തിരുവനന്തപുരം: മഴയും കാറ്റും എത്തുമ്പോൾ പ്രതിസന്ധിയിലാകുന്നത് വൈദ്യുതി ബോർഡ്. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയിൽ തിരുവനന്തപുരത്ത് മരങ്ങൾ വീണ് വൈദ്യുതി പോയത് വട്ടിയൂർക്കാവ് സെക്ഷനിലാണ്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഈ മേഖലയിൽ വൈദ്യുതി നിലച്ചത്. എന്നാൽ അടുത്ത ദിവസം ഒരു മണിയായിട്ടും അഞ്ചു കിലോമീറ്റർ ചുറ്റളവിൽ കറണ്ട് പുനഃസ്ഥാപിക്കാൻ കെ എസ് ഇ ബിയിക്കായില്ല. ഏതാണ്ട് 20 മണിക്കൂറോളം തിരുവനന്തപുരം കോർപ്പറേഷന്റെ ചില വാർഡുകളിൽ വൈദ്യുതി ഇല്ല.

അടുത്ത കാലത്തൊന്നും നഗര മേഖലയുമായി ചേർന്നു കിടക്കുന്ന സ്ഥലത്ത് 20 മണിക്കൂറോളം വൈദ്യുതി മുടങ്ങിയിട്ടില്ല. ഇത്രയും മണിക്കൂർ വൈദ്യുതി നിലയ്ക്കുന്നത് അസാധാരണമാണ്. വീണ്ടും മഴ തിമിർത്ത് പെയ്യുകയാണ്. കാറ്റും ശക്തം. ഈ സ്ഥിതിയിൽ മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുണ്ടായാൽ അത് ശരിയാക്കാൻ മണിക്കൂറുകളെടുക്കുമെന്നത് ആശങ്കയാണ്. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ടതാണ് വൈദ്യുതി തകരാറുകൾ. മഴക്കാലത്ത് ദുരന്തങ്ങളും ദുരിതങ്ങളും പല തരത്തിലുണ്ടാകും. വൈദ്യുതി ഇല്ലെങ്കിൽ ഇത്തരം ദുരിതങ്ങളുണ്ടായാൽ പ്രതിസന്ധി കൂടുകയേ ഉള്ളൂവെന്നതാണ് വസ്തുത.

കെഎസ്ബിയിൽ വൈദ്യുതിക്കമ്പിക്കും എനർജി മീറ്ററിനും അടക്കം ക്ഷാമം ഉണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ത്രീഫെയ്‌സ്, സിംഗിൾ ഫെയ്‌സ് കണ്ടക്ടർ ആവശ്യപ്പെടുന്നതിന്റെ പകുതി പോലും ലഭിക്കുന്നില്ല. പുതിയ ലൈൻ വലിക്കുന്നതിനെയും അറ്റകുറ്റപ്പണിയെയും ബാധിക്കുന്നു. മഴക്കാലത്തിനു മുൻപു മുന്നൊരുക്കം നടത്തിയില്ലെങ്കിൽ വഴികളിൽ ഇരുട്ടു വീഴുമെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ വന്ന വാർത്ത. ഇത് ഗുരുതരമായ പ്രശ്‌നമായി കെ എസ് ഇ ബി എടുത്തില്ല. ഇതിന്റെ പ്രതിഫലനമാണ് വട്ടിയൂർക്കാവിൽ കണ്ടത്. ജീവനക്കാരുണ്ടെങ്കിലും അറ്റകുറ്റ പണിക്ക് വേണ്ട സാധനങ്ങളില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമായി മാറുന്നത്.

ഇതൊന്നും ശ്രദ്ധിക്കാതെ 8500 കോടി ചെലവിൽ സ്മാർട്ട് മീറ്റർ വാങ്ങി സ്ഥാപിക്കാനുള്ള തന്ത്രപാടിലാണ് കെ എസ് ഇ ബിയിലെ വിതരണ വിഭാഗം. വലിയ ടെൻഡറുകൾക്ക് ശ്രമിക്കുന്ന വിതരണ വിഭാഗം കെ എസ് ഇ ബി സെക്ഷനുകൾക്ക് വേണ്ട അടിയന്തര സാധാനങ്ങൾ വാങ്ങുന്നില്ല. മന്ത്രി പറഞ്ഞതു പോലും കേൾക്കാതെയുള്ള ചില ഇടപെടലുകൾ അവിടെ സ്മാർട്ട് മീറ്റർ ടെൻഡറിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് വട്ടിയൂർക്കാവിലെ ജനങ്ങൾ വലയുന്നത്. ഇത് കേരളത്തിലെ മുഴുവൻ പൊതു ചിത്രമായി മഴക്കാലത്ത് മാറാൻ സാധ്യത ഏറെയാണ്.

