കൊച്ചി: നിരക്കുയർത്തി ഉപഭോക്താക്കളെ പീഡിപ്പിക്കും. അതിന് അപ്പുറം ഒരു മനസാക്ഷിയും കെ എസ് ഇ ബിയിൽ നിന്ന് പ്രതീക്ഷിക്കരുത്. അതിന് തെളിവാണ് ഇന്നുള്ള രണ്ടു വാർത്തകൾ. സർചാർജ്ജുയർത്തലും നിരക്കു വർദ്ധനയുമായി മുമ്പോട്ട് പോകുന്ന സ്ഥാപനത്തിന് എല്ലാ അർത്ഥത്തിലും സമൂഹ പ്രതിബന്ധത നശിക്കുകയാണ്. തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതലൈനിൽ നിന്നു ഷോക്കേറ്റു യുവാവ് മരിച്ച സംഭവത്തിൽ മരിച്ചയാളെ പ്രതിയാക്കി മനുഷ്യാവകാശ കമ്മിഷനു കെഎസ്ഇബിയുടെ റിപ്പോർട്ട്.

കഴിഞ്ഞ ഡിസംബർ 2നു വള്ളക്കടവിൽ മ്ലാമല ചാത്തനാട്ട് വീട്ടിൽ സാലിമോൻ (48) മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പൊതുപ്രവർത്തൻ എം.എം.ജോർജ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കെഎസ്ഇബി നൽകിയ വിശദീകരണ റിപ്പോർട്ടിലാണു കരാർ തൊഴിലാളിയുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതായത് കെ എസ് ഇ ബിക്ക് വേണ്ടി രക്തസാക്ഷിത്വം വഹിച്ച സാലിമോന്റെ കുടുംബത്തിന് ഒന്നും കൊടുക്കില്ല. ഇനി ആ കുടുംബത്തിൽ നിന്ന് പിടിച്ചു വാങ്ങാൻ വഴിയുണ്ടോ എന്ന് ചികയുകയും ചെയ്യും. അത്തരത്തിലാണ് മരിച്ച വ്യക്തിയെ പ്രതിയാക്കുന്ന റിപ്പോർട്ട്.

ഉയരം കൂടിയ ഇരുമ്പ് ഏണി എച്ച്ടി വൈദ്യുതപോസ്റ്റിനു മുകളിൽ ഉയർത്തിയതാണ് അപകടം ഉണ്ടാകാൻ കാരണം എന്നും പറയുന്നു. സംഭവസമയത്ത് എച്ച്ടി ലൈൻ ഓഫ് ചെയ്തിരുന്നില്ലെന്നും എച്ച്ടിയുടെ ഒരു ലൈൻ വൈദ്യുതി പ്രവഹിച്ച പോസ്റ്റിനു മുകളിൽ ബന്ധിപ്പിച്ചിരുന്നതായും ഇതേ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട്. ആരാണ് ഇത് ഓഫ് ചെയ്യാത്തതെന്ന് കെ എസ് ഇ ബി അന്വേഷിക്കാത്തത് എന്തെന്നതാണ് ഉയരുന്ന ചോദ്യം. പ്രാഥമികമായി ചെയ്യേണ്ടതു പോലും ചെയ്തില്ല. എന്നിട്ടും കുറ്റം മരിച്ച വ്യക്തിക്കാകുകയാണ്.

ഇതിനൊപ്പമാണ് ജനങ്ങളെ പിഴിയുന്ന മറ്റ് വിഷയങ്ങളുമെത്തുന്നത്. പാമ്പനാർ എൽഎംഎസ് പുതുവൽ കോളനി നിവാസികൾക്കു ഭീമമായ ബിൽ ലഭിച്ച വിഷയത്തിൽ 'പരാതികൾ പരിശോധിക്കാം, പക്ഷേ തുക അടച്ചേ മതിയാകൂ' എന്ന കെഎസ്ഇബി നിലപാടും ജനവിരുദ്ധമാണ്. 6,000 മുതൽ 87,000 രൂപ വരെയുള്ള ബില്ലുകൾ ലഭിച്ച കോളനി നിവാസികൾക്കാണു ബോർഡിന്റെ ഈ നിർദ്ദേശം. വലിയ തുകയുടെ ബിൽ ലഭിച്ചിരിക്കുന്ന കോളനിയിലെ കുടുംബങ്ങളിൽ ഭൂരിപക്ഷവും സാധാരണക്കാരും കൂലിവേല ചെയ്ത് ഉപജീവനം കഴിക്കുന്നവരുമാണ്.

ടിവിയും അരഡസനിൽ താഴെ ബൾബുകളും മാത്രമാണ് മിക്ക വീടുകളിലുമുള്ളത്. അന്വേഷണം നടത്തി യഥാർഥ ബിൽ നൽകുന്നതു വരെ വൈദ്യുതി വിഛേദിക്കരുതെന്നാണു കോളനി നിവാസികളുടെ ആവശ്യം. ഇതും കെ എസ് ഇ ബി അംഗീകരിക്കുന്നില്ല. വീടുകളിലെ മീറ്ററുകൾക്കു തകരാറുണ്ടോ എന്നറിയാൻ ഉപഭോക്താക്കൾ അവ സ്വന്തം ചെലവിൽ പരിശോധിക്കണമെന്നു ബോർഡ് പറയുന്നു. കോട്ടയം പള്ളത്ത് ബോർഡിന്റെ ഓഫിസിൽ മീറ്റർ എത്തിച്ചു പരിശോധിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഉപയോക്താവിന്റെതാണെന്നാണ് അധികൃതർ പറയുന്നത്.

പരാതികൾ ഉയർന്ന സാഹചര്യത്തിൽ രണ്ടു മീറ്ററുകൾ പരിശോധിക്കാൻ ബോർഡ് തയാറായിട്ടുണ്ട്. പക്ഷേ, കൂട്ടത്തോടെ മീറ്ററുകൾ പരിശോധിക്കാൻ തങ്ങൾക്കു കഴിയില്ലെന്നും ബോർഡ് വിശദീകരിക്കുന്നു. അങ്ങനെ ഈ പ്രദേശമാകെ ഇരുട്ടാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്.