തിരുവനന്തപുരം: വേനലിനെ മറയാക്കി സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉയർത്താനുള്ള നീക്കങ്ങൾ ശക്തമാക്കി കെഎസ്ഇബി. അവധി ദിവസങ്ങൾ കഴിഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് ഇട്ടു മുന്നേറുന്ന അവസ്ഥയിലാണ്. തിങ്കളാഴ്ച ഇത് 10.035 കോടി യൂണിറ്റ് ആയി. വ്യാഴാഴ്ചത്തെ 10.03 കോടി യൂണിറ്റിന്റെ റെക്കോർഡ് ഉപയോഗത്തെക്കാൾ നേരിയ വർധനയാണ് തിങ്കളാഴ്ച ഉണ്ടായത്. ഈ സാഹചര്യത്തിൽ വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടി വരുമെന്ന വാദമുയർത്തിയാണ് നിരക്ക് ഉയർത്താൻ ശ്രമം നടക്കുന്നത്.

തിങ്കളാഴ്‌ച്ച വൈകുന്നേരം പീക് ലോഡ് സമയത്തെ ആവശ്യം തിങ്കളാഴ്ച 4,894 മെഗാവാട്ട് ആയിരുന്നു എന്നതു നേരിയ ആശ്വാസമാണ്. വ്യാഴാഴ്ച വൈകുന്നേരം പീക് ലോഡ് സമയത്തെ ആവശ്യം 4,903 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചിരുന്നു. വൈദ്യുതി ഉപയോഗം വർധിച്ചുവെങ്കിലും ഇനി വലിയ തോതിൽ കൂടില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിദിനം 10.2 കോടി യൂണിറ്റ് വരെ ഉപയോഗം ഉയർന്നാലും പ്രശ്‌നമില്ല. എന്നാൽ ഇതിനിടെ പുറത്തു നിന്നുള്ള വൈദ്യുതിയുടെ ലഭ്യതയിൽ തടസ്സം വന്നാൽ പ്രശ്‌നമാകും.

ദീർഘകാല കരാർ അനുസരിച്ചു ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതിയിൽ 150 മെഗാവാട്ട്, ജനറേറ്ററിന്റെ തകരാർ മൂലം തിങ്കളാഴ്ച തടസ്സപ്പെട്ടിരുന്നു. ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിൽ ചെറിയ തോതിൽ നിയന്ത്രണം ഏർപ്പെടുത്തി പ്രതിസന്ധി തരണം ചെയ്യുകയോ പവർ എക്‌സ്‌ചേഞ്ചിൽ നിന്നു വൈദ്യുതി വാങ്ങുകയോ ചെയ്യേണ്ടി വരും. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്നു വൈദ്യുതി വാങ്ങി.

ചൂടു കൂടുന്നതിനാൽ പകലും വൻതോതിൽ വൈദ്യുതി ഉപയോഗം വർധിക്കുകയാണ്. ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ നാലു വരെയുള്ള സമയത്തെ ആവശ്യം കഴിഞ്ഞ വർഷം വൈകുന്നേരത്തെ പീക് ലോഡ് സമയത്തെ ആവശ്യത്തെക്കാൾ കൂടുതലാണ്. കഴിഞ്ഞ ദിവസം പകൽ മൂന്നു മുതൽ നാലു വരെയുള്ള വൈദ്യുതി ആവശ്യം 4478 മെഗാവാട്ട് വരെ ഉയർന്നിരുന്നു. കഴിഞ്ഞ വർഷം വൈകുന്നേരത്തെ പീക് ലോഡ് സമയത്തെ പരമാവധി ആവശ്യം 4385 മെഗാവാട്ട് ആയിരുന്നു.