തിരുവനന്തപുരം നഗരത്തോട് ചേർന്നാണ് വട്ടിയൂർക്കാവ്. ഇതിന്റെ അതിർത്തിയായ മൂന്നാമൂട്, വെള്ളൈക്കടവ്, മലമുകൾ ഭാഗങ്ങളിലാണ് വൈദ്യുതി പോയത്. കാറ്റിൽ റോഡിലേക്ക് മരങ്ങൾ വീണു. ഇത് വൈദ്യുതി കമ്പികളിൽ പതിച്ചാണ് കറണ്ട് പോകുന്നത്. മരങ്ങളെല്ലാം വെട്ടിയൊതുക്കി മണിക്കൂറായിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. ഇതിന് കാരണം ഏകോപനമില്ലായ്മയും സാമഗ്രികളുടെ കുറവുമാണെന്നാണ് ഉയരുന്ന വാദം. നേരത്തെ വൈദ്യുതിക്കമ്പിക്കും മറ്റും മലബാറിൽ ക്ഷാമം ഉണ്ടെന്നായിരുന്നു വാർത്ത. എന്നാൽ മലബാറിൽ മാത്രമല്ല തിരുവനന്തപുരത്ത് പോലും പ്രതിസന്ധിയുണ്ടെന്നാണ് വട്ടിയൂർക്കാവ് സംഭവം തെളിയിക്കുന്നത്.

മലബാറിലെ പ്രതിസന്ധിയെ കുറിച്ച് മനോരമ അടക്കം വാർത്ത നൽകിയിരുന്നു, കെഎസ്ഇബി മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി സബ് ഡിവിഷൻ ഉൾപ്പെടുന്ന മഞ്ചേരി സർക്കിളിൽ മാസം ശരാശരി 1300 മുതൽ 1500 വരെ കണക്ഷൻ നൽകാൻ ആവശ്യമായ കമ്പിയും മീറ്ററും ആവശ്യമാണ്. നിലവിൽ 1800 എനർജി മീറ്റർ ആവശ്യമുണ്ട്. ജനുവരി മുതലാണ് സംസ്ഥാനത്ത് മൊത്തത്തിലുള്ള ക്ഷാമം. സർക്കിൾ ഓഫിസ് മുഖേന പലപ്പോഴായി സാധനങ്ങളുടെ കുറവ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി, സർവീസ് കണക്ഷൻ നൽകൽ, വൈദ്യുതി പദ്ധതിയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ബാധിക്കുന്നത്.

ലൈനുകൾ കേബിൾ ലൈനിലേക്ക് (കവേർഡ് കണ്ടക്ടർ) മാറുന്നതിനിലാണ് ബെയർ കണ്ടക്ടർ കിട്ടാത്തതെന്നു പറയുന്നു. നഗരങ്ങളിലും അപകടഭീഷണി നേരിടുന്ന സ്ഥലങ്ങളിലുമാണ് കേബിൾ ലൈൻ സ്ഥാപിക്കുന്നത്. മഴക്കെടുതികളിൽ പലയിടത്തും ലൈൻ പൊട്ടലും മറ്റു തരത്തിലുള്ള വൈദ്യുതി തകരാറും പരിഹരിക്കാൻ സാമഗ്രികൾ ലഭ്യമാക്കിയില്ലെങ്കിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് മനോരമയിൽ വന്ന വാർത്ത. ഇത് ശരിവയ്ക്കുന്ന സൂചനകളാണ് വട്ടിയൂർക്കാവ് മേഖലയിൽ തെളിയുന്നത്.

വേനൽച്ചൂടിൽ വൈദ്യുതി ഉപഭോഗത്തിൽ വൻ വർധന ഉണ്ടായിരുന്നു. ഓവർലോഡ് നിമിത്തം സർക്കിളിൽ 30 ട്രാൻസ്‌ഫോമർ തകരാറിലായി. ശീതീകരണ (എസി) ഉപയോഗം വർധിച്ചതാണ് കാരണം. കഴിഞ്ഞ വർഷത്തേതിൽനിന്ന് രണ്ടിരട്ടിയിലേറെ വർധനയുണ്ടായി. അമിതോപയോഗം സംബന്ധിച്ച് ഉപഭോക്താക്കൾ കെഎസ്ഇബി ഓഫിസിൽ വിവരം നൽകാറില്ല. ലോഡ് കൂടുന്നതിനാൽ ഇടയ്ക്ക് ലൈൻ ഓഫ് ചെയ്ത് ക്രമീകരിക്കുകയാണ് ചെയ്യുന്നത്.