- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യാടനെ മറയാക്കി 'ക്ലീൻ ഇമേജ്' നടത്തിയ അഴിമതി; 25 വർഷംകൊണ്ട് 5926 കോടിരൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന കൊള്ള; കെ എസ് ഇ ബിയിലെ അശോകന്റെ കരുതൽ കണ്ടെത്തിയ കള്ളക്കളി; ശിവശങ്കർ ജയിലിനുള്ളിലായപ്പോൾ സത്യം തെളിഞ്ഞു; യുഡിഎഫ് കാലത്തെ വൈദ്യുതി അഴിമതിയെ ഇടതുപക്ഷം വെള്ളപൂശുമോ?
തിരുവനന്തപുരം: മുൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 2014-ൽ 25 വർഷത്തേക്ക് വൈദ്യുതിവാങ്ങാൻ മൂന്ന് സ്വകാര്യകമ്പനികളുമായി ഉണ്ടാക്കിയ ദീർഘകാലകരാറുകൾ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കുമ്പോൾ ചർച്ചയാകുന്നതും അഴിമതി. ഇവ ചട്ടവിരുദ്ധവും ജനതാത്പര്യത്തിന് എതിരുമാണെന്ന് അധ്യക്ഷൻ ടി.കെ. ജോസ്, അഡ്വ. എ.ജെ. വിൽസൺ എന്നിവരടങ്ങിയ കമ്മിഷൻ വിലയിരുത്തി. ഈ ഇടപാടിൽ അന്വേഷണം വരുമോ എന്നതാണ് നിർണ്ണായകം. ബി അശോക് കെ എസ് ഇ ബി ചെയർമാനായിരിക്കുമ്പോഴാണ് ഈ ഇടപാടിലെ കള്ളക്കളി ചർച്ചയാകുന്നത്. ഈ ഇടപാടിന് പിന്നിലെ ദുരൂഹതകൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ആ നിലപാട് ശരിവയ്ക്കുകയാണ് റെഗുലേറ്ററി കമ്മിഷൻ.
ദീർഘകാല വൈദ്യുതിവാങ്ങൽ കരാറുകളിൽ ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടന്നതെന്ന് റെഗുലേറ്റി കമ്മിഷൻ. 2014 ഡിസംബറിലാണ് 865 മെഗാവാട്ട് വൈദ്യുതിക്കായി ബോർഡ് രണ്ട് ടെൻഡറുകൾ വിളിച്ചത്. അന്ന് ആര്യാടൻ മുഹമ്മദ് ആയിരുന്നു വൈദ്യുതിമന്ത്രി. എം. ശിവശങ്കർ ബോർഡ് ചെയർമാൻ. പോൾ ആന്റണി ആയിരുന്നു ഊർജവകുപ്പിന്റെ സെക്രട്ടറി. കരാർ ഒപ്പുവെച്ചശേഷമാണ് ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ചത്. 2016-ൽ റെഗുലേറ്ററി കമ്മിഷൻ ഏറ്റവുംകുറഞ്ഞനിരക്ക് നിർദ്ദേശിച്ച കരാറുകൾ മാത്രം അംഗീകരിച്ചു. മറ്റ് കരാറുകളിൽനിന്ന് അന്തിമാനുമതിക്ക് വിധേയമായി താത്കാലികമായി വൈദ്യുതി വാങ്ങാനും അനുമതി നൽകി. ഇതാണ് ഇപ്പോൾ റദ്ദാക്കുന്നത്. പിണറായി സർക്കാർ ഇനി എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
ഈ കരാർ നിലനിർത്താൻ വഴിവിട്ട ശ്രമങ്ങളുണ്ടായെന്ന് ഡോ. ബി. അശോക് ആരോപിച്ചതും കരാറിനെ ന്യായീകരിച്ച് പോൾ ആന്റണി രംഗത്തുവന്നതും വിവാദമായിരുന്നു. ചട്ടലംഘനങ്ങളിലൂടെ ജനത്തിന് 25 വർഷംകൊണ്ട് 5926 കോടിരൂപയുടെ അധികബാധ്യതയുണ്ടാക്കുമെന്നാണ് കണ്ടെത്തൽ. വർഷംതോറുമുള്ള അധികബാധ്യത 237 കോടി രൂപയാണ്. ഏറെ വിവാദമുണ്ടാക്കിയ കരാറുകളിൽ നീണ്ട നിയമപോരാട്ടങ്ങൾക്കുശേഷമാണ് ഇപ്പോൾ അന്തിമ ഉത്തരവായത്. കമ്മിഷന്റെ തീരുമാനം കെ.എസ്.ഇ.ബി.യിൽ ഗുരുതര പ്രതിസന്ധിയുണ്ടാക്കും. ഈ കരാറുകളുടെ നിയമസാധുത നേരത്തേ ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങാൻ താത്കാലിക അനുമതി കമ്മിഷൻ നൽകിയിരുന്നു. ആ അനുമതിയും ഈ ഉത്തരവോടെ റദ്ദാവും.
