തിരുവനന്തപുരം: വീണ്ടും വൈദ്യുത നിരക്ക് കൂടും. വൈദ്യുതി യൂണിറ്റിന് മാസം തോറും 20 പൈസവരെ കൂടാനിടയാക്കുന്ന കേന്ദ്രസർക്കാർ തീരുമാനമാണ് ഇതിന് കാരണം. ഇത് നടപ്പാക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം. സംസ്ഥാന സർക്കാരും അനുമതി നൽകി. കേന്ദ്രനിർദേശത്തിൽ ചെറിയ മാറ്റങ്ങൾവരുത്തി കരടുചട്ടം തയ്യാറാക്കി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് താരിഫ് നിർണയചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.വിതരണ ഏജൻസികൾക്ക് അധികച്ചെലവ് മുഴുവൻ അടുത്തമാസത്തിലെ ബില്ലിലൂടെ ഈടാക്കണമെന്ന ഭേദഗതിയാണ് കേന്ദ്രം വൈദ്യുതിനിയമത്തിൽ ഉള്ളത്. ഇതാണ് കേരളവും നടപ്പാക്കുന്നത്.

വൈദ്യുതി വാങ്ങുന്നതിന് അധികച്ചെലവുണ്ടായാൽ ഇന്ധന സർചാർജായി മാസം തോറും യൂണിറ്റിന് പരമാവധി 20 പൈസവരെ കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ കെ.എസ്.ഇ.ബി.ക്ക് കൂട്ടാം. ചെലവുകുറഞ്ഞാൽ ഉപഭോക്താക്കൾക്ക് ബില്ലിൽ ഇളവു നൽകണം. എങ്കിലും നിലവിലെ സാഹചര്യത്തിൽ എല്ലാമാസവും ചെലവ് കൂടും. മാസം 40 യൂണിറ്റിൽ താഴെമാത്രം ഉപയോഗിക്കുന്നവരെ സർചാർജിൽ നിന്ന് ഒഴിവാക്കി. അധികബാധ്യത റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ മാത്രമേ ഈടാക്കാനാവൂവെന്ന വ്യവസ്ഥയും കേന്ദ്രം നീക്കിയിരുന്നു. ഇതനുസരിച്ച് സംസ്ഥാന കമ്മിഷനുകളും മൂന്നുമാസത്തിനകം ചട്ടംമാറ്റണമെന്ന് കേന്ദ്രം ഉത്തരവിട്ടു.

കേരളം ഈ നിർദ്ദേശം പൂർണമായും അംഗീകരിച്ചിട്ടില്ല. അധികച്ചെലവു മുഴുവൻ ഈടാക്കാമെന്നതിനുപകരം ഇന്ധനച്ചെലവിലെ വ്യത്യാസംമാത്രം (ഇന്ധന സർചാർജ്) ജനങ്ങളിൽനിന്ന് ഈടാക്കിയാൽമതിയെന്നാണ് സംസ്ഥാന കമ്മിഷന്റെ ചട്ടം. ഇത് കമ്മിഷനെ അതതുമാസം അറിയിക്കണം. ഇന്ധനത്തിനെന്നപോലെ വൈദ്യുതി നിരക്കും ക്രമാതീതമായി ഇനി എല്ലാ മാസവും ഉയരും.

ഓരോമാസത്തെയും വൈദ്യുതോത്പാദനത്തിനുള്ള ഇന്ധനച്ചെലവ് സംബന്ധിച്ച് അടുത്തമാസം 25-ന് റെഗുലേറ്ററി കമ്മിഷൻ കണക്ക് പ്രസിദ്ധീകരിക്കണം. എത്ര പൈസവീതം യൂണിറ്റിന് ഈടാക്കുമെന്നും കമ്മിഷനെ അറിയിക്കണം. അതിന് അടുത്തമാസംമുതൽ ഈടാക്കാം. ഏപ്രിലിലെ കണക്ക് മെയ്‌ 25-ന് പ്രസിദ്ധീകരിക്കണം. ജൂൺമുതൽ സർചാർജ് ഈടാക്കാം. ചെലവ് എത്രകൂടിയാലും ഒരു മാസം യൂണിറ്റിന് 20 പൈസയിൽ കൂടുതൽ ഈടാക്കാൻ പാടില്ല. ആ മാസത്തെ ബാധ്യത 20 പൈസയിൽ കൂടുതലാണെങ്കിൽ ശേഷിക്കുന്നത് അടുത്തമാസം ഈടാക്കാൻ മാറ്റിവെക്കണം.

മുന്മാസത്തേതുൾപ്പെടെ ആ മാസവും 20 പൈസമാത്രമേ ഈടാക്കാവൂ. ഇങ്ങനെ കുടിശ്ശികവന്നാൽ അത് ആറുമാസത്തിലൊരിക്കൽ കമ്മിഷന് പ്രത്യേക അപേക്ഷ നൽകണം. കമ്മിഷൻ അനുവദിച്ചാൽമാത്രം ഈ തുക ഈടാക്കാം. അതായത് എല്ലാം പലതലത്തിൽ ഈടാക്കാൻ കഴിയും. എല്ലാ അർത്ഥത്തിലും ഇരുട്ടടിയാണ് ഈ തീരുമാനം.