ് പ്രതിസന്ധിയാണ് കെടിഡിസിയെ തളർത്തുന്നത്.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ലാഭത്തിൽ രണ്ടാമതാണ്. കഴിഞ്ഞ വർഷം ലാഭപ്പട്ടികയിൽ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്എഫ്ഇ ഇപ്പോൾ മൂന്നാമതായി. കെഎസ്‌ഐഡിസി നാലാം സ്ഥാനം നിലനിർത്തിയപ്പോൾ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ പിന്നാക്ക വികസന കോർപറേഷനായിരുന്നു അഞ്ചാമത്.
കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബവ്‌റിജസ് കോർപറേഷൻ ഇപ്പോൾ ലാഭപ്പട്ടികയിലെത്തി പത്താം സ്ഥാനം. നഷ്ടത്തിൽ ഒന്നാം സ്ഥാനം കെഎസ്ആർടിസി നിലനിർത്തി. കെഎസ്ആർടിസിയുടെ വരുമാനത്തിൽ 46% വർധനയുണ്ടായെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം 1,787 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ലാഭത്തിലായ 60 സ്ഥാപനങ്ങളുടെ ലാഭത്തുക 1570.21 കോടിയാണ്. മുൻവർഷത്തെ ലാഭത്തുക 429.58 കോടിയായിരുന്നു. 61 സ്ഥാപനങ്ങളുടെ ആകെ നഷ്ടമാകട്ടെ 3289.16 കോടിയും. കെ.എസ്.ഇ.ബി.യെക്കൂടാതെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, ബിവറേജസ് കോർപ്പറേഷൻ തുടങ്ങി 11 സ്ഥാപനങ്ങളാണ് നഷ്ടത്തിൽനിന്ന് കരകയറിയത്. ലാഭത്തിലായിരുന്ന റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി, കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക്, ഇംപാക്ട് കേരള, കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി എന്നിവ നഷ്ടത്തിലായി.
ലാഭത്തിൽ മുന്നിൽ
വൈദ്യുതിബോർഡ്- 736.27 കോടി
കെ.എം.എം.എൽ.- 226.90
കെ.എസ്.എഫ്.ഇ.- 210.86
കെ.എസ്‌ഐ.ഡി.സി.- 54.92
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ- 43.45
ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ- 33.56
ട്രാവൻകൂർ ടൈറ്റാനിയം- 25.65
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്- 25.44
പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ- 20.22
ബിവറേജസ് കോർപ്പറേഷൻ- 16.71
നഷ്ടത്തിൽ മുന്നിൽ
കെ.എസ്.ആർ.ടി.സി.- 1787.9 കോടി
ജലഅഥോറിറ്റി- 824.34
സിവിൽ സപ്ലൈസ് കോർപ്പറേഷൻ- 95.06
കശുവണ്ടി വികസന കോർപ്പറേഷൻ- 76.63
കൊച്ചിൻ സ്മാർട്ട് മിഷൻ- 55.54
ട്രാൻസ്‌പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ- 43.47
ട്രാക്കോ കേബിൾ- 42.24
ടെക്‌സ്റ്റൈൽ കോർപ്പറേഷൻ- 40.49
കെ.ടി.ഡി.സി.- 38.69
ട്രാൻസ്‌ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ്- 25.88
മറുനാടന് മലയാളി ബ്യൂറോ