465 മെഗാവാട്ട് വൈദ്യുതിയാണ് ഇതോടെ നിലയ്ക്കുന്നത്. ഇതിന് പകരം വൈദ്യുതി കണ്ടെത്തണം. ചട്ടലംഘനങ്ങൾക്ക് ബോർഡ് നിയമപ്രശ്നങ്ങളും നേരിടേണ്ടിവരും. 2016 ഡിസംബർ മുതൽ ഇപ്പോഴും ഈ കരാർ പ്രകാരം വൈദ്യുതി വാങ്ങുന്നുണ്ട്. കമ്മിഷന്റെ കണ്ടെത്തൽ അനുസരിച്ചാണെങ്കിൽ അഞ്ചുവർഷംകൊണ്ട് ഇതിനകം ഏകദേശം 1100 കോടിരൂപ ബോർഡിന് അധികബാധ്യതയുണ്ടായിട്ടുണ്ട്. ഈ പണമാണ് സാധാരണക്കാരിൽ നിന്നും സർ ചാർജ്ജും മറ്റുമായി പിരിച്ചെടുക്കുന്നത്. ഈ ഇടപാടിലും ശിവശങ്കറാണ് പ്രധാന പ്രതി. അതുകൊണ്ട് തന്നെ ശിവശങ്കറിനെ രക്ഷിക്കാൻ സർക്കാർ നടപടികൾ തുടരും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശിവശങ്കറിന് ക്ലീൻ ഇമേജായിരുന്നു. സ്വർണ്ണ കടത്തിൽ തെളിവുകൾ പുറത്തു വരും വരെ അത് അങ്ങനെ തുടർന്നു. ക്ലീൻ ഇമേജിന്റെ മറവിലാണ് കെ എസ് ഇ ബിയെ നഷ്ടത്തിലാക്കുന്ന ഈ ഇടപാട് നടന്നത്.
കമ്മിഷന്റെ നടപടിക്കെതിരേ അപ്പലേറ്റ് ട്രിബ്യൂണലിലോ സുപ്രീംകോടതിയിലോ അപ്പീൽ നൽകാനുള്ള ആലോചനയിലാണ് ബോർഡ്. ഇതിന് സർക്കാരിന്റെ അനുമതിവേണം. സർക്കാരുകൾ മാറിവന്നപ്പോഴും കരാറുകളെ ബോർഡ് അനുകൂലിച്ചിരുന്നെങ്കിലും ഈ കരാറുകൾ ക്രമവിരുദ്ധമാണെന്നാണ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ എടുത്ത നിലപാട്. ആര്യാടൻ മുഹമ്മദിനെതിരേ വിജിലൻസ് അന്വേഷണത്തിനും നീക്കമുണ്ടായി. പക്ഷേ ഇതെല്ലാം ശിവശങ്കറുടെ സ്വാധീനത്തിൽ അട്ടിമറിക്കപ്പെട്ടു. ഈ സർക്കാരിന്റെ തുടക്കത്തിൽ ഡോ. ബി. അശോക് വൈദ്യുതി ബോർഡ് ചെയർമാനായിരിക്കുമ്പോൾ കരാറുകൾ റദ്ദാക്കാൻ ശ്രമം നടത്തിയിരുന്നു. കരാറിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അവ റദ്ദാക്കാൻ ശുപാർശചെയ്‌തെങ്കിലും അന്തിമതീരുമാനമുണ്ടായില്ല. കമ്മിഷന്റെ പുതിയ ഉത്തരവിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ പ്രശ്‌നത്തിൽ മൂന്നുമാസത്തിനകം കമ്മിഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി ഈ വർഷം ഫെബ്രുവരിയിൽ ഉത്തരവിട്ടിരുന്നു. തെളിവെടുപ്പിൽ ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രയിൽ ഇലക്ട്രിസിറ്റി കൺസ്യൂമർ അസോസിയേഷനും ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റസ് ഫോറം ചെയർമാൻ ഡിജോ കാപ്പനും ഈ കരാറുകൾ പ്രകാരമുള്ള അധികച്ചെലവ് ഉപഭോക്താവിന് ബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങുന്നത് ലാഭകരമാണെന്നാണ് ബോർഡ് വാദിച്ചത്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് 25 വർഷത്തെ ദീർഘകാല കരാറിൽ ബോർഡ് ഏർപ്പെട്ടത്. എന്നാൽ, ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുകയായ 3.60 രൂപ നിർദ്ദേശിച്ച കമ്പനിക്കുപുറമേ, കൂടിയ വിലയായ 4.15 രൂപ നിർദ്ദേശിച്ച കമ്പനിക്കും കരാർ നൽകി. കേന്ദ്രചട്ടങ്ങൾ മറികടന്നാണ് കരാറുകൾ ഉണ്ടാക്കിയത്. ചട്ടങ്ങളിലെ വ്യതിചലനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേയോ, റെഗുലേറ്ററി കമ്മിഷന്റെയോ മുൻകൂർ അനുമതി ഇല്ലാത്തതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് കമ്മീഷന്റെ വിധി.
