തിരുവനന്തപുരം: വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന പ്രസരണ വിതരണ നവീകരണ പദ്ധതിയിൽ നിന്നു കേരളം പിന്മാറുന്നതോടെ കടമെടുപ്പ് പരിധിയിൽ കേന്ദ്രം കടുത്ത നിലപാട് എടുത്തേക്കും. പദ്ധതിയിൽ നിന്നും പിന്മാറുന്നതോടെ 4000 കോടി രൂപ കേന്ദ്ര സഹായം കെഎസ്ഇബിക്കു നഷ്ടമാകും. സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206 കോടി രൂപയ്ക്കുപുറമേ വൈദ്യുതിവിതരണനഷ്ടം കുറയ്ക്കുന്നതിനുള്ള 2269 കോടിയുടെ പദ്ധതിയുമുൾപ്പെടെയാണിത്. തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാന്റും കിട്ടുമായിരുന്നു. സ്വകാര്യവത്കരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാരോപിച്ച് സ്മാർട്ട് മീറ്ററിനെ ഇടതുസംഘടനകൾ എതിർത്തിരുന്നു.

വൈദ്യുതിമേഖലയിലെ പരിഷ്‌കരണത്തിനായി കേരളത്തിന് 4263 കോടി രൂപയുടെ അധികവായ്പയ്ക്ക് ജൂണിൽ കേന്ദ്രാനുമതി ലഭിച്ചിരുന്നു. കഴിഞ്ഞവർഷത്തെ ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു ഇത്. നടപ്പുസാമ്പത്തികവർഷത്തിൽ അധികം കടമെടുക്കാനും കഴിയുമെന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, സ്മാർട്ട് മീറ്ററിൽനിന്നും വിതരണരംഗത്തെ നഷ്ടം കുറയ്ക്കൽ പദ്ധതികളിൽനിന്നും പിന്നാക്കംപോയാൽ കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കൂട്ടും.

ആർഡിഎസ്എസിന്റെ ഭാഗമായ സ്മാർട് മീറ്റർ പദ്ധതിക്കായി കേന്ദ്രം മുന്നോട്ടുവച്ച ടോട്ടക്‌സ് മാതൃക നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. പിന്മാറ്റം മൂലം ഉണ്ടാകാവുന്ന ബാധ്യതകളെക്കുറിച്ചു സർക്കാർ നിയമോപദേശം തേടും. സ്മാർട് മീറ്റർ പദ്ധതിക്ക് ആദ്യം വിളിച്ച ടെൻഡർ നടപ്പാക്കാനാകില്ലെന്ന് ഉറപ്പായിട്ടും സർക്കാർ തീരുമാനമെടുത്തില്ല. അടുത്ത ടെൻഡർ വിളിക്കേണ്ടെന്നും നിർദ്ദേശം നൽകി. ഇതോടെ കരാർപ്രകാരം ഡിസംബറിനകം 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാൻ കഴിയില്ലെന്നു വ്യക്തമായി.

പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതിവിതരണ നഷ്ടംകുറയ്ക്കൽ എന്നിവ സംയോജിപ്പിച്ചാണ് കേന്ദ്രസർക്കാരിന്റെ റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം (ആർ.ഡി.എസ്.എസ്.). രാജ്യത്താകെ ഇത് നടപ്പാക്കാൻ 3,03,758 കോടിയാണ് വകയിരുത്തിയത്. 2025-26 സാമ്പത്തികവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നതാണ് നിഷ്‌കർഷ. ആർഡിഎസ്എസ് പദ്ധതിക്കും സ്മാർട് മീറ്ററിനും സംസ്ഥാനം എതിരല്ലെങ്കിലും ടോട്ടക്‌സ് മാതൃക (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) അംഗീകരിക്കാനാകില്ലെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കരാർ കമ്പനി മുഴുവൻ തുകയും ചെലവഴിച്ചു മീറ്റർ സ്ഥാപിച്ചു പരിപാലിക്കുകയും ചെലവു തുക ഗഡുക്കളായി തിരിച്ചുപിടിക്കുകയും ചെയ്യുന്ന രീതിയാണിത്.

കെ.എസ്.ഇ.ബി. 2019-ലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കേശവദാസപുരത്ത് നടപ്പാക്കാനായി ടെൻഡർ വിളിച്ചു. എന്നാൽ, കമ്പനി രേഖപ്പെടുത്തിയ തുക കൂടുതലായതിനാൽ ഉപേക്ഷിച്ചു. പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഊർജമന്ത്രാലയത്തിന് സമർപ്പിച്ചത്. 2022 മാർച്ച് 24-ന് കേന്ദ്ര അംഗീകാരം ലഭിച്ചു. മുൻകൂർ ഗ്രാന്റായി 67 കോടിയും അനുവദിച്ചു.

ഇടതുസംഘടനകൾ പ്രധാനമായും എതിർക്കുന്നത് ഈ 'ടോട്ടക്‌സ്' മാതൃകയെയാണ്. മീറ്റർ സ്ഥാപിക്കുന്ന കമ്പനി അവർക്കുള്ള തുക എടുത്തതിനുശേഷം മാത്രമേ കെ.എസ്.ഇ.ബി.ക്ക് തുക നൽകുള്ളൂവെന്നും ഉപഭോക്താവിൽനിന്നും മീറ്റർ ഒന്നിന് 100-130 രൂപ നിരക്കിൽ മാസം വാടക ഈടാക്കുമെന്നും അവർ ആരോപിക്കുന്നു.