പത്തനംതിട്ട: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലും കെടുകാര്യസ്ഥതയിലും കുരുങ്ങി പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. 14,685 രൂപയാണ് ഓഫീസിലെ ബില്‍ കുടിശ്ശികയായി ഉണ്ടായിരുന്നത്. ഇതോടെ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെയുള്ള സുപ്രധാന വിഭാഗങ്ങള്‍ ഇരുട്ടിലായിരിക്കുകയാണ്.

വൈദ്യുതി നിലച്ചതോടെ ഓഫീസിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. വെര്‍ച്വല്‍ കോടതി സേവനങ്ങള്‍ മുടങ്ങി: ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ വെര്‍ച്വല്‍ കോടതിയിലേക്ക് അയക്കുന്ന നടപടികള്‍ ഇതോടെ നിലച്ചു.

കെല്‍ട്രോണിന്റെ വീഴ്ച

ഗതാഗത വകുപ്പുമായി കരാറുള്ള കെല്‍ട്രോണ്‍ ആണ് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ടത്. കയ്യില്‍ ഫണ്ടില്ലാത്തതിനാലാണ് ബില്‍ തുക അടയ്ക്കാന്‍ കഴിയാത്തതെന്നാണ് കെല്‍ട്രോണ്‍ അധികൃതരുടെ വിശദീകരണം.

ആവര്‍ത്തിക്കുന്ന പ്രതിസന്ധി

ഇത് ആദ്യമായല്ല പത്തനംതിട്ട ആര്‍.ടി.ഒ ഓഫീസില്‍ കെ.എസ്.ഇ.ബി 'പണി' നല്‍കുന്നത്. കഴിഞ്ഞ മാസവും ബില്‍ കുടിശ്ശികയെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരാന്‍ എത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ സാവകാശം വേണമെന്ന ആര്‍.ടി.ഒയുടെ അപേക്ഷ പരിഗണിച്ച് അന്ന് നടപടി ഒഴിവാക്കിയിരുന്നു. കുടിശ്ശിക തീര്‍ക്കാമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് ഇത്തവണ കെ.എസ്.ഇ.ബി കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

'ബില്ലടയ്ക്കാന്‍ കെല്‍ട്രോണിന് ഫണ്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തെയും കോടതി നടപടികളെയും ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്,' എന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ നിഷ മറുനാടന്‍ മലയാളിയോട് വ്യക്തമാക്കി.

പൊതുജനം ദുരിതത്തില്‍

ഓഫീസിലെ കമ്പ്യൂട്ടറുകളും സെര്‍വറുകളും പ്രവര്‍ത്തിക്കാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. സര്‍ക്കാര്‍ സ്ഥാപനമാണെന്ന പരിഗണന പോലും നല്‍കാതെ കെ.എസ്.ഇ.ബി നടപടി എടുത്തതോടെ ഗതാഗത വകുപ്പും കെല്‍ട്രോണും പ്രതിരോധത്തിലായിരിക്കുകയാണ്.