അതേസമയം വൈദ്യുതി നിരക്കു വർധന സംബന്ധിച്ചു റഗുലേറ്ററി കമ്മിഷൻ ജൂൺ അവസാനം ഉത്തരവിറക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇതോടെ വീണ്ടും നിരക്കുവർധനയാകും ഉപയോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത 4 വർഷത്തേക്കുള്ള നിരക്കു നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പു മെയ്‌ 8നു കോഴിക്കോട്ടും 9നു പാലക്കാട്ടും 10നു കൊച്ചിയിലും 15നു തിരുവനന്തപുരത്തും നടക്കും. നിലവിലുള്ള വൈദ്യുതി നിരക്കിനു ജൂൺ 30 വരെയാണു കാലാവധി. പുതിയ നിരക്കു ജൂലൈ ഒന്നിനു നിലവിൽ വരും.

കമ്മിഷൻ മുൻപാകെ സമർപ്പിച്ച അപേക്ഷയുടെ വിശദാംശങ്ങൾ വൈദ്യുതി ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 202324, 202425 വർഷങ്ങളിൽ 15 പൈസ വീതം വർധിപ്പിക്കണം. തുടർന്നുള്ള 202526 വർഷം 5 പൈസയുടെ വർധനയാണ് ചോദിച്ചിരിക്കുന്നത്. 202627ൽ എല്ലാ സ്ലാബിലും പെട്ട ഗാർഹിക ഉപയോക്താക്കളുടെ യൂണിറ്റ് നിരക്കിൽ വർധന ചോദിച്ചിട്ടില്ല.

51 മുതൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ആദ്യ വർഷം 15 പൈസ, തുടർന്നുള്ള വർഷങ്ങളിൽ 20, 5 പൈസ വീതമാണു വർധന ആവശ്യപ്പെട്ടിരിക്കുന്നത്.101 യൂണിറ്റ് മുതൽ 150 യൂണിറ്റ് വരെയുള്ളവർക്ക് ആദ്യ 2 വർഷങ്ങളിൽ 20 പൈസ വീതമാണ്. തുടർന്ന് 5 പൈസ.151 മുതൽ 200 യൂണിറ്റ് വരെ ആദ്യ വർഷം 10 പൈസയും രണ്ടാം വർഷം 20 പൈസയും മൂന്നാം വർഷം 5 പൈസയുമാണു വർധന ചോദിച്ചിരിക്കുന്നത്.

ആദ്യ അഞ്ചു സ്ലാബുകൾക്കു വ്യത്യസ്ത നിരക്കിന്റെ ആനുകൂല്യം ലഭിക്കുമ്പോൾ തുടർന്നുള്ളവർക്ക് ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും ഒരേ നിരക്കാണ്. 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു നിലവിലുള്ള 8 രൂപ നിരക്ക് മുഴുവൻ വൈദ്യുതിക്കും 6.50 എന്നു മാറും .തുടർന്നുള്ള വർഷങ്ങളിൽ 6.80, 6.85, 6.85 എന്നിങ്ങനെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്കിൽ 30, 30, 5 പൈസ വീതമാണ് ആദ്യ മൂന്നു വർഷം വർധിക്കുക. 350 യൂണിറ്റ് വരെ 60,20,5 പൈസ വീതവും 400 യൂണിറ്റ് വരെ 25,20,5 പൈസ വീതവും ആവശ്യപ്പെട്ടു.

