- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറ്റവുമധികം വൈദ്യുതി ഉപയോഗം വരുന്ന ട്രാൻഫോർമറുകളുടെ ചാർട്ട് തയാറാക്കി കെ എസ് ഇ ബി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചുള്ള നിയന്ത്രണം വേണമെന്ന ആവശ്യവുമായി കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആവശ്യം. ഒരു ദിവസം 150 മെഗാവാട്ട് എങ്കിലും കുറയ്ണം എന്നാണ് ആവശ്യം. ഇല്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകും. ട്രാൻസ്ഫോർമർ ഉൾപ്പെടെ തകരും. കെ എസ് ഇ ബിയുടെ ഈ ആവശ്യം സർക്കാരും അംഗീകരിച്ചേക്കും. ഫലത്തിൽ അപ്രഖ്യാപിത പവർക്കട്ട് തുടങ്ങാനാണ് സാധ്യത.
എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ടു വരണം എന്നത് സംബന്ധിച്ച് കെഎസ്ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം വരികയെന്നാണ് വിവരം. നിയന്ത്രണം അപ്രഖ്യാപിത പവർക്കട്ടിന്റെ സ്വഭാവത്തിലേക്ക് മാറിയേക്കും. അതിനിടെ ഇതു മൂലം വൈദ്യുത ബോർഡ് ഓഫീസിലെ ജീവനക്കാർ പ്രതിസന്ധിയിലാകാറുണ്ട്. അതിനാൽ അപ്രഖ്യാപിത പവർക്കട്ടിന് അപ്പുറം മേഖല തിരിച്ച് സമയം പ്രഖ്യാപിച്ച് ഓഫ് ചെയ്യാനും സാധ്യതയുണ്ട്.
ഏറ്റവുമധികം വൈദ്യുതി ഉപയോഗം വരുന്ന ട്രാൻഫോർമറുകളുടെ ചാർട്ട് തയാറാക്കാൻ ചീഫ് എൻജിനീയർമാർക്ക് കെഎസ്ഇബി നിർദേശം നൽകിയിട്ടുണ്ട്. ഇത് വൈദ്യുതി മന്ത്രിക്ക് കൈമാറും. ഈ ചാർട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇതിന് ശേഷമാകും നിയന്ത്രണത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഇതിന് തത്വത്തിൽ അംഗീകാരം മുഖ്യമന്ത്രി നൽകിയെന്നും സൂചനയുണ്ട്.
ജൂൺ ആദ്യം തന്നെ കാലവർഷം എത്തിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡ് മറികടക്കുന്നതാണ് പലയിടത്തും അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിന് കാരണമെന്നും 11 കെവി ലൈനുകളിൽ ഇതുമൂലം തകരാറുകൾ സംഭവിക്കുന്നുണ്ടെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.
സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിദിന വൈദ്യുതി ഉപയോഗം റിക്കാർഡ് കടക്കുന്ന പശ്ചാത്തലത്തിൽ ഏതെങ്കിലും തരത്തിൽ നിയന്ത്രണം വേണമെന്നാണ് ബോർഡ് ആവശ്യപ്പെടുന്നത്. ലോഡ് ഷെഡിംഗും പവർക്കട്ടും ഉണ്ടാകില്ലെന്നാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം. അതുകൊണ്ടാണ് പ്രഖ്യാപിത പവർകട്ടിന് അനുമതി നൽകാത്തത്. അതിനിടെ പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തിൽ നിരക്ക് കൂടാനും സാധ്യത ഏറെയാണ്.
വൈദ്യുതി ഉപയോഗം ദിനംപ്രതി വർധിച്ചുവരുന്നതിനാൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണമെന്നാണ് കെഎസ്ഇബി സർക്കാരിന് ശുപാർശ നൽകിയിരുന്നു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ പലയിടത്തും കെഎസ്ഇബി അപ്രഖ്യാപിത പവർകട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധമുണ്ടായി. ആളുകൾ കെഎസ്ഇബി ഓഫീസിൽ വന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
അർധരാത്രി അപ്രതീക്ഷിതമായി വൈദ്യുതി കട്ട് ചെയ്യുന്നതിൽ കടുത്ത പ്രതിഷേധമാണ് പൊതുജനത്തിനുള്ളത്. കുട്ടികളും പ്രായമായവരും ഇതുമൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് പരാതികളിൽ ഏറെയും. വൈദ്യുതി ഉപഭോഗം റിക്കാർഡ് മറികടന്ന് കുതിക്കുന്നത് കെഎസ്ഇബിക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.