കണ്ണൂർ: നിയമനടനടപടികൾ പാലിക്കാതെ ഗാർഹിക ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷൻവിച്ഛേദിച്ചു ഉപഭോക്താവിനെയും കുടുംബത്തെയും ഇരുട്ടിലാക്കിയ കെ. എസ്. ഇ.ബി അധികൃതർക്ക് കണ്ണൂർ ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ പന്ത്രണ്ടായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഇതിൽ പതിനായിരം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായും രണ്ടായിരം രൂപ കോടതി ചെലവിനുമായാണ് മാർച്ച്17ന് മുൻപായി നൽകേണ്ടത്.

സംഭവത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലയിലെ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ അസി. എൻജിനിയറെയും കണക്ഷൻ വിച്ഛേദിച്ച ലൈന്മാനെയും എതിർകക്ഷികളാക്കി കൊണ്ടു കൊളപ്പ ചിത്രാരിയിലെ തൈക്കണ്ടി കബീർ നൽകിയ ഹർജിയിലാണ് കൺസ്യൂമർകമ്മിഷന്റെ വിധി. ഒരുമാസത്തെ മാത്രം ബിൽതുക അടക്കാനിരിക്കെ അടുത്ത പ്രവൃത്തി ദിവസം അടക്കാമെന്നു പറഞ്ഞിട്ടും ലൈന്മാൻ മീറ്റർ വയറിളക്കി കണക്ഷൻ വിച്ഛദേിച്ചുവെന്നും ഇതുകാരണം താനും കുടുംബവും മാനസിക പ്രയാസം അനുഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി കബീർ ജുഡീഷ്യൽ അധികാരമുള്ള കൺസ്യൂമർ കമ്മീഷനെ സമീപിക്കുകയായിരുന്നു.

2019-ഡിസംബർ 30-നാണ് പരാതിക്കടിസ്ഥാനമായ സംഭവം. അന്നേ ദിവസം കബീർ വീട്ടിലുണ്ടായിരുന്നില്ല. ഈ പ്രദേശത്തു ജോലി ചെയ്തിരുന്ന ലൈന്മാൻ വീട്ടിലെത്തി ബിൽതുകയായ 2670 അടച്ചില്ലെന്ന കാരണത്താൽ കണക്ഷൻവിച്ഛേദിക്കുകയായിരുന്നു. ഫോണിലൂടെ കണക്ഷൻ വിച്ഛേദിക്കരുതെന്ന് കബീർ അപേക്ഷിച്ചിരുന്നുവെങ്കിലും കേൾക്കാനുള്ള സൗമനസ്യം കാണിച്ചില്ലെന്നാണ് കബീർ പറയുന്നത്. പിറ്റേ ദിവസം ഞായറാഴ്‌ച്ചയായതിനാൽ തിങ്കളാഴ്‌ച്ച പണമടക്കുമെന്നായിരുന്നു കബീർ പറഞ്ഞിരുന്നത്.

എന്നാൽ കണക്ഷൻവിച്ഛേദിച്ചു ലൈന്മാൻ മടങ്ങിയതിനെ തുടർന്ന് കബീർ അന്നു തന്നെ കണ്ണൂരിലുള്ള ഉപഭോക്തൃതർക്കപരിഹാര കമ്മിഷനെസമീപിക്കുകയായിരുന്നു. അന്ന് വൈകുന്നേരം ആറുമണിക്ക മുൻപായി കണക്ഷൻ പുനഃസ്ഥാപിക്കാൻ കമ്മിഷൻനിർദ്ദേശിച്ചതിനെ തുടർന്ന് ലൈന്മാനെത്തി കണക്ഷൻ പുനഃസ്ഥാപിച്ചുവെങ്കിലും കബീർ ഹർജി പിൻവലിക്കാതെ കേസുമായി മുൻപോട്ടു പോവുകയായിരുന്നു.

ഇതിനെ തുടർന്നാണ് 2023 ഫെബ്രുവരി ഏഴിന് അനുകൂലമായ വിധിയുണ്ടായത്. 2003-181 സെക്ഷൻ പ്രകാരം ബിൽ കുടിശികയാവുന്ന ഉപഭോക്താക്കൾക്ക് കണക്ഷൻ വിച്ഛേദിക്കുന്നതിനു മുൻപ് നോട്ടീസ് നൽകി മുന്നറിയിപ്പു നൽകണമെന്നും ഇതിനു ശേഷം പതിനഞ്ചു ദിവസത്തെ സമയം അനുവദിക്കണമെന്നും പറയുന്നുണ്ട്. പിന്നീട് ഇതേ വിഷയത്തിൽ തന്നെ ഓംബുഡ്സ്മാൻ വിധിയടക്കം ഈ വിധിയെ സാധൂകരിക്കുന്നുണ്ട്. ഇതു മറികടന്നു കൊണ്ടാണ് കെ. എസ്. ഇബി അധികൃതർ പ്രവർത്തിച്ചതെന്നു കബീറിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് രവി സുഷ അംഗീകരിക്കുകയായിരുന്നു.

ഇതോടെയാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് വിധിയുണ്ടായത്. നിയമങ്ങൾ പാലിക്കാതെയാണ് കെ. എസ്.ഇ.ബി ജീവനക്കാർ ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിക്കുന്നതെന്നും സാധാരണക്കാരായ മുഴുവനാളുകൾക്കും വേണ്ടിയാണ് താൻനിയമപോരാട്ടം നടത്തിയതെന്നും കബീർ പറഞ്ഞു.