500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ആദ്യ വർഷം വർധന ഇല്ല. രണ്ടാം വർഷം 20 പൈസയും മൂന്നാം വർഷം 5 പൈസയും ചോദിച്ചിട്ടുണ്ട്. 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവരുടെ നിരക്ക് ആദ്യ 3 വർഷം 20,20,5 പൈസ വീതം വർധിപ്പിക്കണം എന്നു ബോർഡ് പറയുന്നു. 40 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളുടെ ഫിക്‌സഡ് നിരക്കിലും വർധന ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ സിംഗിൾ ഫേസ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന 35 മുതൽ 225 രൂപ വരെയുള്ള നിരക്ക് ആദ്യ വർഷം 40 മുതൽ 255 വരെയും രണ്ടാം വർഷം 50 മുതൽ 265 വരെയും മൂന്നാം വർഷം 55 മുതൽ 280 വരെയും നാലാം വർഷം 60 മുതൽ 285 വരെയും ആക്കണമെന്നു ബോർഡ് ആവശ്യപ്പെടുന്നു. ത്രീ ഫേസ് ഫിക്‌സഡ് ചാർജ് 90 മുതൽ 225 രൂപ വരെ എന്നത് ആദ്യ വർഷം 135 മുതൽ 265 വരെയും രണ്ടാം വർഷം 145 മുതൽ 275 വരെയും മൂന്നാം വർഷം 150 മുതൽ 280 വരെയും നാലാം വർഷം 155 മുതൽ 285 വരെയും ആക്കണമെന്നാണ് ആവശ്യം. വ്യവസായ, വാണിജ്യ, കാർഷിക നിരക്കിലും വർധന ചോദിച്ചിട്ടുണ്ട്.

അതിനിടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ വീഴ്‌ച്ച വരുത്തിയ ബോർഡിന് കേന്ദ്രസഹായവും കുറയാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നിരക്ക് വർധനവിന് ബോർഡ് ഒരുങ്ങുന്നത്. കേരളത്തിൽ വൈദ്യുതി സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിനുള്ള ആദ്യ ഘട്ട ടെൻഡർ നടപടി പൂർത്തിയാക്കി ജൂൺ 15നു മുൻപു കരാർ നൽകിയില്ലെങ്കിൽ വൈദ്യുതി വിതരണരംഗം നവീകരിക്കുന്ന ആർഡിഎസ്എസ് പദ്ധതിക്കുള്ള കേന്ദ്ര ധനസഹായമായ 2,200 കോടി രൂപ നഷ്ടപ്പെടുമെന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുണിയനുകൾ അടക്കം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെ എതിർക്കുന്ന നിലപാടിലാണ്.

സംസ്ഥാനത്തു 8,250 കോടി രൂപയുടെ ആർഡിഎസ്എസ് പദ്ധതി നടപ്പാക്കുന്നതിനാണു കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്ര ധനസഹായം തിരിച്ചടയ്‌ക്കേണ്ടതില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര ഊർജ മന്ത്രി ആർ.കെ.സിങ് നേരിട്ടു വൈദ്യുതി ബോർഡ് പ്രതിനിധികൾക്കു മുന്നറിയിപ്പു നൽകുകയായിരുന്നു. ജൂൺ 15നു കരാർ നൽകുന്നില്ലെങ്കിൽ സംസ്ഥാനം ആർഡിഎസ്എസിൽ നിന്നു പിന്മാറുകയും സബ്‌സിഡി വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നതായിരിക്കും നല്ലത് എന്ന് അദ്ദേഹം അറിയിച്ചു. ആദ്യ ഘട്ടമായി കേന്ദ്രം നേരത്തെ 67 കോടി രൂപ നൽകിയെങ്കിലും അതിൽ 28 ലക്ഷം മാത്രമേ കേരളം ചെലവഴിച്ചുള്ളൂ. ശേഷിച്ച തുക തിരികെ അടയ്‌ക്കേണ്ടി വന്നു.

ആദ്യഘട്ടമായി 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാനുള്ള വൈദ്യുതി ബോർഡിന്റെ ശ്രമം വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പിനെ തുടർന്നു കുടുങ്ങിക്കിടക്കുകയാണ്. ആദ്യ ഘട്ടത്തിന്റെ ടെൻഡർ എന്നു നൽകുമെന്നു കേന്ദ്ര മന്ത്രി ചോദിച്ചപ്പോൾ ജൂൺ അവസാനം എന്നു ബോർഡ് അധികൃതർ മറുപടി നൽകി. അതു പറ്റില്ലെന്നും ജൂൺ 15ന് അപ്പുറം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.