- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് തോറ്റാലും എഞ്ചിനീയറാക്കുന്ന കെഎസ്ഇബിയിലെ ആ സുവര്‍ണാവസരത്തിന് അന്ത്യമാകുന്നു! പത്ത് തോറ്റ് വര്‍ക്കര്‍ തസ്തികയില്‍ ജോലിക്ക് കയറി സബ്ബ് എന്‍ജിനീയര്‍മാരായ ഏര്‍പ്പാട് ഇനി നടപ്പില്ല; കെഎസ്ഇബിയില്‍ ഇനി കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയും; സ്‌പെഷല്‍ റൂളുമായി പി.എസ്.സി
കെഎസ്ഇബിയില്‍ ഇനി കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയും
തിരുവനന്തപുരം: പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ പോലും ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റുന്ന സബ്ബ് എന്‍ജിനീയര്‍ തസ്തികയില്‍ വരെ സര്‍വീസില്‍ തുടരുന്നുവെന്ന ആക്ഷേപം മാറ്റാനൊരുങ്ങി കെഎസ്ഇബി. പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്കു മാത്രം പരീക്ഷയെഴുതാവുന്ന വര്‍ക്കര്‍ തസ്തികകള്‍ കെഎസ്ഇബിയില്‍ ഇനിയുണ്ടാകില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്‌കരിക്കാനാണ് തീരുമാനം. ഇവയുള്‍പ്പെടെ കെഎസ്ഇബിയിലെ എല്ലാ തസ്തികകളും പൊളിച്ചെഴുതുന്ന സ്‌പെഷല്‍ റൂളിന് പിഎസ്സി മൂന്നു മാസത്തിനകം അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെഷല്‍ റൂളിന് അംഗീകാരം ലഭിച്ച ശേഷം നിയമനം നേടുന്നവര്‍ക്കു മാത്രമായിരിക്കും ഇവ ബാധകമാകുക.
പത്താം ക്ലാസ് തോറ്റ് വര്‍ക്കര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച് സബ്ബ് എന്‍ജിനീയര്‍ തസ്തികയില്‍ വരെയെത്തി മാസം ഒന്നര ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന 451 ജീവനക്കാര്‍ നിലവില്‍ സര്‍വീസിലുണ്ടെന്നായിരുന്നു രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വിവരാവകാശ രേഖകള്‍ പ്രകാരം അധികൃതരില്‍ നിന്നും ലഭിച്ചത്. അവരുടെ ശമ്പളം 1,33, 695 രൂപയാണ്. സബ്ബ് എന്‍ജിനീയര്‍ ഗ്രേഡാണ് ഈ ജീവനക്കാരുടേത്. സബ്ബ് എന്‍ജീനീയറുടെ ഗ്രേഡിനേക്കാള്‍ ഉയര്‍ന്ന ഗ്രേഡില്‍ ഉള്ളവരുണ്ടോ എന്ന ചോദ്യത്തിന് 34 പേരുണ്ടെന്നാണ് മറുപടി ലഭിച്ചത്. അവരുടെ ശമ്പളം 1,43, 860 രൂപയാണ്. ഇത് കൂടാതെ 85400 രൂപ കൈപ്പറ്റുന്ന 28 ജീവനക്കാരുണ്ട്. 10,3800 രൂപ കൈപ്പറ്റുന്ന രണ്ട് ജീവനക്കാരും, 10,7200 കൈപ്പറ്റുന്ന നാല് ജീവനക്കാരും പത്താം ക്ലാസ് തോറ്റ് വര്‍ക്കറായി ജോലിക്ക് കയറി സ്ഥാനക്കയറ്റം ലഭിച്ച് ഉയര്‍ന്ന ശമ്പളം നേടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്നും വിവരാവകാശ രേഖകളില്‍ വ്യക്തമാക്കിയിരുന്നു.
