തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി സെക്ഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക അഴിമതിയും ക്രമക്കേടും കണ്ടെത്തി. 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന പേരില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ 41 ഉദ്യോഗസ്ഥര്‍ കരാറുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചു. 70 സെക്ഷന്‍ ഓഫിസുകളിലായി നടന്ന പരിശോധനയില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രം 16.50 ലക്ഷം രൂപ കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങുന്ന വിചിത്ര കാഴ്ചയാണ് കെ എസ് ഇ ബിയിലേത്.

ഗൂഗിള്‍ പേ വഴി ലക്ഷങ്ങള്‍ കരാറുകാരില്‍ നിന്ന് കമ്മീഷന്‍ ഇനത്തില്‍ വാങ്ങും. വന്‍തുക കൈപ്പറ്റിയ ശേഷം പ്രവൃത്തികള്‍ പരിശോധിക്കാതെ ബില്ലുകള്‍ മാറി നല്‍കുന്ന രീതിയാണ് കെഎസ്ഇബിയില്‍ നിലനിന്നിരുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയാണ് ഭൂരിഭാഗം കൈക്കൂലിയും കൈമാറിയത്. വര്‍ക്കലയില്‍ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരാള്‍ 38,000 രൂപയും ഗൂഗിള്‍ പേ വഴി കൈപ്പറ്റി. കോട്ടയത്ത് സബ് എന്‍ജിനീയര്‍ 1.83 ലക്ഷം രൂപയും ഓവര്‍സിയര്‍ 18,550 രൂപയും ഇത്തരത്തില്‍ വാങ്ങി. കട്ടപ്പന സെക്ഷന്‍ ഓഫിസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വാങ്ങിയത് 2,35,700 രൂപയാണ്.

പത്താം ക്ലാസ് തോറ്റാലും കെ എസ് ഇ ബിയില്‍ കയറിയാല്‍ പ്രെമോഷനിലൂടെ ഉയര്‍ന്ന പദവിയില്‍ എത്താം. ഇത്തരം ആളുകള്‍ക്ക് ജി പേയുടെ തെളിവ് സാധ്യത പോലും അറിയില്ല. കെ എസ് ഇ ബിയില്‍ ജി പേ വഴി അഴിമതി കാശു വാങ്ങുന്നവര്‍ അടിസ്ഥാന വിവരം പോലും സാങ്കേതിക വിദ്യയില്‍ ഇല്ലാത്തവരാണെന്ന് വ്യക്തം. അര്‍ഹതയില്ലാത്തവര്‍ പ്രെമോഷനിലൂടെ സുപ്രധാന തസ്തികയില്‍ എത്തുന്നതും കെ എസ് ഇ ബിയില്‍ അഴിമതിയ്ക്ക് സാധ്യത തെളിയിക്കുന്നുണ്ട്.

തിരുവല്ലയില്‍ വൈദ്യുതി ഓഫിസിനടുത്തുള്ള കടയുടമയെ ഇടനിലക്കാരനാക്കി 1.67 ലക്ഷം രൂപ കൈമാറിയതായും കണ്ടെത്തി. ടെന്‍ഡര്‍ അട്ടിമറിക്കാന്‍ 'കഷ്ണങ്ങളാക്കല്‍' ഇ ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കുന്നതിനായി വലിയ പ്രവൃത്തികളെ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ചെറിയ കഷ്ണങ്ങളായി വിഭജിച്ച് ക്വട്ടേഷന്‍ ക്ഷണിക്കുന്ന തട്ടിപ്പും വ്യാപകമാണ്. വര്‍ഷങ്ങളോളം ഒരേ കരാറുകാരന് തന്നെ വഴിവിട്ട് ജോലികള്‍ നല്‍കുന്നതായും പരിശോധനയില്‍ തെളിഞ്ഞു. എസ്റ്റിമേറ്റ് പ്രകാരമുള്ള അളവില്‍ സാധനങ്ങള്‍ ഉപയോഗിക്കാതെയും മഫിംഗ് പോലുള്ള സുരക്ഷാ ജോലികള്‍ ഒഴിവാക്കിയും നടത്തിയ ക്രമക്കേടുകള്‍ക്കും ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു.

രേഖകളില്‍ കള്ളക്കളി ഭൂരിഭാഗം ഓഫിസുകളിലും സ്‌ക്രാപ്പ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ എന്നിവ കൃത്യമായി സൂക്ഷിച്ചിട്ടില്ല. ഉപയോഗശൂന്യമായ സാധനങ്ങളുടെ ലേലത്തിലും വാഹന കരാറുകളിലും ക്രമക്കേട് നടന്നതായും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.