ആദ്യടെൻഡറിൽ ജിൻഡാൽ പവർ ലിമിറ്റഡ് 3.60 രൂപ നിർദ്ദേശിച്ചു. രണ്ടാമതുവന്ന ജാബുവ പവർ ലിമിറ്റഡ് 4.15 രൂപയും. ജിൻഡാൽ 200 മെഗാവാട്ട് മാത്രമാണ് വാഗ്ദാനം ചെയ്തത്. ഈ വിലനിലവാരത്തിലേക്ക് എത്താൻ ജാബുവ തയ്യാറായില്ല. അതിനാൽ അവരിൽനിന്ന് 4.15 രൂപയ്ക്ക് 115 മെഗാവാട്ട് വാങ്ങി. രണ്ടാമത്തെ ടെൻഡർ 400 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു. 4.29 രൂപയായിരുന്നു ഏറ്റവുംകുറഞ്ഞ താരിഫ്. ഇതേനിരക്കിൽ മറ്റ് കമ്പനികളിൽനിന്നെല്ലാമായി ടെൻഡറിൽ പറഞ്ഞതിനേക്കാൾ കൂടുതലായി 550 മെഗാവാട്ട് വാങ്ങി. ഇതിലും ജാബുവയും ജിൻഡാലും ഉൾപ്പെടും. നിരക്ക് കുറച്ചതിനുപകരം ഇവർക്ക് ഫിക്‌സഡ് ചാർജ് ഉയർത്തിനൽകി.
രണ്ടായി കരാർവിളിച്ചതിലൂടെ മാസങ്ങളുടെ ഇടവേളയിൽ ഒരേ കമ്പനികൾക്ക് വ്യത്യസ്തനിരക്കിലും സ്ഥിരംചാർജിലും കരാർ നേടാനായെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഫിക്‌സഡ് ചാർജ് ഉയർത്തിയതിലൂടെ വർഷം 23.83 കോടി എന്ന കണക്കിൽ 25 വർഷം 595.75 കോടിയാണ് അധികബാധ്യത. എന്നാൽ, മത്സരാധിഷ്ടിത നിരക്കായിരുന്നതുകൊണ്ടാണ് സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ബോർഡ് വാദിച്ചു. ടെൻഡർ നടപടികളിലെ വ്യതിയാനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി വേണമെന്നാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരും റെഗുലേറ്ററി കമ്മിഷനും ചേർന്ന് തീരുമാനിക്കണമെന്ന് കേന്ദ്രം നിലപാട് എടുത്തു. എന്നാൽ വ്യവസ്ഥകളുടെ വ്യതിചലനം അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാരോ ബോർഡോ ആഘട്ടത്തിൽ കമ്മിഷനെ സമീപിച്ചില്ല.
വിവാദ കരാറുകളിൽനിന്നുള്ള വൈദ്യുതി, ഇന്ധന സർചാർജിന് പരിഗണിക്കാനാവില്ലെന്ന് 2020-ൽ കമ്മിഷൻ ഉത്തരവിട്ടു. ഇതോടെ കമ്പനികൾക്ക് പണം നൽകുന്നത് ബോർഡ് നിർത്തി. അവർ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. കമ്മിഷൻ എത്രയുംവേഗം തീരുമാനമെടുക്കാൻ ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇതിനെതിരേ റെഗുലേറ്ററി കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചു. അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേചെയ്തു. കരാറുകൾക്ക് അംഗീകാരം തേടിക്കൊണ്ടുള്ള ബോർഡിന്റെ അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