- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോഡ് ഷെഡിംഗിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി കെ എസ് ഇ ബി;
കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതിനിടെയാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്. കടുത്ത ചൂടാണ് പ്രതിസന്ധിയായി മാറുന്നത്. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല.
അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. 11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്‌ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700ലധികം ട്രാൻസ്‌ഫോർമറുകൾ തകരാറിലായെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. പലയിടത്തും 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കേണ്ടിവരുന്നു. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം സമരത്തിലാണ്. ഇത് പ്രതിസന്ധിയാകുന്നു. അതുകൊണ്ടാണ് പ്രഖ്യാപിത ലോഡ് ഷെഡിങ് എന്ന ആവശ്യം മുമ്പോട്ട് വയ്ക്കുന്നത്.
നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് വൈദ്യുത മന്ത്രിയും തിരിച്ചറിയുന്നുണ്ട്. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. ഇതോടൊപ്പമാണ് വൈദ്യുത വിതരണ ശൃംഖലയിൽ കേടുപാടുകൾ വരുന്നതായി കെഎസ്ഇബി ചൂണ്ടിക്കാണിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്താൻ ബുധനാഴ്ച കെഎസ്ഇബി ഉന്നതതല യോഗം ചേരും. നിരക്ക് വർദ്ധനയും അനിവാര്യതയായി മാറുകയാണ്.
വോട്ടെടുപ്പ് കഴിഞ്ഞതോടെ വൈദ്യുതി നിരക്ക് ഉയർത്തുന്നതിന്റെ സാധ്യതകൾ വീണ്ടും കെ എസ് ഇ ബി തേടുന്നുവെന്നതാണ് വസ്തുത. വൈദ്യുതി ഉപയോഗം കുത്തനെ കുതിച്ചുയർന്ന സാഹചര്യത്തിലാണ്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വീണ്ടും സർവകാല റിക്കാർഡിൽ എത്തുന്നതാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങേണ്ടത് കെ എസ് ഇ ബിക്ക് വലിയ ബാധ്യതയാണ്. അതുകൊണ്ടാണ് നിരക്ക് ഉയർത്തുന്നതിനെ കുറിച്ച് ചർച്ച സജീവമാകുന്നത്.
നേരത്തെ തന്നെ നിരക്ക് ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ കെ എസ് ഇ ബി വച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൈദ്യുത നിരക്ക് ഉയർത്തുന്നതിന് സർക്കാർ പച്ചക്കൊടി നൽകിയില്ല. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ റെഗുലേറ്ററീ കമ്മീഷൻ അനുവാദത്തോടെ നിരക്ക് ഉയർത്തുന്നതിനെ കുറിച്ചുള്ള സാധ്യതകൾ കെ എസ് ഇ ബി ആരായും. സർക്കാരും പ്രതിസന്ധിക്കാലത്ത് അതിനെ എതിർക്കില്ല. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിക്ക് സബ്സീഡി കൊടുത്ത് പ്രതിസന്ധിയിൽ രക്ഷയൊരുക്കാൻ സർക്കാരിന് കഴിയുകയുമില്ല.
സേവന നിരക്ക് കൂട്ടിയും കെ എസ് ഇ ബി പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പ്രശ്നം പരിഹരിച്ചില്ല. അസഹനീയമായ ചൂട് വൈദ്യുതി ഉപഭോഗം കൂട്ടുകയും ചെയ്തു. ഇതോടെ നിരക്ക് വർദ്ധന അനിവാര്യതയായെന്ന് കെ എസ് ഇ ബിയും വിശദീകരിക്കുന്നു. എന്നാൽ റെഗുലേറ്ററീ കമ്മീഷനെ കാര്യങ്ങൾ ബോധിപ്പിച്ച് മാത്രമേ നിരക്ക് കൂട്ടാൻ കഴിയൂ. അതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.