- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രതിസന്ധി തീർക്കാൻ വൈദ്യുതി വാങ്ങാൻ ശ്രമിച്ചതാലും കിട്ടാനില്ലെന്ന് കെഎസ്ഇബി; ദീർഘകാല കരാറുകൾ റദ്ദാക്കിയത് തിരിച്ചടിയായി; വൈദ്യുതി വാങ്ങാൻ ഇനി പുതിയ കരാറുകൾ വേണ്ടിവരും; ദിവസവും ശരാശരി രണ്ടുകോടി യൂണിറ്റിന്റെ കുറവെന്ന് കെ.എസ്.ഇ.ബി; മഴ കനിഞ്ഞില്ലെങ്കിൽ വൈദ്യുതിബോർഡ് പ്രതിസന്ധിയിലാകും
തിരുവനന്തപുരം: ജീവനക്കാർക്ക് വാരിക്കോരി ശമ്പളം കൊടുത്ത കെഎസ്ഇബി ഇപ്പോൾ ചെറിയ പ്രതിസന്ധി വന്നാലും അതിൽ വെട്ടിലാകുന്ന അവസ്ഥയിലാണ്. മഴ കുറഞ്ഞതോടെ വൈദ്യുതി ഉൽപ്പാദനം കുറഞ്ഞ് വൈദ്യുതി ബോർഡ് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വൈദ്യുതി ചാർജ്ജ് ഉയർത്താതെ തരമില്ലെങ്കിലും തെരഞ്ഞെടുപ്പു കാലം ആയതിനാൽ അതിന് മുതിരാതിരിക്കയാണ് സർക്കാർ. എന്നാൽ, മുൻകാലങ്ങളിൽ കാണിച്ച മണ്ടത്തരങ്ങൾ കാരണം ഇപ്പോൾ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത്. ഇത് പ്രതിസന്ധി വർധിപ്പിക്കുന്നു.
ദീർഘകാല കരാറുകൾ റദ്ദാക്കിയതും മഴക്കുറവുണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ഡിസംബർവരെ ദിവസവും ശരാശരി രണ്ടുകോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാവുമെന്ന് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ അറിയിച്ചു. ബോർഡിന് ഇത് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും. രാജ്യത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ ആയതിനാൽ ഉയർന്ന വില കൊടുത്താലും കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്.
നേരത്തേ റദ്ദാക്കിയ വിലകുറഞ്ഞ ദീർഘകാല കരാറുകളിൽനിന്ന് ഡിസംബർവരെ വീണ്ടും വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് കമ്മിഷന് അപേക്ഷ നൽകി. കമ്മിഷൻ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ടെൻഡർ നടപടികളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാണ് നാലു കരാറുകൾ കമ്മിഷൻ റദ്ദാക്കിയത്. വൈദ്യുതി ലഭ്യതയിൽ കുറവുവന്നതോടെ ഇതേ കരാറുകളിൽനിന്ന് 75 ദിവസംകൂടി വൈദ്യുതി സ്വീകരിക്കാൻ കമ്മിഷൻ അനുവദിച്ചിരുന്നു. ഈ കാലാവധി 21-ന് അവസാനിക്കും.
ഇപ്പോൾ, മഴ കുറഞ്ഞതോടെ വീണ്ടും കടുത്ത പ്രതിസന്ധിയുണ്ട്. ഇതു നേരിടാനാണ് ഇതേ കരാറുകളിൽനിന്ന് അന്നത്തെ വിലയ്ക്ക് വീണ്ടും വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ജനുവരിയിൽ പുതിയ കരാറുകൾ വെക്കാനാവും. എന്നാലും ഇതേ വിലയ്ക്ക് കിട്ടില്ല. പഴയ കരാറിലുള്ള കമ്പനികൾക്ക് ആവശ്യമായ കൽക്കരി നൽകാൻ ബന്ധപ്പെട്ട കൽക്കരി കമ്പനികൾക്ക് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശം നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടു.
ഈ കമ്പനികളിൽനിന്ന് വാങ്ങാൻ അനുവദിച്ചാലും ഇനി വരുന്ന മാസങ്ങളിൽ വൈദ്യുതി ആവശ്യം നിറവേറ്റാൻ ആവില്ല. മഴ നിലച്ചതിനാൽ ജലവൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപയോഗം വർധിച്ചതുമാണ് കാരണം. മഴക്കാലമായ ഓഗസ്റ്റിലെ വൈദ്യുതി ഉപഭോഗത്തിൽ വ്യാഴാഴ്ച കേരളം റെക്കോഡിട്ടിരുന്നു 8.64 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഈ ഓഗസ്റ്റ് 11-ലെ 8.59 കോടി യൂണിറ്റിന്റെ റെക്കോഡാണ് തകർന്നത്. അണക്കെട്ടുകളിൽ വെള്ളം കുറവായത് പ്രതിസന്ധി വർധിപ്പിക്കയാണ്. കഴിഞ്ഞവർഷം ഓഗസ്റ്റ് 17-ന് സംഭരണികളിലെ ജലശേഖരം 82ശതമാനം ആയിരുന്നു. അത് 37 ആയി കുറഞ്ഞിരിക്കയാണ്. മഴ കനിയാതെ ഇനി മുന്നോട്ടു പോകാനാകില്ലെന്ന അവസ്ഥയിലാണ് ബോർഡ്.