1750 കോടിരൂപ ശരാശരി മാസവരുമാനം ലഭിക്കുമ്പോള്‍ 1950 കോടിയാണ് കെഎസ്ഇബിയുടെ ചെലവെന്നും മറ്റൊരു കെ.എസ്.ആര്‍.ടി.സി.യായി വൈദ്യുത ബോര്‍ഡ് മാറിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ചെയര്‍മാന്‍ ഡോ. ബിജു പ്രഭാകര്‍ പരിതപിക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന ശമ്പള വിവരങ്ങളും പുറത്തുവന്നത്. പത്താം ക്ലാസ് തോറ്റ് വര്‍ക്കറായി ജോലിക്ക് കയറിയവര്‍ ഒന്നര ലക്ഷത്തോളം വരെ ശമ്പളം നേടുന്നുവെന്ന വിവരം മുന്‍പ് മറുനാടന്‍ മലയാളി പുറത്തുവിട്ടിരുന്നു. എന്നാല്‍ തെറ്റായ വിവരമെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് വിവരാവകശാ നിയമപ്രകാരം കെഎസ്ഇബിയില്‍ നിന്നും ലഭിച്ച മറുപടി. പത്താം ക്ലാസ് തോറ്റവര്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടോ എന്നറിയാന്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചതിന് കെഎസ്ഇബി ഉത്തരം നല്‍കാന്‍ ഒരു വര്‍ഷവും പത്ത് മാസവുമെടുത്തിരുന്നു. പലതവണ അപ്പീല്‍ കൊടുത്തു, വിവരാവകാശ കമ്മീഷനെ വീണ്ടും സമീപിച്ചതോടെയാണ് വിവരങ്ങള്‍ അധികൃതര്‍ കൈമാറിയത്.
ജോലിക്ക് സാങ്കേതിക പരിജ്ഞാനം വേണം
വൈദ്യുതി മേഖലയിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാങ്കേതികമായി അറിവുള്ളവരെ മാത്രം നിയമിക്കണമെന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശവും കെഎസ്ഇബി മുന്‍പു നടത്തിയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് സ്‌പെഷല്‍ റൂളില്‍ തസ്തികകള്‍ പുനര്‍നിര്‍ണയിച്ചത്. ഇനിമുതല്‍ പി എസ് സി വഴി നിയമനം ലഭിക്കുന്നവര്‍ ഭാവിയില്‍ സ്ഥാനക്കയറ്റം നേടി ചീഫ് എന്‍ജിനീയര്‍ തസ്തിക വരെയെത്തുമ്പോള്‍ അതുവരെയുള്ള എല്ലാ തസ്തികകളുടെയും പേരും ചുമതലകളും മാറും. തസ്തികകളുടെ എണ്ണം കുറയുന്നതിനാല്‍ ജീവനക്കാരെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ വ്യത്യസ്ത ചുമതലകള്‍ നല്‍കും. ഉദാഹരണത്തിന്, ഡ്രൈവര്‍ക്ക്് ആ ജോലി ഇല്ലാത്തപ്പോള്‍ ഓഫിസ് അറ്റന്‍ഡന്റ് അല്ലെങ്കില്‍ സമാനമായ മറ്റു ജോലികള്‍ ചെയ്യേണ്ടി വരും. ജീവനക്കാര്‍ക്ക് സേവനകാലം പരിഗണിച്ച് കുറഞ്ഞത് മൂന്ന് ഗ്രേഡ് പ്രമോഷന്‍ ഉറപ്പാക്കുമെങ്കിലും യോഗ്യത അനുസരിച്ച് പരമാവധി പ്രമോഷന്‍ ലഭിക്കാവുന്ന ഗ്രേഡും നിശ്ചയിക്കും.
നിലവില്‍ കെഎസ്ഇബിയിലെ മസ്ദൂര്‍ തസ്തികയില്‍ ജീവനക്കാരുടെ എണ്ണം തീരെ കുറവാണ്. 2013 നു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ മാത്രമാണ് ഈ തസ്തികയിലുള്ളത്. അതിനു മുന്‍പു ജോലിയില്‍ കയറിയവര്‍ സ്ഥാനക്കയറ്റം നേടി ലൈന്‍മാന്‍ ആയി. കെഎസ്ഇബി പുനഃസംഘടനയും സ്‌പെഷല്‍ റൂളിന് പിഎസ്സിയുടെ അംഗീകാരവും വൈകുന്നതിനാലാണിത്.
ശമ്പള സ്‌കെയിലും മാറിയേക്കാം
കെഎസ്ഇബിയിലെ ഭീമമായ ശമ്പള സ്‌കെയിലിനെ കുറിച്ച് വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌പെഷല്‍ റൂള്‍ പ്രാബല്യത്തിലായ ശേഷം ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പള സ്‌കെയില്‍ കുറച്ചേക്കും. ഇതെക്കുറിച്ച് സര്‍ക്കാരുമായും യൂണിയനുകളുമായും ചര്‍ച്ച നടത്തണം. ആകെ ജീവനക്കാരുടെ എണ്ണം പരമാവധി 30321 ആയി ക്രമീകരിക്കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചതിനാല്‍ ഓരോ തസ്തികയിലെയും ജീവനക്കാരുടെ എണ്ണം സംബന്ധിച്ചും തീരുമാനമെടുക്കേണ്ടതുണ്ട്.